anada

സോക്രട്ടീസ് കെ വാലത്തിന്റെ 'ആനന്ദലഹരി' എന്ന നോവലിൽ മനുഷ്യജീവിതത്തിന്റെ സംഘർഷങ്ങളെയും സ്വാതന്ത്ര്യത്തെയും സാധ്യതകളെയും അടയാളപ്പെടുത്തുന്നുവെന്നതാണ്. കേരളത്തിൽ നടന്ന ചുംബന സമരത്തിന്റെ പശ്ചാത്തലത്തിലേക്ക് എത്തപ്പെടുന്ന സന്ദർഭത്തിലാണ് ആഖ്യാനം അവസാനിക്കുന്നത്. ചുംബന സമരത്തിന്റെ രാഷ്ട്രീയ യുക്തിക്കുള്ളിൽ നിന്നുകൊണ്ടു വേണം നമ്മൾ ഈ നോവലിനെ വായിക്കുവാൻ. കാരണം അത് നമ്മുടെ ആണത്ത സദാചാര ലൈംഗിക പരമ്പരാഗത കുടുബ സങ്കല്പത്തിനുള്ളിലെ ജനാധിപത്യവിരുദ്ധതകളെ തുറന്നു കാട്ടി എന്നതാണ് . ഇത്തരമൊരു രാഷ്ട്രീയ ബോധ്യമുള്ളപ്പോഴാണ് നോവൽ അകപ്പെടുന്ന പ്രതിസന്ധികളെ തിരിച്ചറിയുവാനും മറികടക്കുവാനുള്ള സാംസ്കാരിക അവബോധത്തിലേക്ക് നമുക്ക് എത്തിച്ചേരാൻ കഴിയൂ.

ഒരു മധ്യവർഗ നായർകുടുംബ ജീവിതത്തെ ആഖ്യാനം ചെയ്യുന്നതിലൂടെ വികസിക്കുന്ന നോവൽ സമൂഹം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളെ ആവിഷ്കരിച്ചിരിക്കുന്നു. നോവലിന്റെ പ്രധാന സ്ഥലം മധ്യവർഗ നായർ കുടുംബമാണ് അല്ലെങ്കിൽ മധ്യവർഗ ഭാവനകളാണ്. മലയാള മധ്യവർഗ കുടുംബങ്ങൾ, വ്യക്തികൾ പലനിലകളിൽ ജീവിതത്തെ അനുഭവിക്കുന്നവരാണ്. ആഖ്യാനവും അത്തരമൊരു പരിസരത്തിലാണ് വ്യവഹരിക്കുന്നത്.

ഒന്നുരണ്ട് കഥാപാത്രങ്ങളെ മുൻനിർത്തി മനസിലാക്കിയ ആഖ്യാന രാഷട്രിയത്തെ പറയാൻ ശ്രമിക്കാം. ജയലക്ഷ്മി ഗംഗ ഗോപൻ തുടങ്ങിയവരാണ് മുന്നേ സൂചിപ്പിച്ച മധ്യവർഗ കുടുംബത്തെ പ്രതിനിധാനംചെയ്യുന്ന കഥാപാത്രങ്ങൾ. മറ്റ് നിരവധി കഥാപാത്രങ്ങളുടെ പേരുകളും സാധ്യതകളും സൂചനകളൊക്കെ കടന്നുവരുന്നുണ്ടെങ്കിലും അവരൊക്കെ ആഖ്യാന ഘടനയുടെ ദൈനംദിന ജീവിതത്തിൽ ജീവിച്ചിരുന്നവരോ മരിച്ചവരോ മറ്റ് സ്ഥലങ്ങളിലുള്ളവരോ ആണ്. ജയലക്ഷ്മി അവരുടെ മകൾ ഗംഗയും അവരുടെ ഭർത്താവ് ഗോപനും ചേരുന്ന ഒരു നായർ കുടുംബ ഘടനയാണ് നോവലിലേത്. സ്വന്തം വീടുപേക്ഷിച്ച്, സ്വന്തം ജന്മസ്ഥലം ഉപേക്ഷിച്ച് ഭാര്യവീട്ടിലേക്ക് കുടിയേറ്റം ചെയ്യപ്പെട്ടവനാണ് ഗോപൻ. കേരളീയ നായർ കുടുംബങ്ങളുടെ സാംസ്‌കാരിക ചരിത്രത്തിൽ ഇത്തരം കുടിയേറ്റങ്ങൾ ഒരു സാധാരണ പ്രക്രിയ മാത്രമാണ്. അദ്ദേഹം കോളേജ് അദ്ധ്യാപകനാണ്. ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലി നിർവഹിക്കുന്ന ആളാണ്. ഗംഗ ബാങ്ക് ഉദ്യോഗസ്ഥയാണ്. ജയലക്ഷ്മി വീട്ടമ്മയാണ്. ഏറ്റവും ആധുനികമായ ഭൗതിക സാഹചര്യങ്ങളോടെ ജീവിക്കുന്നവർ . സ്വസ്ഥവും സുഖകരവും സമ്പന്നവും സന്തുഷ്ടവുമായ ഒരു ജീവിതം ജീവിച്ചു തീർക്കുന്നവർ എന്ന് നമുക്ക് ഒറ്റ നോട്ടത്തിൽ കുടുംബത്തെ സംബന്ധിച്ച് പറയുവാൻ സാധിക്കും. നോവലിന്റെ ഉള്ളടക്കത്തിലേക്ക് നമ്മൾ കൂടുതൽ പ്രവേശിക്കുമ്പോഴാണ് മനുഷ്യൻ അത്രമേൽ സങ്കീർണമായ അനുഭവിച്ചുകൊണ്ടിരിക്കുന്ന നിരവധിയായ പ്രശ്നങ്ങളെ നമുക്ക് ബോധ്യപ്പെടുന്നത്.

