ബംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ അമിത്ഷായുടെ ഹിന്ദിഭാഷാ വിവാദത്തിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രിയും ദക്ഷിണേന്ത്യയിലെ മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ. രാജ്യത്തെ എല്ലാ ഔദ്യോഗികഭാഷകൾക്കും ഒരേ പ്രാധാന്യമാണുള്ളത്. എന്നാൽ, കർണാടകയെ സംബന്ധിച്ച് കന്നഡ ഭാഷയാണ് പ്രധാനം. കന്നഡ ഭാഷയുടെ പ്രാധാന്യം ഇല്ലാതാക്കാനുള്ള ഒരു നടപടിയും കർണാടകയിൽനിന്ന് ഉണ്ടാകില്ല. കന്നഡ ഭാഷയും കർണാടക സംസ്കാരവും പ്രചരിപ്പിക്കുന്നതിന് തങ്ങളെല്ലാം പ്രതിജ്ഞാബദ്ധരാണെന്നും യെദിയൂരപ്പ ട്വിറ്ററിൽ കുറിച്ചു.
ഹിന്ദി ഭാഷയിലൂടെ രാജ്യത്തെ ജനങ്ങൾ ഒന്നിക്കണമെന്ന അമിത് ഷായുടെ വാദത്തിനെതിരെ ദേശവ്യാപകമായും പ്രത്യേകിച്ച് തെക്കേയിന്ത്യയിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ.സ്റ്റാലിൻ, കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി തുടങ്ങിയവരെല്ലാം അമിത് ഷായ്ക്കെതിരെ രംഗത്തു വന്നു.