കൊച്ചി : ഉദ്ഘാടനം കഴിഞ്ഞ് മൂന്നു വർഷം തികയും മുമ്പാണ് ദേശീയപാത 66 ൽ ഇടപ്പള്ളി- അരൂർ ബൈപാസിലെ പാലാരിവട്ടം ഫ്ളൈ ഓവർ തകർന്നത്. ആദ്യമേയുണ്ടായിരുന്ന കുലുക്കം വൈകാതെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത വിധത്തിലാകുകയായിരുന്നു.
ദേശീയപാത, എറണാകുളം - മൂവാറ്റുപുഴ സംസ്ഥാന പാത എന്നിവ സന്ധിക്കുന്ന പാലാരിവട്ടം ജംഗ്ഷനിൽ ഗതാഗതത്തിരക്ക് ഒഴിവാക്കാനാണ് 2014 സെപ്തംബറിൽ നാലുവരി ഫ്ലൈ ഓവറിന്റെ നിർമ്മാണം ആരംഭിച്ചത്. റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലപ്മെന്റ് കോർപറേഷനായിരുന്നു ചുമതല. ആർ.ഡി.എസ് പ്രോജക്ട്സ് കരാർ ഏറ്റെടുത്തു. സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡിന് ഇന്ധന സെസ് വിഹിതമായി ലഭിക്കുന്ന തുക ഉപയോഗിച്ചായിരുന്നു നിർമ്മാണം. 2016 ഒക്ടോബർ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
ഫ്ലെെഓവർ
നീളം 750 മീറ്റർ. 442 മീറ്റർ പാലവും ഇരുഭാഗത്തും അനുബന്ധ റോഡും
സ്പാനുകൾ: 19.35 മീറ്റർ നീളമുള്ള രണ്ടും 22 മീറ്റർ നീളമുള്ള പതിനേഴും
ഒരു മീറ്റർ വ്യാസമുള്ള 86 പൈലുകൾ, 122 ഗർഡറുകൾ
പ്രശ്നങ്ങൾ
തുറന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ പാലത്തിൽ റോഡിലെ ടാറിളകി.
രണ്ടു വർഷം കഴിഞ്ഞപ്പോൾ ആറിടത്ത് വിള്ളൽ
2019 മേയ് ഒന്നിന് രാത്രി അടച്ചുപൂട്ടി
പരിശോധന
ചെന്നെെ എെ.എെ.ടി സംഘത്തിന്റെ പരിശോധനയിൽ, എക്സ്പാൻഷൻ ജോയിന്റുകളുടെയും ബെയറിംഗുകളുടെയും നിർമ്മാണത്തിൽ വന്ന വീഴ്ചയാണ് പാലത്തിന്റെ ബലക്ഷയത്തിന് പ്രധാന കാരണമെന്ന് കണ്ടെത്തൽ. ഉപയോഗിച്ച കമ്പിയും സിമന്റുമുൾപ്പെടെ ഗുണനിലവാരമില്ലാത്തത്.