ദുബായ്: ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് റാങ്കിംഗിൽ ആസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്മിത്ത് ബാറ്റിംഗിൽ ഒന്നാം സ്ഥാനം നിലനിറുത്തി. ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി തന്നെയാണ് രണ്ടാം സ്ഥാനത്ത്. സ്മിത്തിന് 937 റേറ്റിംഗ് പോയിന്റുകളും കൊഹ്ലിക്ക് 903 പോയിന്റുമാണ് ഉള്ളത്. സ്മിത്തിനൊപ്പം ആസ്ട്രേലിയക്ക് ആഷസ് നിലനിറുത്താൻ പ്രധാന പങ്കുവഹിച്ച പാറ്റ് കമ്മിൻസ് ബൗളർമാരിൽ ഒന്നാം സ്ഥാനം നിലനിറുത്തി. ദക്ഷിണാഫ്രിക്കയുടെ കി ഗിസൊ റബാഡ രണ്ടാം സ്ഥാനത്തും ഇന്ത്യയുടെ ജസ്പ്രീത് ബുംര മൂന്നാം സ്ഥാനത്തുമുണ്ട്.
ബാൾ ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുകയായിരുന്ന സ്മിത്ത്
അഷസ് തുടങ്ങുമ്പോൾ റാങ്കിംഗിൽ നാലാം സ്ഥാനത്തായിരുന്നു. എന്നാൽ ആഷസിൽ 4 ടെസ്റ്റുകളിൽ നിന്നായി 774 റൺസ് നേടി വിസ്മയ പ്രകടനവുമായി സ്മിത്ത് തന്നെ പരിഹസിച്ചവരെയും വിമർശിച്ചവരെയും ഇളിഭ്യരാക്കി ഒന്നാം റാങ്കിലേക്ക് കുതിച്ചുയരുകയായിരുന്നു.
അതേ സമയം സ്മിത്തിനൊപ്പം ബാൾ ചുരണ്ടൽ വിവാദത്തിൽ വിലക്ക് നേരിടുകയായിരുന്ന ഡേവിഡ് വാർണർ ആഷസിലെ മോശം പ്രകടനം മൂലം റാങ്കിംഗിൽ താഴോട്ടു പോയി. 7 സ്ഥാനം താഴോട്ടിറങ്ങി ബാറ്റ്സ്മാൻമാരിൽ 24 മതാണ് വാർണർ ഇപ്പോൾ.