കൊച്ചി: സൗദി അരാംകോ എണ്ണക്കമ്പനിയിലെ തീപിടിത്തത്തെ തുടർന്ന് ഉത്പാദനം പകുതിയായതോടെ
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ കൂടി. 28 വർഷത്തിനിടെ ഒറ്ര ദിവസമുണ്ടായ ഏറ്രവും വലിയ വിലക്കുതിപ്പായിരുന്നു ഇന്നലത്തേത്. വ്യാപാരത്തുടക്കത്തിൽ ബ്രെന്റ് ക്രൂഡ് വില 20 ശതമാനവും യു.എസ്. ക്രൂഡ് വില 15.5 ശതമാനവും വർദ്ധിച്ചു.ആഗോള എണ്ണ വിലക്കയറ്റം ഇന്ത്യയിൽ ഇന്ധന വിലയിൽ ലിറ്ററിന് അഞ്ചു രൂപയെങ്കിലും കൂടാൻ ഇടയാക്കുമെന്ന് ആശങ്കയുണ്ട്.
ബാരലിന് 71.95 ഡോളറിലേക്കാണ് ഇന്നലെ ബ്രെന്റ് വില കത്തിക്കയറിയത്. യു.എസ്. ക്രൂഡ് വില 63.34 ഡോളറിലുമെത്തി. അതേസമയം, വൈകിട്ടോടെ ബ്രെന്റ് വില കുറഞ്ഞ് 65.57 ഡോളറിലും, യു.എസ്. ക്രൂഡിന് 59.52 ഡോളറിലുമെത്തി.
ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദന ശാലയായ അരാംകോയിൽ തീപിടിത്തമുണ്ടായത്. ഇതേത്തുടർന്ന് അബ്‌ഖൈഖിലെയും ഖുറൈസിലെയും ഉത്‌പാദനം സൗദി നിറുത്തിവച്ചു. സൗദിയുടെ മൊത്തം എണ്ണ ഉത്‌പാദനത്തിന്റെ പകുതിയാണ് ഇതോടെ കുറഞ്ഞത്- പ്രതിദിനം 57 ലക്ഷം ബാരൽ.
അതേസമയം, ഇന്ത്യൻ എണ്ണ സംസ്‌കരണ ശാലകൾക്ക് വിതരണം ചെയ്യുന്ന എണ്ണയിൽ കുറവുണ്ടാകില്ലെന്ന് സൗദി വ്യക്തമാക്കിയുണ്ട്. ഇന്ത്യയ്ക്ക് എറ്റവുമധികം എണ്ണ നൽകുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് സൗദി. ഈ വർഷം ജനുവരി മുതൽ ജൂലായ വരെ 7.88 ലക്ഷം ബാരലാണ് പ്രതിദിനം സൗദി നൽകിയത്.
വില വർദ്ധന തുടരും
രാജ്യാന്തര ക്രൂഡ് വില രണ്ടു ദിവസത്തിനകം ബാരലിന് 80 ഡോളർ കടന്നേക്കും
ആഗോള എണ്ണ ഉദ്പാദനത്തിൽ 6 ശതമാനത്തോളം കുറവ്.
പ്രതിദിനം 20 ലക്ഷം ബാരൽ ഉത്‌പാദനമെങ്കിലും പുനരാരംഭിക്കാൻ വൈകാതെ സാധിച്ചേക്കുമെന്ന് സൗദി.
പൂർണതോതിൽ ഉത്‌പാദനം പുനരാരംഭിക്കാൻ മാസങ്ങൾ വേണ്ടിവരുമെന്ന് അരാംകോ.