trump-

വാഷിംഗ്ടൺ: സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് എണ്ണ ഉത്പാദന കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാന് ഭീഷണിയുമായി അമേരിക്ക രംഗത്ത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതി വിമതർ ഏറ്റെടുത്തെങ്കിലും തങ്ങൾ അത് വിശ്വസിക്കുന്നില്ലെന്നും പിന്നിൽ ഇറാനാണെന്നുമാണ് അമേരിക്കയുടെ ആരോപണം. ആക്രമണം യെമനിൽ നിന്നാണെന്നതിന്റെ തെളിവുകളില്ലെന്നും എല്ലാ വിരലുകളും ചൂണ്ടുന്നത് ഇറാനിലേക്കാണെന്നും അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.

അതേസമയം, ഇറാന്റെ പേരെടുത്തു പറയാതെയായിരുന്നു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. ''ഇതിനു പിന്നിലെ ഉത്തരവാദികളെ ഞങ്ങൾക്കറിയാം എന്ന് പറയാൻ കാരണങ്ങളുണ്ട്. ഞങ്ങൾ തിര നിറച്ച് തയ്യാറായി നിൽക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദികൾ ആരാണെന്നാണ് സൗദി വിശ്വസിക്കുന്നതെന്ന് അറിയാൻവേണ്ടി കാത്തിരിക്കുകയാണ്"- ട്രംപ് ട്വിറ്ററിൽ കുറിച്ചു. വിഷയത്തിൽ അമേരിക്കൻ സൈന്യത്തിന്റെ ഇടപെടലുണ്ടാവുമെന്ന വ്യക്തമായ സൂചനയാണ് ട്രംപിന്റെ വാക്കുകളെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു. ഇതാദ്യമായാണ് അമേരിക്കൻ സേന പ്രതികരിക്കുമെന്ന സൂചന ട്രംപ് നൽകുന്നത്.

ആക്രമണത്തിന്റെ ഉപഗ്രഹചിത്രങ്ങളും അമേരിക്ക പുറത്തുവിട്ടു. ചിത്രങ്ങൾ പരിശോധിച്ചതിൽനിന്ന് ആക്രമണം ഉണ്ടായിരിക്കുന്നത് ഇറാന്റെയോ ഇറാക്കിന്റെയോ ഭാഗത്തുനിന്നാണെന്നും യെമന്റെ ഭാഗത്തുനിന്നാണെന്ന് കരുതുന്നില്ലെന്നും അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അരാംകോയ്ക്കു നേരെയുള്ള ആക്രമണത്തിന്റെ ഉത്തരവാദികൾ ആരാണെന്നു സൗദി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഭീകരാക്രമണത്തിനെതിരെ തിരിച്ചടിക്കാൻ സൗദിക്ക് പ്രാപ്തിയുണ്ടെന്നും തങ്ങൾ അതിനു തയ്യാറാണെന്നും ട്രംപിനോട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞദിവസം പറഞ്ഞതായാണ് റിപ്പോർട്ട്. അതേസമയം, അമേരിക്കയുടെ ആരോപണങ്ങളെല്ലാം ഇറാൻ നിഷേധിച്ചു. അർത്ഥമില്ലാത്ത ആരോപണങ്ങളാണ് യു.എസ് ഇറാനെതിരെ ഉന്നയിക്കുന്നതെന്നും ഇറാനെതിരായ ആക്രമണങ്ങളെ ന്യായീകരിക്കുന്നതിനു വേണ്ടിയാണ് ഇത്തരം ആരോപണങ്ങളെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

 ''ഞങ്ങളെ ആക്രമിക്കാൻ പഴുത്‌ തേടുകയാണ്‌ അമേരിക്ക. ഇറാനെ സമർദ്ദത്തിലാക്കാനാണ് യു.എസ് ശ്രമം. എല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോൾ അവർ നുണ ആയുധമാക്കുന്നു. "-

അബ്ബാസ്‌ മൂസവി, ഇറാൻ വിദേശമന്ത്രാലയ വക്താവ്‌