modi-trump-

ന്യൂഡൽഹി: അമേരിക്കയിലെ ടെക്സാസിൽ 22 നു നടക്കുന്ന 'ഹൗഡി മോദി' പരിപാടിയിൽ പങ്കെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം വളരെ ആനന്ദം നൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിലെ ഇന്ത്യക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിൽ മോദിക്കൊപ്പം ട്രംപ് വേദി പങ്കിടുമെന്ന് ഇന്നലെയാണ് വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദത്തിന്റെ സൂചനയെന്നാണ് ഇതേക്കുറിച്ച് മോദി ട്വീറ്റ് ചെയ്തത്. അമേരിക്കൻ പ്രസിഡന്റിനെ അദ്ദേഹം പരിപാടിയിലേക്ക് സ്വാഗതം ചെയ്തിട്ടുമുണ്ട്. ഹൗഡി മോദി പരിപാടിയിൽ പങ്കെടുക്കാൻ 50,000 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്ത്യൻ പ്രധാനമന്ത്രി അമേരിക്കയിൽ നടത്തുന്ന ഒരു പൊതുപരിപാടിയിൽ ചരിത്രത്തിൽ ആദ്യമായി ഒരു യു.എസ് പ്രസിഡന്റ് പങ്കെടുക്കുന്നതിനെ ചരിത്രപരം എന്ന് അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ ഹർഷ് വർധൻ ഷാൻഗ്രില വിശേഷിപ്പിച്ചു. അമേരിക്കയിൽ ഇന്ത്യൻ സമൂഹത്തെ പ്രസിഡന്റ് അഭിസംബോധന ചെയ്യുന്നതും ആദ്യമായാണ്. കാശ്മീർ വിഷയത്തിൽ അമേരിക്ക ഉൾപ്പെടെ ലോകരാജ്യങ്ങളുടെ പിന്തുണയ്‌ക്കായി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാന് തിരിച്ചടിയാണ് പരിപാടിയിലെ ട്രംപിന്റെ സാന്നിദ്ധ്യം.

അടുത്ത വർഷം പൊതുതിരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന ട്രംപിന് ഇന്ത്യൻ വംശജരായ വോട്ടർമാരെ നേരിട്ടു കാണാനുള്ള വേദി കൂടിയാണ് 'ഹൗഡി മോദി'യിലൂടെ ഒരുങ്ങുന്നത്. യു.എസ് കോൺഗ്രസിലെ ആദ്യ ഹിന്ദു അംഗമായ തുൾസി ഗബ്ബാർഡ് ഉൾപ്പെടെയുള്ളവരും പരിപാടിക്കെത്തും. ഈ മാസം 28 വരെ അമേരിക്കയിലുള്ള മോദി 27ന് യു.എൻ പൊതുസഭയെ അഭിസംബോധന ചെയ്യും. പ്രമുഖ യു.എസ് കമ്പനികളുടെ സി.ഇ.ഒമാരുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്.