karthik

മുംബയ്: കരീബിയൻ പ്രിമിയർ ലീഗ് ടീമായ ട്രിൻബാഗൊ നൈറ്റ് റൈഡേഴ്സിന്റെ ഡ്രസിംഗ് റൂമിലിരുന്ന് കളികണ്ട സംഭവത്തിൽ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്ക് ബി.സി.സി.ഐ യോട് നിരുപാധികം മാപ്പ് പറഞ്ഞ് വിലക്ക് ലഭിക്കാതെ തടിയൂരി. കരിബിയൻ പ്രിമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിനിടെ ദിനേഷ് കാർത്തിക്ക് ട്രിൻബാഗൊ നൈറ്റ് റൈഡേഴ്സിന്റെ ഡ്രസിംഗ് റൂമിലിരുന്ന് കളി കാണുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇന്ത്യൻ താരങ്ങൾ മറ്റ് രാജ്യങ്ങളിലെ പ്രിമിയർ ലീഗുമായി ഒരു തരത്തിലും ബന്ധപ്പെടരുതെന്ന് ബി.സി.സി.ഐ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.ഈ വിലക്ക് നിലനിൽക്കുന്നതിനിടെയാണ് കാർത്തിക്ക് ബി.സി.സി.സി.ഐയോട് അനുവാദം ചോദിക്കാതെ ഷാരൂഖാന്റെ ഉടമസ്ഥതയിലുള്ള കരീബിയൻ ക്രിക്കറ്ര് ലീഗ് ടീമായ ട്രിൻബാഗൊ നൈറ്ര് റൈഡേഴ്സുമായി സഹകരിച്ചത്.

കാർത്തിക്കിന്റെ ചിത്രം പുറത്ത് വന്നയുടൻ തന്നെ ബി.സി.സി.ഐ താരത്തോട് അടിയന്തരമായി വിശദീകരണം തേടിയിരുന്നു. മറുപടി തൃപ്തികരമല്ലെങ്കിൽ കാർത്തിക്കിന് വിലക്ക് ലഭിക്കുമായിരുന്നു.

തെറ്റ് മനസിലായ കാർത്തിക്ക് ബി.സി.സി.ഐയുടെ അനുവാദമില്ലാതെ കരിബിയൻ പ്രിമിയർ ലീഗിൽ സംബന്ധിക്കാൻ പോയത് വലിയ തെറ്രാണെന്ന് ഏറ്രുപറഞ്ഞിരുന്നു. തുടർന്നാണ് നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ട് കാർത്തിക്ക് ബി.സി.സി.ഐയ്ക്ക് വിശദീകരണം നൽകിയത്.

കാർത്തിക്കിന്റെ വിശദീകരണം തൃപ്തികരണമാണെന്നും ഈ സംഭവത്തിൽ ഇനിയൊരു നടപടിയുണ്ടാകില്ലെന്നും ഒരു ബി.സി.സി.ഐ ഭാരവാഹി വ്യക്തമാക്കി. കാർത്തിക്ക് ക്യാപ്ടനായ ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്ര് റൈഡേഴ്സിന്റെ ഉടമകൾ തന്നെയാണ് ട്രിൻബാഗൊ നൈറ്റ് റൈഡേഴ്സിന്റെയും മുതലാളിമാർ. ഈ ബന്ധമാണ് കാർത്തിക്കിനെ പുലിവാല് പിടിപ്പിച്ചതെന്നാണ് റിപ്പോർട്ട്.