kamalhassan-

ചെന്നൈ: ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന മുദ്രാവാക്യവുമായി ഹിന്ദിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയതിന് പിന്നാലെ ആരംഭിച്ച വിവാദത്തിൽ തുറന്നടിച്ച് നടനും തമിഴ്നാട്ടിലെ മക്കൾ നീതിമയ്യം പാർട്ടി നേതാവുമായ കമലഹാസൻ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കമലഹാസൻ ഹിന്ദിവാദത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. ഹിന്ദി അടിച്ചേല്പിക്കാൻ ശ്രമിച്ചാൽ ജെല്ലിക്കെട്ട് സമരത്തെക്കാൾ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്ന് കമലഹാസൻ വീഡിയോയിൽ പറയുന്നു.

രാജ്യം സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിച്ചപ്പോൾ അവരവരുടെ ഭാഷയും സംസ്കാരവും സംരക്ഷിക്കുമെന്നതായിരുന്നു നമുക്ക് നൽകിയ ഉറപ്പ്. ഒരു ഷായ്ക്കും സുൽത്താനും സമ്രാട്ടിനും ആ ഉറപ്പ് ലംഘിക്കാനാകില്ലെന്നും കമലഹാസൻ പറയുന്നു. രാജ്യത്ത് നിരവധി ഭാഷകളുണ്ട്, അവയെ എല്ലാം ഞങ്ങൾ ബഹുമാനിക്കുന്നു. പക്ഷേ ഞങ്ങളുടെ മാതൃഭാഷ തമിഴാണ്. ജെല്ലിക്കെട്ടിന് വേണ്ടി നടത്തിയത് ഒരു പ്രതിഷേധം മാത്രമായിരുന്നു, എന്നാൽ ഭാഷകൾക്ക് വേണ്ടിയുള്ള പോരാട്ടം അതിനെക്കാൾ വലുതായിരിക്കും. ഹിന്ദിക്കുവേണ്ടിയുള്ള അമിത് ഷായുടെ നി‌ർദ്ദേശത്തോട് ദക്ഷിണേന്ത്യയിൽനിന്ന് വലിയ പ്രതിഷേധമാണ് ഉണ്ടാകുന്നത്.