ഗംഗയുടെയും ഗോപന്റെയും ജീവിതത്തെ മാത്രം ആദ്യം പരിശോധിക്കാം. ഒരു വീടിനുള്ളിൽ ഭാര്യാഭർത്താക്കന്മാർ എന്ന മുഖംമൂടി ധരിച്ചുകൊണ്ട് ജീവിക്കുന്ന ആളുകളാണ് അവർ. എന്തുകൊണ്ട് അവർ അങ്ങനെയായി എന്നുള്ള അന്വേഷണം നമ്മൾ നടത്തണം. അപ്പോഴാണ് നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന സങ്കീർണ്ണമായ ലൈംഗികത പ്രശ്നത്തിലേക്ക് നമ്മൾ എത്തപ്പെടുന്നത്. ലൈംഗികത എന്നത് പുരുഷാധികാര സമൂഹത്തിനുള്ളിൽ ഏകപക്ഷീയമായി സംഭവിക്കുന്നതാണ്. എന്നുവച്ചാൽ തൊട്ടപ്പുറത്തുള്ള മനുഷ്യന്റെ താൽപര്യങ്ങളെ ആഗ്രഹങ്ങളെ അവർ നിലകൊള്ളുന്ന സാഹചര്യത്തെ അവരുടെ ആരോഗ്യപരമായ അവസ്ഥയെ ഒന്നും പരിഗണിക്കാതെ പുരുഷൻ അധികാരം ഉപയോഗിച്ചു സ്ത്രീയെ കീഴ്പ്പെടുത്തന്നതാണ് പലപ്പോഴും ലൈംഗികത, ലൈംഗികബന്ധം എന്നപേരിൽ നമ്മൾ വ്യവഹരിക്കുന്നത്. പക്ഷേ അതിനെ അങ്ങനെ സമീപിക്കേണ്ടതാണോ? കുടുംബത്തിനുള്ളിൽ ആണെങ്കിലും ഭാര്യ-ഭർതൃ ബന്ധത്തിനു ഉള്ളിലാണെങ്കിലും പുറത്താണെങ്കിലും ലൈംഗികതയെ ഏകപക്ഷീയമായ അധികാരത്തോടെ സമീപിക്കേണ്ട ഒന്നല്ല എന്നുള്ള ഒരു തുറന്ന സംവാദത്തിന് ഈ നോവൽ സാധ്യതയൊരുക്കുന്നുണ്ട്. ആഖ്യാനത്തിലെ ജീവിതത്തെ മുൻനിർത്തി പരിശോധിക്കുമ്പോൾ നമുക്ക് അങ്ങനെ ഒരു ആലോചന ഉണ്ടാകേണ്ടതല്ലേ?

