dharmendra-

ന്യൂഡൽഹി: സൗദി അറേബ്യയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങളിൽ നടന്ന ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് അരാംകോ എണ്ണ ഉത്പാദനം വെട്ടിച്ചുരുക്കിയെങ്കിലും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം തടസപ്പെടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. നിലവിലെ സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

സൗദി അരാംകോയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിതരണം ഉറപ്പുവരുത്താൻ അരാംകോയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി റിയാദിലെ ഇന്ത്യൻ സ്ഥാനപതിയും സംസാരിച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ സെപ്തംബർ മാസത്തേക്കുള്ള മൊത്തം ക്രൂഡ് ഓയിൽ വിതരണം സംബന്ധിച്ച് എണ്ണവിതരണ കമ്പനികളുമായി അവലോകനം നടത്തി. ഇന്ത്യയിലേക്കുള്ള വിതരണം തടസപ്പെടില്ലെന്ന് തീർച്ചയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അരാംകോയുടെ അബ്ഖ്വയ്ഖിലും ഖുറൈസിലുമുള്ള സംസ്‌കരണശാലയ്ക്കും എണ്ണപ്പാടത്തിനും നേരെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് ഇവിടെനിന്നുള്ള എണ്ണ ഉത്പാദനം താത്കാലികമായി നിറുത്തിവച്ചത്. അരാംകോയുടെ എണ്ണ ഉത്പാദനത്തിൽ ഭൂരിഭാഗവും ഏറ്റവും വലിയ എണ്ണ സംസ്‌കരണശാലയായ അബ്ഖ്വയ്ഖിലാണ് നടക്കുന്നത്. ഇതിനാൽതന്നെ കഴിഞ്ഞദിവസങ്ങളിൽ സൗദിയുടെ മൊത്തം പ്രതിദിന എണ്ണ ഉത്പാദനം പകുതിയോളം കുറഞ്ഞിരുന്നു.