
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്ക് പിന്നിൽ സുപ്രീം കോടതിയാണെന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അഭിപ്രായപ്പെട്ടു. സുപ്രിം കോടതിയുടെ ചില വിധിപ്രസ്താവനയാണ് സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമെന്ന് സാൽവെ പറഞ്ഞു.‘ദ ലീഫ്‌ലെറ്റ്’ എന്ന നിയമ വെബ്‌സൈറ്റിൽ അഭിഭാഷകയായ ഇന്ദിരാ ജെയ്‌സിങ്ങിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹംഇക്കാര്യം വ്യക്തമാക്കിയത്.
അന്ന് ഒറ്റയടിക്ക് 122 സ്‌പെക്ട്രം ലൈസൻസുകൾ റദ്ദാക്കിയത് ടെലികോം വ്യവസായത്തെ തകർത്തു. 2ജി ലൈസൻസുകൾ തെറ്റായ രീതിയിൽ വിതരണം ചെയ്തതിനു കാരണം അത് അനധികൃതമായി കൈയ്യിൽ വെച്ച ആളുകളാണെന്ന് മനസ്സിലാകും. പക്ഷേ വിദേശികൾ നിക്ഷേപം നടത്തുന്ന ലൈസൻസുകളാണ് അപ്പാടെ റദ്ദാക്കിയത്. തങ്ങളുടെ ഇന്ത്യൻ പങ്കാളിക്ക് എങ്ങിനെയാണ് ലെെസൻസ് കിട്ടിയതെന്ന് വിദേശിക്ക് മനസിലാകില്ല. കോടിക്കണക്കിന് വിദേശ ഡോളർ വിദേശികൾ നിക്ഷേപം നടത്തിയ മേഖലയിൽ ലെെസൻസ് പെട്ടെന്ന് റദ്ദാക്കിയാണ് ഇന്നുള്ള സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയ്ക്ക് കാരണമായെന്ന് അദ്ദേഹം പറഞ്ഞു.
2010 ലാണ് 2ജി അഴിമതി പുറത്ത് വന്നത്. സർക്കാരിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കൺട്രോളർ ആന്‍ഡ് ഓഡിറ്റര്‍ ജനറൽ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. തുടർന്ന് 2012ൽ ഫെബ്രുവരിയിൽ 122 ലൈസൻസുകളാണ് റദ്ദാക്കിയത്. വാണിജ്യപരമായ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സുപ്രീംകോടതിക്കു സ്ഥിരതയില്ല. ഇത് നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടാക്കി. സമാനമായാണ് കൽക്കരി ഖനികളും സുപ്രിം കോടതി റദ്ദാക്കിയത്. അതോടെ കൽക്കരി വ്യവസായത്തിലെ വിദേശ നിക്ഷേപം ഇല്ലാതായി- സാൽവെ കൂട്ടിച്ചേർത്തു.