ലൈംഗികതയുമായി ബന്ധപ്പെട്ട് ചില തെറ്റായ മുൻ ധാരണകളുടെ അടിസ്ഥാനത്തിലാണ് ഗോപൻ ഗംഗയെ സമീപിക്കുന്നത്. ഗംഗ യുടെ വിവാഹദിവസം ആർത്തവ കാലം കൂടിയാണ്. അത് മാനസികമായും ശാരീരികമായും ഗംഗയെ ബാധിച്ചിരിക്കുന്ന ഒരു പ്രശ്നമാണെന്ന് മനസിലാക്കാതെ ഗോപൻ തന്റെ അബദ്ധധാരണകളെ ലൈഗീകത എന്ന വ്യവഹാരമാക്കി ഗംഗയ്ക്കു മേൽ പ്രയോഗിക്കുന്നതിനുള്ള ശ്രമം നടത്തുന്നു . അതിൽ അയാൾ വിജയിക്കുന്നു. വിവാഹത്തിന് ആദ്യദിനം തന്നെ ഉണ്ടാകുന്ന ഈ സംഭവം ജീവിതത്തിലുടനീളമുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. പരസ്പരം മനസിലാക്കുന്നതിനുള്ള ശ്രമം, വ്യക്തിയുടെ സ്വാതന്ത്ര്യത്തെ, അവകാശത്തെ, അറിഞ്ഞുകൊണ്ടും അംഗീകരിച്ചുകൊണ്ടും ബഹുമാനിച്ചുകൊണ്ടും ഇടപെടുന്ന ഒരു സമീപനം സ്വീകരിക്കുവാൻ ഗോപന്റെ പുരുഷാധികാര യുക്തികൾക്ക് കഴിയുന്നില്ല.

ജീവിതത്തിലുടനീളം പ്രശ്നങ്ങൾ ആവർത്തിക്കുന്നു. മറിച്ചുള്ള ചിന്തകൾക്ക്, ജനാധിപത്യപരമായ വർത്തമാനം പറച്ചിലുകൾക്ക് സാധ്യതയില്ലാത്ത ദമ്പതികളായി പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി മാത്രം ജീവിക്കുന്നു. ഗംഗയും ഗോപനും ഈ നോവലിൽ ഉടനീളം സഞ്ചരിക്കുന്നുണ്ട്. അവസാനം കോപൻ എന്ന കഥാപാത്രം ഇല്ലാതാകുന്നതിനു കാരണം പോലും ഒരുപക്ഷേ അവർക്കിടയിൽ ശരിയായ നിലയിൽ സാധ്യമാകാതെ പോകുന്ന ആശയവിനിമയ പ്രക്രിയയുടെ അഭാവമാണ്. ഒരാൾക്ക് ഒരാളോട് അപരനോട് ജനാധിപത്യപരമായ ഭാഷാ യുക്തികൾക്കുള്ളിൽ നിന്നുകൊണ്ട് സംവാദം സാധ്യമാകാതെ പോകുന്ന സന്ദർഭത്തിലാണ് ഗോപന് ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി മറ്റൊരിടത്തിലേക്ക് കുടിയേറ്റം ചെയ്യേണ്ടി വരുന്നത്. വീടുവിട്ടിറങ്ങി വെള്ളച്ചാട്ടത്തിൽ ജീവിതത്തെ ഉപേക്ഷിക്കേണ്ടി വരുന്നത് ഭാഷയുടെ അനന്ത സാധ്യതകൾ അവർക്കിടയിൽ അപ്രത്യക്ഷമായതുകൊണ്ടാണ്. സ്നേഹത്തിന്റെ ഭാഷ അവർക്ക് എന്നേ നഷ്ടമായതുകൊണ്ടാണ് ഗോപനും ഗംഗയും നിഷേധത്തിന്റെ ഇടങ്ങളിൽ ജീവിച്ചത്. അവർ അവരുടെ താൽപര്യങ്ങളെ ഒരിക്കൽപോലും തിരിച്ചറിയുന്നതിന് ശ്രമിച്ചിട്ടുണ്ടായിരുന്നില്ല. കുടുംബ ഘടനക്കുള്ളിൽ പെരുമാറുന്നത് പോലും ആരൊക്കെയോ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു. വ്യക്തിപരമായി രണ്ടാൾക്കും ജീവിതം ഇല്ലാതിരിക്കുകയും മറ്റാർക്കോ വേണ്ടി അല്ലെങ്കിൽ പൊതുജനത്തിന് വേണ്ടി, പൊതു സമൂഹത്തിനെ ബോധ്യപ്പെടുത്താനായി ജീവിക്കുകയും ചെയ്യുന്ന സവിശേഷമായ നമ്മൾ ഓരോരുത്തരേയും ഈ നോവലിൽ നിന്ന് കണ്ടെത്താനാകും. പ്രണയങ്ങളില്ല, സ്നേഹമില്ല, കരുണയില്ല, സ്വാന്തനം ഇല്ല, ലൈംഗികത എന്നത് ആനന്ദം എന്നതിന്റെ നേർ വിപരീതവും. ഇത്തരം ഒരു ജീവിതത്തെയാണ് ഗോപനും ഗംഗയും അഭിസംബോധന ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവർ അകപ്പെട്ടുപോകുന്ന മാനസികവും ശാരീരികവുമായ സംഘർഷങ്ങൾ ഓരോ നിമിഷത്തിലും ഇരട്ടിക്കുകയാണ്. സ്വയം ആനന്ദിക്കുവാൻ ഉള്ള നിമിഷങ്ങളേ റദ്ദ് ചെയ്തുകൊണ്ട് അവർ ജീവിതത്തിൽ അസ്വസ്ഥരായി ജീവിച്ചു. ആനന്ദ രഹിതമായ ഒരു ലോകത്ത് ജീവിക്കേണ്ടിവരുന്ന മനുഷ്യൻ അനുഭവിക്കുന്ന സംഘർഷങ്ങളിൽ ആണ് ഓരോ ദിവസവും ഈ കഥാപാത്രങ്ങൾ അനുഭവിച്ചു തീർക്കുന്നത്.

