മരട്: മരടിലെ വിവാദ ഫ്ളാറ്റുകളിൽ നഗരസഭാ അധികൃതർ ഇന്നലെ വീണ്ടും നോട്ടീസ് പതിച്ചു. പുനരധിവാസം ആവശ്യമുള്ളവർ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് അപേക്ഷ നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. അപേക്ഷ നൽകാത്തപക്ഷം പുനരധിവാസം ആവശ്യമില്ലെന്ന നിഗമനത്തിൽ ഫ്ളാറ്റ് പൊളിക്കലിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുമുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ10ന് നൽകിയ നോട്ടീസിന്റെ കാലാവധി ഞായറാഴ്ച തീർന്നിരുന്നു. അതിനിടെ, നോട്ടീസ് നൽകാനെത്തിയ മരട് നഗരസഭാ സെക്രട്ടറി ആരിഫ് ഖാനെ ഫ്ളാറ്റുടമകൾ തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. എച്ച്.ടു.ഒ ഫ്ളാറ്റിലെ താമസക്കാർ നോട്ടീസ് സ്വീകരിക്കാൻ തയ്യാറായില്ല.
പ്രതിഷേധം ശക്തമായതോടെ എല്ലാ ഫ്ളാറ്റിന്റെയും മതിലിൽ നോട്ടീസ് പതിച്ച് അധികൃതർ മടങ്ങി. പ്രധാനമന്ത്രിക്ക് 17 എം.പിമാരുടെ കത്ത് മരട് ഫ്ളാറ്റ് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ 17 എം.പിമാർ പ്രധാനമന്ത്രിക്ക് കത്തയച്ചു. എൻ.കെ. പ്രേമചന്ദ്രൻ, ടി.എൻ. പ്രതാപൻ, രാഹുൽ ഗാന്ധി എന്നിവരാണ് കത്തിൽ ഒപ്പിടാത്തവർ.