derss-code-

ഹൈദരാബാദ് : പെൺകുട്ടികളുടെ വസ്ത്രത്തിന്റെ ഇറക്കം മുട്ടിന് മുകളിലാണെങ്കിൽ കോളേജിനകത്തേക്ക് പ്രവേശനം നിഷേധിച്ച് ഹൈദരാബാദിലെ ഒരു വനിതാ ആർട്സ് ആൻഡ് സയൻസ് കോളജ്. ഹൈദരാബാദിലെ സെന്റ് ഫ്രാൻസിസ് കോളേജാണ് വിദ്യാർത്ഥിനികൾക്ക് പുതിയ ഡ്രസ് കോഡ് നിർദേശിച്ചിരിക്കുന്നത്. മുട്ടിന് താഴെ ഇറക്കമില്ലാത്ത കുർത്തിയോ ചുരിദാറോ, സ്ലീവ് ലെസ് ഉടുപ്പോ ഇട്ടുകൊണ്ട് കോളേജിൽ വരരുതെന്നാണ് അധികൃതരുടെ നിർദേശം.

ഗേറ്റിനു മുന്നിൽ നിൽക്കുന്ന വനിതാ സുരക്ഷാ ജീവനക്കാരാണ് പെൺകുട്ടികളുടെ വസ്ത്രത്തിന്റെ നീളം അളന്ന ശേഷം അവർ കോളേജിൽ പ്രവേശിക്കാൻ അർഹരാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്. വസ്ത്രത്തിന്റെ നീളം മുട്ടിന് ഒരിഞ്ചു മുകളിലാണെങ്കിൽപ്പോലും പ്രവേശനം നിഷേധിക്കും. വെള്ളിയാഴ്ച കോളജിൽ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് വിഷയത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.

ആഗസ്​റ്റ് ഒന്നു മുതലാണ് പുതിയ ഡ്രസ് കോഡ് നിലവിൽ വന്നത്. കൈയുള്ളതും കാൽമുട്ടിന് താഴെ ഇറക്കമുള്ളതുമായ വസ്ത്രം ധരിച്ചുമാത്രമേ വരാൻ പാടുള്ളൂ എന്നാണ് സർക്കുലറിൽ നിർദേശിക്കുന്നത്. ഷോർട്സ് അടക്കമുള്ള ചെറിയ വസ്ത്രങ്ങൾ കോളേജ് കാമ്പസിൽ നിരോധിച്ചിട്ടുണ്ട്. ഡ്രസ് കോഡ് പാലിക്കാത്ത കുട്ടികളെ കോളേജിൽ പ്രവേശിപ്പിക്കുകയോ, ക്ലാസിൽ ഇരിക്കാൻ അനുവദിക്കുകയോ ചെയ്യില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.


പെൺകുട്ടികളുടെ തുടകൾ ആൺകുട്ടികളെ ആകർഷിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോളേജ് അധികൃതരുടെ നടപടി. എന്നാൽ പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോളേജിൽ, ഇറക്കം കുറഞ്ഞ വസ്ത്രം ആൺകുട്ടികളെ ആകർഷിക്കുമെന്ന വാദം ബാലിശമാണെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. കോളേജിലെ അദ്ധ്യാപകർക്കാണ് കുഴപ്പമുണ്ടാകുന്നതെങ്കിൽ, അത് അവരുടെ പ്രശ്നമാണെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥിനികൾ പറയുന്നു. നല്ല വിവാഹാലോചനകൾ വരാൻ ഇറക്കമുള്ള കുർത്തികൾ ധരിക്കണമെന്ന് കോളേജ് അധികൃതർ വിദ്യാർത്ഥിനികളെ ഉപദേശിക്കുന്നതായും ഒരു പൂർവ വിദ്യാർത്ഥിനി വ്യക്തമാക്കി.

അതേസമയം വിഷയത്തെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ ഇതുവരെ പ്രിൻസിപ്പൽ തയ്യാറായിട്ടില്ല.