-dalit-killed-

ലഖ്നൗ: ഇതരജാതിയിൽപ്പെട്ട യുവതിയെ പ്രണയിച്ചതിന് ഉത്തർപ്രദേശിൽ ദളിത് യുവാവിനെ ജീവനോടെ ചുട്ടുകൊന്നു. അഭിഷേക് (മോനു -20) ആണ് കൊല്ലപ്പെട്ടത്. മകന്റെ മരണവാർത്ത അറിഞ്ഞയുടൻ തന്നെ അഭിഷേകിന്റെ അമ്മയായ രാം ബേട്ടിയും (60) ഹൃദയസ്തംഭനം മൂലം മരിച്ചു. ശനിയാഴ്ച്ച ഹർദോയി ജില്ലയിലെ ഭദേസ മേഖലയിലാണ് സംഭവം നടന്നത്. അന്നേദിവസം അഭിഷേക് കാമുകിയെ കാണാനായി സംഭവം നടന്ന പ്രദേശത്ത് എത്തിയിരുന്നു. പിന്നീട് രോഗബാധിതയായ തന്റെ അമ്മയുടെ ചികിത്സയ്ക്കായി 25,000 രൂപയുമായി തിരിച്ച് വരുമ്പോഴാണ് ഒരു സംഘം ആളുകൾ അഭിഷേകിനെ ആക്രമിച്ചത്. വഴിയിൽ വച്ച് അഭിഷേകിനെ തടഞ്ഞ് നിറുത്തുകയും ബലമായി സമീപത്തുള്ള ഒരു വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. അഭിഷേകിന്റ കൈയിലുള്ള പണം തട്ടിയെടുത്ത ശേഷം മർദ്ദിച്ച് അവശനാക്കി ജീവനോടെ കത്തിക്കുകയായിരുന്നു. കരച്ചിൽ കേട്ട പ്രദേശവാസികൾ യുവാവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതുവരെ അഞ്ചുപേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇതിൽ അഭിഷേകിന്റെ കാമുകിയുടെ ബന്ധുക്കളും അയൽക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച്ച പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ നവദമ്പതികൾ കൊല്ലപ്പെട്ടിരുന്നു. അമൻദീപ് സിംഗ് (24), അമൻപ്രീത് കൗർ (23) എന്നിവരാണ് കൊലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് അമൻപ്രീതിന്റെ പത്തോളം ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.