ആനന്ദരഹിതമായ ജീവിതത്തെ റദ്ദുചെയ്യുന്ന ഗംഗയുടെയും ഗോപന്റെയും ജീവിതത്തിനു ബദലും സാധ്യതയുമാണ് ജയലക്ഷമിയുടെ ജീവിതം. അവർ ഗംഗയുടെ അമ്മയാണ്. വ്യവസ്ഥാപിതമായ ജീവിത സങ്കൽപ്പത്തെ കുടുംബഘടനയെ അവിടെ അധികാരഘടനയെ, മര്യാദകളെ പരിഗണിക്കാതെ സ്വതന്ത്രമായ ജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ജയലക്ഷ്മി. അവരെ സംബന്ധിച്ച് അവരുടെ സ്വാതന്ത്ര്യം ആണ് പ്രധാനം എന്ന തിരിച്ചറിവ് ഉള്ള ഒരു കഥാപാത്രം കൂടിയാണ്. ജയലക്ഷ്മി തന്നെത്തന്നെ തിരിച്ചറിയുന്നതിന് കഴിവുള്ള സ്ത്രീയാണ്. താൻ എന്താണ് എന്ന് ഉത്തമബോധ്യമുള്ള സ്ത്രീ. തൻറെ ശരീരഘടന ആസ്വദിക്കുന്നതിനും അതിനെ സ്വതന്ത്രമാക്കി സർഗാത്മകമായി നിലനിർത്തുന്നതിനും ആഗ്രഹമുള്ള, ആഗ്രഹത്തെ സാക്ഷാത്കരിക്കാൻ വേണ്ടി ശ്രമിക്കുന്ന വ്യക്തിയാണ് ജയലക്ഷ്മി. ശരീരത്തെക്കുറിച്ചുള്ള ആലോചനകളും തുറന്നുകാട്ടലുകളും ജയലക്ഷ്മിയെ സംബന്ധിച്ചെടുത്തോളം സാമൂഹ്യവിരുദ്ധമായ ഒന്നല്ല, മറിച്ച് തന്റെ സ്വാതന്ത്ര്യം എന്ന് കരുതുന്നു. ഗംഗ എന്ന തൻറെ മകൾ ജയയുടെ വിരുദ്ധ ഭാഗത്താണ് നിലനിൽക്കുന്നത്. നമ്മുടെ ലൈംഗികതയ്ക്ക് കൃത്യമായ മാർഗരേഖ സമൂഹം സൃഷ്ടിച്ചിട്ടുണ്ട്. മാർഗ്ഗരേഖ അനുസരിച്ച് പ്രവർത്തിക്കുന്ന വ്യക്തികളാണ് ലോകത്ത് സാന്മാർഗിക ജീവിതം നയിക്കുന്നത്. അല്ലെങ്കിൽ മാതൃക മനുഷ്യർ. എന്നു വച്ചാൽ പുരുഷനേക്കാൾ പ്രായംകുറഞ്ഞ സ്ത്രീയെ വിവാഹം ചെയ്തു ലൈംഗിക ജീവിതം അനുഭവിക്കണമെന്ന മുഖ്യധാരാ പുരുഷാധികാര കാഴ്ചപ്പാട് പ്രവർത്തിക്കുന്നതിനുള്ളിലാണ് നമ്മൾ ജീവിക്കുന്നത് . പ്രശ്നം എന്തെന്ന് വെച്ചാൽ നമ്മുടെ തിരഞ്ഞെടുപ്പിന്, നമ്മുടെ ഭാവനകൾക്ക്, നമ്മുടെ സ്വപ്നങ്ങൾക്ക്, നമ്മുടെ സ്വാതന്ത്ര്യത്തിന് സ്ഥാനമില്ല മറിച്ച് സമൂഹം ഈ വിഷയത്തിൽ മുന്നേ നിശ്ചയിച്ചുറപ്പിച്ച മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ നമ്മൾ പ്രവർത്തിച്ചുകൊള്ളണം. പുരുഷൻ അവൻറെ അധികാരത്തെ ഉറപ്പിച്ച് എടുക്കുന്നതിനുവേണ്ടി സാമൂഹിക മര്യാദ എന്നപേരിൽ വിഭാവനം ചെയ്തിരിക്കുന്ന ഒരാശയമാണ് ഈ ലൈംഗികതാ സങ്കല്പം. ഇത് ഒരു അലിഖിത നിയമമായി ആധുനിക പൗരസമൂഹം പാലിക്കുന്നു. ഇത് പിൻന്തുടരാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരൊക്കെ സാമൂഹികവിരുദ്ധർ ആകുന്നു. വഴിപിഴച്ചവൾ ആകുന്ന, ഫെമിനിസ്റ്റുകൾ ആകുന്ന ഒരു കാലം കൂടിയാണിത്. സ്വതന്ത്ര ലൈംഗീകതയെ സംബന്ധിച്ച കോടതി വിധിയുടെ ലത്തിലും കൂടി വേണം നമ്മൾ നോവൽ വായിക്കാൻ.

