ലണ്ടൻ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ 2019/20 സീസണിലെ ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. യൂറോപ്പിലെ വിവിധ മൈതാനങ്ങളിൽ പ്രമുഖ ടീമുകൾ പുതിയ ചാമ്പ്യൻസ് ലീഗ് സീസണിലെ തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരങ്ങൾക്കായി ഇന്ന് കളത്തിലിറങ്ങും. ഗ്രൂപ്പ് ഇ, എഫ്, ജി, എച്ച് എന്നിവയിലുള്ള ടീമുകളാണ് ഇന്ന് കളിക്കാനിറങ്ങുന്നത്. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ, ബാഴ്സലോണ, ഇന്റർമിലാൻ, ചെൽസി, അയാക്സ്, ബൊറുഷ്യഡോർട്ട്മുണ്ട് തുടങ്ങിയ വമ്പൻമാർക്കെല്ലാം ഇന്ന് മത്സരമുണ്ട്.
ഹോം, എവെ രീതിയിലുള്ള ഗ്രൂപ്പ് മത്സരങ്ങൾ ഡിസംബർ 12ന് അവസാനിക്കും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർ നോക്കൗട്ട് റൗണ്ടിൽ കടക്കും. 2020 മേയ് 30ന് ഇസ്താംബൂളിലാണ് ഫൈനൽ.
മെസി തിരിച്ചെത്തി
ഗ്രൂപ്പ് എഫിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ജർമ്മൻ ക്ലബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിനെ നേരിടാനിറങ്ങുന്ന ടീമിൽ അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസിയേയും ബാഴ്സലോണ ഉൾപ്പെടുത്തി. പരിക്കിനെ തുടർന്ന് ഈ സീസണിൽ ലാലിഗയിൽ ഇതുവരെയുള്ള ഒരു മത്‌സരത്തിലും മെസിക്ക് കളിക്കാനായിരുന്നില്ല. ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ മെസിയും നെറ്രോയും പരിക്കിൽ നിന്ന് മോചിതരായി ഫിറ്ര്‌നസ് വീണ്ടെടുത്തതായി ബാഴ്സലോണ അറിയിച്ചു. പരിക്ക് മാറി കഴിഞ്ഞ ദിവസം വലൻസിയക്കെതിരെ കളത്തിലിറങ്ങിയ ലൂയിസ് സുവാരസ് രണ്ട് ഗോളടിച്ച് താളം വീണ്ടെടുത്തത് ബാഴ്സയ്ക്ക് ശുഭ സൂചനയാണ്. അവരുടെ കൗമാര വിസ്മയം അൻസു ഫാറ്റിയും ടീമിലുണ്ട്. മറുവശത്ത് പാക്കോ അൽക്കാസർ, മാർക്കോ റൂസ്, മാറ്റ് ഹമ്മൽസ് എന്നിവരുടെയെല്ലാം മികവിൽ സ്വന്തം തട്ടകത്തിൽ ബാഴ്സയെ വീഴ്ത്താം എന്ന പ്രതീക്ഷയിലാണ് ഡോർട്ട്മുണ്ട്.ഏറെക്കുറെ മരണ ഗ്രൂപ്പായ എഫിലെ മറ്രൊരു മത്സരത്തിൽ ഇന്റർമിലാൻ സ്ലാവിയ പ്രാഗിനെ നേരിടും.
മികവ് തുടരാൻ ലിവർ
നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിന് ഗ്രൂപ്പ് ഇയിൽ ഇറ്രാലിയൻ ക്ലബ് നാപ്പൊളിയാണ് ആദ്യ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 12.30 മുതൽ നാപ്പൊളിയുടെ തട്ടകത്തിലാണ് മത്സരം. പ്രിമിയർ ലീഗിൽ ഇത്തവണ തോൽവി അറിയാതെ മുന്നേറുന്ന ലിവർപൂൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് നാപ്പൊളിയുടെ വെല്ലുവിളി നേരിടാനിറങ്ങുന്നത്. ഗ്രൂപ്പിലെ മറ്രൊരു മത്സരത്തിൽ ജൻകും സൽസ് ബർഗും ഏറ്രുമുട്ടും.
കഴിഞ്ഞ വർഷത്തെ കറുത്ത കുതിരകളായ അയാക്സ് ഗ്രൂപ്പ് എച്ചിൽ ഫ്രഞ്ച് ക്ലബ് ലില്ലെയെ സ്വന്തം തട്ടകത്തിൽ നേരിടും. ഗ്രൂപ്പ് എച്ചിലെ മറ്രൊരു മത്‌സരത്തിൽ ഫ്രാങ്ക് ലാംപാർഡിന്റെ ശിക്ഷണത്തിൽ ചെൽസി വലൻസിയയുമായി ഏറ്രുമുട്ടും.
രാത്രി 12.30 മുതൽ
ടി വി ലൈവ്
ഇന്റർമിലാൻ - സ്ലാവിയ പ്രാഗ്
(സോണി ടെൻ 2 )
ലിയോൺ - സെനിത്ത്
(സോണി ഇ.എസ്.പി.എൻ)
രണ്ട് മത്സരവും രാത്രി 10.25 മുതൽ,
നാപ്പൊളി - ലിവർപൂൾ
(സോണി ടെൻ 2 )
ഡോർട്ട്മുണ്ട് -ബാഴ്സലോണ
(സോണി ടെൻ 1)
ചെൽസി - വലൻസിയ
(സോണി സിക്സ്)
അയാക്സ് - ലില്ലെ
(സോണി ഇ.എസ്.പി.എൻ)
എല്ലാ മത്സരവും രാത്രി 12.30 മുതൽ,
ടിവി ലൈവ് ഇല്ലാത്തത്
ബെൻഫിക്ക് -ലെയ്‌പ്‌സിഗ്
സാൽസ്ബർഗ് - ജെൻക്
(രാത്രി 12.30 മുതൽ)