കൊച്ചി: മരടിലെ ഫ്ലാറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ 17 എം.പിമാർ പ്രധാനമന്ത്രിക്ക് കത്ത് നൽകി. എംപിമാർ ഒപ്പിട്ട കത്ത് പ്രധാനമന്ത്റിയുടെ ഓഫീസിന് കൈമാറി. കേന്ദ്ര നിയമമന്ത്റി രവിശങ്കർ പ്രസാദ്, പരിസ്ഥിതി വകുപ്പ് മന്ത്റി പ്രകാശ് ജാവദേക്കർ, വിദേശകാര്യസഹമന്ത്റി വി.മുരളീധരൻ, കേരള മുഖ്യമന്ത്റി പിണറായി വിജയൻ എന്നിവർക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. അതേസമയം മൂന്നു എം.പിമാർ കത്തിൽ ഒപ്പിട്ടില്ല.
മരട് വിഷയത്തിൽ വ്യത്യസ്ത നിലപാട് ഉള്ളതിനാൽ തൃശ്ശൂർ എം.പി ടി.എൻ. പ്രതാപനും കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രനും കത്തിൽ ഒപ്പിട്ടിട്ടല്ല.സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് വയനാട് എം.പി രാഹുൽ ഗാന്ധി ഒപ്പിടാത്തതെന്നാണ് വിശദീകരണം.
മരടിലേത് പരിസ്ഥിതി പ്രശ്നം കൂടിയായതിനാൽ തനിക്ക് വ്യത്യസ്ത നിലപാടാണുള്ളതെന്ന് ടി.എൻ. പ്രതാപൻ മറ്റു എം.പിമാരെ അറിയിച്ചു എന്നാണ് വിവരം. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം ഉള്ളതിനാൽ എൻ.കെ. പ്രേമചന്ദൻ എം.പിയും കത്തിൽ ഒപ്പിടാൻ തയ്യാറായില്ല. കേരളത്തിലെ ഏക ഇടതുപക്ഷ എം.പിയായ എ.എം. ആരിഫ് കത്തിൽ ഒപ്പിട്ടു. എറണാകുളം എം.പി ഹൈബി ഈഡനാണ് എം.പിമാരെ ഒന്നിച്ചു നിർത്തി കത്തയക്കാൻ ശ്രമം നടത്തിയത്.