ഇവിടെ ജയലക്ഷ്മി വ്യവസ്ഥാപിതമായ ലൈംഗിക ഭാവനകളെ ലൈംഗികവികാരങ്ങളെ ലംഘിക്കുന്നു. അവർ തന്നെക്കാൾ പ്രായംകുറഞ്ഞ ഒരു വ്യക്തിയുമായി പ്രണയത്തിലാവുകയും ലൈംഗികതയിൽ ഏർപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയയെ പൊതുസമൂഹം അവിഹിതം കുറ്റകരം എന്ന നിലയിലായിരിക്കും പരിഗണിക്കുക. എന്നാൽ ഈ പ്രക്രിയയിൽ ഏർപ്പെടുന്നവരെ സംബന്ധിച്ച് അത് ഹിതകരമായ ആനന്ദകരമായ ഒന്നാണ്. ജയലക്ഷ്മി തന്റെ മകളുടെ ജീവിതം ഒരു പുരഷനൊപ്പം ഉറപ്പാക്കിയതിനു ശേഷം അതുവരെ അവർക്ക് ലഭിക്കാതിരുന്ന ഒരു സവിശേഷമായ ജീവിതത്തിലേക്ക് അനുഭവത്തിലേക്ക് ആസ്വാദനത്തിലേക്ക് അറിവിലേക്ക് അവർ എത്തുന്നു. അല്ലെങ്കിൽ ലൈംഗീകതയെ അത്രമേൽ ഇഷ്ടത്തോടെ അനുഭവിക്കുന്നു. ഇത് കുറ്റകരമെന്ന് നിയമവിരുദ്ധമെന്നു അടയാളപ്പെടുത്തുന്നതും അഭിസംബോധന ചെയ്യുന്നതും പൊതുസമൂഹമാണ്. വളരെ ചെറിയപ്രായത്തിൽത്തന്നെ വിധവയായ ജീവിക്കേണ്ടിവന്ന ഒരു സ്ത്രീയുടെ വിചാര ലോകങ്ങളിൽ അതൊരിക്കലും തെറ്റല്ല. സ്വതന്ത്ര ലൈംഗികത എന്നത് അല്ലെങ്കിൽ അവളുടെ കാമനകളെ അവരുടെ ലൈംഗിക ഭാവനകളെ ലൈംഗിക സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിക്കുക എന്നത് തെറ്റായ നിയമവിരുദ്ധമായ ഒരു കാര്യമാകുന്നില്ല . മറിച്ച് അത് അവളുടെ സ്വാതന്ത്ര്യമാണ്. അത് അനുഭവിക്കുന്നവളാണ് ജയലക്ഷ്മി അതും തന്നെക്കാൾ പ്രായം കുറഞ്ഞ ഒരു വ്യക്തിയുടെ ഒപ്പം. ഇത് വലിയ തെറ്റായോ സാമൂഹിക മര്യാദകൾക്ക് യോജിക്കാത്തതായോ ആയിട്ടാണ് ഗംഗ ഇതിനെ കാണുന്നത്. ഗോപൻ പുരുഷന്മാരുടെ ഒളിഞ്ഞുനോട്ടത്തിന്റെ സാധ്യതകളിലാണ് ജയലക്ഷമിയുടെ ലൈംഗികതയെ കാണുന്നത്. അതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ അതിലൂടെ തന്നെ തനിക്ക് അനുഭവിക്കാൻ കഴിയുന്ന ആനന്ദം, ആ നിലയിൽ ഒക്കെയാണ് ഗോപൻ ജയലക്ഷ്മി എന്ന സ്ത്രീയുടെ ലൈംഗികതയെ മനസിലാക്കുന്നത്. സ്ത്രീ ലൈംഗികതയുടെ തുറവി തിരഞ്ഞെടുപ്പുകളെ, സ്വതന്ത്രമായ പെരുമാറ്റങ്ങളെ, ഉൾക്കൊള്ളാനാകാത്ത