dileep

ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്റെ ഹർജിയിൽ തനിക്കും പങ്ക് ചേരണമെന്ന ആവശ്യവുമായി ഇരയായ നടി സുപ്രീം കോടതിയിൽ. ആക്രമണത്തിന്റെ ദൃശ്യങ്ങൾ ദിലീപിന് കൈമാറരുതെന്നും ദിലീപ് കോടതിക്ക് നൽകിയ ഹർജിയിൽ തനിക്കും പങ്ക് ചേരണമെന്നാണ് നടിയുടെ പ്രധാന ആവശ്യങ്ങൾ. നടിയുടെ അപേക്ഷ നാളെ സുപ്രീം കോടതി പരിഗണിക്കും.

ദൃശ്യങ്ങൾ ദിലീപിന് കൈമാറുന്നത് തന്റെ സ്വകാര്യതയെയാണ് ബാധിക്കുന്നതെന്നും ഈ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടാൻ സാദ്ധ്യതയേറെയാണെന്നും നടി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നുണ്ട്. സ്വകാര്യത പൗരന്മാരുടെ മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയും നടി തന്റെ അപേക്ഷയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അപേക്ഷയ്‌ക്കൊപ്പം നിർണായക രേഖകളും തെളിവുകളും നടി കോടതിയിൽ സമർപ്പിച്ചു.

മുദ്രവച്ച കവറിലാണ് തെളിവുകളും രേഖകളും സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയിരിക്കുന്നത്. ഈ രേഖകൾ ചൊവാഴ്ചയോടെ ജസ്റ്റിസുമാരായ എ.എൻ ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി എന്നിവരുടെ കൈകളിലേക്ക് എത്തും. ഇതോടൊപ്പം കേസ് അന്വേഷിച്ചിരുന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ ബി.സന്ധ്യ ഉൾപ്പെടെയുള്ളവർ ന്യൂ ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഇവർ കേസ് സംബന്ധമായി മുതിർന്ന ആംഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. ഈ കേസുമായി ബന്ധപ്പെട്ട മുതിർന്ന അഭിഭാഷകരിൽ നിന്നും നടി നേരത്തെ തന്നെ നിയമോപദേശം തേടിയിരുന്നു.