ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി പഴയത്ത് സുമേഷിനെ (ആര്യൻ നമ്പൂതിരി - 41) തിരഞ്ഞെടുത്തു. ഗുരുവായൂർ മഞ്ചിറ റോഡിൽ പഴയത്ത് മനയിലെ അംഗമായ ആര്യൻ നമ്പൂതിരി ക്ഷേത്രത്തിലെ ഓതിക്കൻ കുടുംബാംഗമാണ്. ഒക്‌ടോബർ ഒന്ന് മുതൽ ആറ് മാസത്തേക്കാണ് നിയമനം.
ഇന്നലെ ഉച്ചപൂജയ്‌ക്ക് ശേഷം ശ്രീകോവിലിന് മുന്നിലെ നമസ്‌കാര മണ്ഡപത്തിലായിരുന്നു നറുക്കെടുപ്പ്. മേൽശാന്തിക്കായി അപേക്ഷിച്ചവരുടെ പേരുകളുള്ള വെള്ളിക്കുടത്തിൽ നിന്ന് നിലവിലെ മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരിയാണ് നറുക്കെടുത്തത്. അപേക്ഷ സമർപ്പിച്ച 59 പേരിൽ 57 പേരെയാണ് ഇന്നലെ നടന്ന കൂടിക്കാഴ്ചയ്‌ക്ക് ക്ഷണിച്ചത്. ക്ഷേത്രം തന്ത്രിമുഖ്യൻ നാരായണൻ നമ്പൂതിരിപ്പാടുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്ത 50 പേരും നറുക്കെടുപ്പിന് യോഗ്യത നേടി.
പഴയത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജ്ജനത്തിന്റെയും മകനായ സുമേഷ് നമ്പൂതിരി മൂന്നാം തവണയാണ് ഗുരുവായൂർ മേൽശാന്തിയാകുന്നത്. മുമ്പ് 2012 ഏപ്രിൽ 1 മുതൽ ആറുമാസവും, 2016 ഒക്ടോബർ 1 മുതൽ ആറു മാസവുമാണ് മേൽശാന്തിയായത്. പഴയത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി 1999ലും 2009ലും ഗുരുവായൂർ മേൽശാന്തിയായിരുന്നു. ചെറിയച്ഛൻ പഴയത്ത് കൃഷ്ണൻ നമ്പൂതിരിയും രണ്ട് തവണ ക്ഷേത്രം മേൽശാന്തിയായിരുന്നു. ചിറ്റഞ്ഞൂർ മംഗലത്ത് മനയിൽ സുധയാണ് ഭാര്യ. മക്കൾ : ഗൗതം കൃഷ്ണ, ഗൗരികൃഷ്ണ. 30ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം പഴയത്ത് സുമേഷ് മേൽശാന്തിയായി ചുമതലയേൽക്കും. ഇതിന് മുന്നോടിയായി 18 മുതൽ ക്ഷേത്രത്തിൽ ഭജനമിരിക്കും.