പൊതുസമൂഹത്തിന്റെ മനോഘടന അത്രമേൽ ഉറച്ചുപോയ ഒരു വ്യക്തിയാണ് ഗംഗ അല്ലെങ്കിൽ ഗംഗ സമൂഹ മര്യാദകളെ ഭയന്നിട്ട് ജീവിക്കുന്ന വ്യക്തിയാണ്. തൻറെ സ്വതന്ത്ര ജീവിതത്തെ അനുഭവിക്കാൻ ആവാത്ത മറ്റെല്ലാവരും സമൂഹത്തിനുമുന്നിൽ മാന്യമായി കഴിയണമെന്ന ചിന്തയുള്ള / സദാചാരബോധം ഏറ്റവും കൂടുതലായി പ്രവർത്തിക്കുന്ന ഒരു വ്യക്തികൂടിയാണ് ഗംഗ. ഗംഗയേ സംബന്ധിച്ച് അമ്മയുടെ സ്വതന്ത്ര ലൈംഗികത, അവയുടെ തിരഞ്ഞെടുപ്പിനെയും ഉൾക്കൊള്ളാനാകുന്നില്ല. ആ നിലയിലേക്ക് അവളുടെ മാനസിക പരിവർത്തനം / സാംസ്കാരികമായ വളർച്ച എത്താത്ത ഒരാൾകൂടിയാണ് ഗംഗ. സ്വതന്ത്രമായ തിരഞ്ഞെടുപ്പുകൾ നടത്തുന്ന ജയലക്ഷ്മി വഴിപിഴച്ചവൾ. കുടുംബത്തിന് മാനക്കേടുണ്ടാക്കുന്ന സമൂഹത്തിലെ സദാചാര യുക്തികൾക്ക് ബദലായി പ്രവർത്തിക്കുന്നവളുമാണ്. ഈ മധ്യവർഗ്ഗ നായർ കുടുംബത്തിനുള്ളിൽ അമ്മയും മകളും തമ്മിലുള്ള സംഘർഷങ്ങൾക്ക് കാരണമായിതീരുന്നത്. സ്ത്രീയുടെ സ്വാതന്ത്ര്യത്തെ സംബന്ധിച്ചുള്ള തിരിച്ചറിവ് തന്നെയാണ്. ഒരു സ്ത്രീ തന്നെത്തന്നെയും തന്റെ സ്വാതന്ത്ര്യത്തെയും തിരിച്ചറിയുമ്പോൾ അനുഭവിക്കുമ്പോൾ ഉറപ്പിച്ച് എടുക്കുമ്പോൾ മറ്റൊരു സ്ത്രീ തന്നെ തന്നെ റദ്ദ് ചെയ്തുകൊണ്ട് സമൂഹം അടിച്ചേൽപ്പിക്കുന്ന സദാചാര യുക്തികളെ ഭയന്നിട്ട് അല്ലെങ്കിൽ സമൂഹത്തിലെ സദാചാര യുക്തികളുടെ വ്യക്ത വായി മാറുന്നു. ഇവിടെ ലൈംഗികതയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രശ്നം കൂടിയുണ്ട്. സമൂഹം സങ്കൽപ്പിക്കുന്ന ആഗ്രഹിക്കുന്ന സദാചാര യുക്തി എന്നത് കേവലം ഒരു പറഞ്ഞു പോകലിന് വേണ്ടി മാത്രം കേൾക്കാൻ സുഖമുള്ള കാര്യമായിരിക്കും. സമൂഹ ചരിത്രത്തെ മനസ്സിലാക്കുകയാണെങ്കിൽ ലൈംഗികതയുടെ വ്യത്യസ്തമായ ഭാവങ്ങളും അനുഭവങ്ങളും ആസ്വാദനങ്ങളും പ്രയോഗങ്ങളും എല്ലാക്കാലത്തും ഉണ്ടായിരുന്നു എന്നുതന്നെയാണ് നമ്മൾ മനസ്സിലാക്കേണ്ടത്. അല്ലാതെ ഭൂരിപക്ഷം പറയുന്ന ലൈംഗികസദാചാരം മാത്രമല്ല സമൂഹം ഇന്ന് വരെ ജീവിച്ചു തീർന്നത്. അല്ലെങ്കിൽ പരിവർത്തനം ചെയ്തു വന്നത്. അവിഹിതം എന്ന സദാചാര യുക്തികൊണ്ട് അളക്കുന്ന ലൈംഗീകത ചരിത്രത്തിൻറെ എല്ലാക്കാലത്തും തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയ കൂടിയാണ്. അവിഹിതം എന്നുവച്ചാൽ മനുഷ്യൻ അവൻറെ സ്വാതന്ത്ര്യത്തെ മുഖംമൂടിയണിഞ്ഞ് മറ്റൊന്നാക്കി തീർത്തുകൊണ്ട് ജീവിക്കുന്നതിനെയാണ്. അവൻറെ സ്വതന്ത്രമായ വ്യവഹാരങ്ങൾ ക്കുള്ളിൽ ഇത്തരം സാധ്യതകളെ വ്യക്തികൾ ഉപയോഗിക്കുകയും ഒപ്പം തന്നെ സദാചാര മര്യാദകൾക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമ്മുടേത്. അവിടെയാണ് നമ്മൾ പറയുന്നത് ഒരു തരത്തിലുള്ള മുഖംമൂടി അണിഞ്ഞാണ് മനുഷ്യൻ ഇടപെട്ടുകൊണ്ടിരിക്കുന്നതെന്ന്. സദാചാര മര്യാദകൾക്കു വേണ്ടി വാദിക്കുന്നവർ തന്നെ അതിന്റെ ലംഘകരായും പ്രവർത്തിക്കുന്നത് പലപ്പോഴും കാണുവാൻ സാധിക്കും. പൊതുബോധം നിർമ്മിച്ച ജനാധിപത്യവിരുദ്ധമായ സ്വാതന്ത്ര്യ വിരുദ്ധമായ ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നത് എല്ലാകാലത്തും സമൂഹത്തിന്റെ സവിശേഷതയാണ്. എന്നാൽ ഒരു ന്യൂനപക്ഷത്തിന്റെ ഇടപെടലുകളാണ് സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നത്.

ജയലക്ഷ്മി എന്ന കഥാപാത്രം പുരുഷൻ പറയുന്ന യുക്തിക്കുള്ളിൽ ജീവിക്കുന്ന വ്യക്തിയല്ല. നോവലിൻറെ അവസാന ഘട്ടത്തിലും അത്തരത്തിൽ സ്വാതന്ത്ര്യത്തോടെ സൊസൈറ്റിയിൽ ഇടപെട്ടു പോകുന്ന സൊസൈറ്റിയിലേക്ക് ഇറങ്ങി പോകുന്ന ഒരു വ്യക്തി എന്ന നിലയിലാണ് നമ്മളീ ജയലക്ഷ്മി എന്നുപറയുന്ന ക്യാരക്ടറിനെ ആഖ്യാനത്തിൽ നിന്നും കണ്ടെടുക്കുന്നത്. ആ തുറന്ന സഞ്ചാരത്തിൽ കപടമായ പുരുഷ പ്രത്യയശാസ്ത്രങ്ങൾ സമ്മർദത്തിലാകുന്നത് നമ്മൾക്ക് കാണാം.

ജെന്നിഫർ എന്നു പറയുന്ന മറ്റൊരു സ്ത്രീ കഥാപാത്രം കൂടി ഈ നോവലിന് സാധ്യതയായി മാറുന്നുണ്ട്. ഏറ്റവും പ്രോഗ്രസീവ് അതീവജാഗ്രതയോടെ സൂക്ഷ്മതയോടെ സമൂഹത്തിൽ ഇടപെടുന്ന പുതിയ തലമുറയുടെ, അരാഷ്ട്രീയവാദികൾ എന്ന് പൊതുസമൂഹം അഭിസംബോധനചെയ്യുന്ന മനുഷ്യരുടെ ഒരു പ്രതിനിധാനമാണ് ജെന്നിഫർ എന്ന് പറയുന്ന കഥാപാത്രം. സ്വാതന്ത്ര്യത്തോടെ പെരുമാറുന്ന സിദ്ധാന്തത്തെയും പ്രയോഗത്തെയും രണ്ടായി കാണാതെ പറയുന്നതിനായി ആത്മാർത്ഥമായി നിലനിൽക്കുന്ന ഒരു സ്ത്രീയെന്ന നിലയിൽ തന്നെയാണ് ജെന്നിഫറെ മനസ്സിലാക്കേണ്ടത്. ഉണ്ടായി വരേണ്ട സാംസ്കാരികമായി രൂപപ്പെടേണ്ട ഒരു സ്ത്രീ സമൂഹത്തെയാണ് ജന്നിഫർ നോവലിൽ പ്രതിനിധാനം ചെയ്യുന്നത്.


നിരവധിയായ സവിശേഷതകളുള്ള മനുഷ്യരെ നമുക്ക് ഈ നോവലിൽ നിന്ന് കണ്ടെടുക്കാം. ഗോപനോടൊപ്പം കോളേജിൽ ജോലി ചെയ്യുന്ന ടീച്ചർ, ആ കഥാപാത്രം വളരെ അനായാസമായി /ആനന്ദകരമായി ജീവിതത്തെ ആസ്വദിക്കുന്ന, അനുഭവിക്കുന്ന വ്യക്തിയാണ്. ഒന്നിലധികം ആളുകളോടു / പുരുഷന്മാരോടു ഒരേ സമയം ചാറ്റിൽ ഏർപ്പെടുകയും പ്രണയത്തിലാകുകയും ആഖ്യാനിക്കുക വഴി പുരുഷൻമാരൊക്കെ എത്ര മണ്ടൻമാരാണെന്ന ധാരണ ഉറപ്പിക്കുവാൻ സാധിക്കുന്നുണ്ട്. മറ്റൊന്ന് നവമാധ്യമങ്ങൾ സ്ത്രീകൾക്ക് സ്ത്രീകൾക്ക് പുതിയൊരു ലോകം പുതിയൊരു ജീവിതം സാധ്യമാക്കുന്നുണ്ട്. പുരുഷന്മാരുടെ ചിന്ത അവരുടെ ലോകം അവരുടെ കാപടതയൊക്കെ പുറത്തുകൊണ്ടുവരുന്നതിന് ടീച്ചറുടെ ചാറ്റിങ് പ്രക്രിയക്ക് സാധിക്കുന്നുണ്ട്. അതോടൊപ്പം നവ മാധ്യമ സംസ്ക്കാരത്തിന്റെ ഭാഗമായി രൂപപ്പെട്ട സത്യാനന്തര കാലത്തിന്റെ രാഷ്ട്രീയ യുക്തികൾക്കുള്ളിൽ നിന്നു കൊണ്ട് അവയെ പരിശോധിക്കേണ്ടതുമുണ്ട്.

നോവൽ ഒരേസമയം ആധുനികവും അതേസമയം ചരിത്രപരമായി മനുഷ്യൻ പിൻന്തുടരുന്ന ധാരണകളെ , ലൈംഗിക സങ്കല്പങ്ങളെ സ്ത്രീയുടെയും പുരുഷന്റെയും പക്ഷത്തുനിന്ന് പുന:പരിശോധിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തുന്നുണ്ട്. നമ്മുടെ പാരമ്പര്യമായ കുടുംബ സങ്കല്പങ്ങളെ, മൂല്യങ്ങളെ, കുടുംബബന്ധങ്ങളിൽ ഉണ്ടായി വരേണ്ട ജനാധിപത്യപ്രക്രിയയെ, സ്ത്രീയോടുള്ള സമീപന യുക്തികളെ, ഒക്കെ നമ്മൾ മാറ്റി ചിന്തിക്കേണ്ടതുണ്ടെന്നു ബോധ്യപ്പെടുത്തുവാൻ നോവലിന് സാധിക്കുന്നുണ്ട്. അത്തരമൊരു ആശയ ക്രമീകരണ സാധ്യതയെ ഈ നോവലും മുന്നോട്ടുവെക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

മുഖംമൂടി അഴിച്ചു കളഞ്ഞ മനുഷ്യരുടെ ഒരു സമൂഹം രൂപപ്പെടേണ്ടതുണ്ട്. അത്തരമൊരു ജനാധിപത്യ സാമൂഹിക പ്രക്രിയയെ സാധ്യമാക്കുന്നതിനുള്ള ആലോചനകളുടെ ആവശ്യകത നമ്മളെ ബോധ്യപ്പെടുത്തുന്നതിന് ഈ നോവലിനു കഴിയുന്നു എന്നാണ് തോന്നുന്നത്.

ലേഖകന്റെ ഫോൺ നമ്പർ: 94479 64849