കൊച്ചി: സുപ്രിംകോടതി വിധിയെതുടർന്ന് മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ സമീപിച്ച കമ്പനികളുടെ പട്ടികയുമായി നഗരസഭ. 13 കമ്പനികളാണ് ഫ്ലാറ്റുകൾ പൊളിക്കാൻ താത്പര്യപത്രം സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ രംഗത്തുള്ളത്. കേരളത്തിന് പുറത്തുനിന്നുള്ള കമ്പനികളാണ് ഫ്ലാറ്റുകൾ പൊളിക്കാൻ മരട് നഗരസഭയ്ക്ക് അപേക്ഷ നല്‍കിയത്.
സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഫ്ലാറ്റുകൾ പൊളിക്കാൻ താത്പര്യമുള്ള കമ്പനികളിൽനിന്നും നഗരസഭ അപേക്ഷ ക്ഷണിച്ചത്. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള കമ്പനികളാണ് അപേക്ഷ സമർപ്പിച്ചത്.
ഫ്ലാറ്റുകൾ പൊളിക്കാൻ അടിസ്ഥാന ചെലവായി കണക്കാക്കിയിട്ടുള്ളത് 30 കോടി രൂപയാണ്. വിദഗ്ധസംഘത്തെ നിയോഗിച്ച് കമ്പനികളുടെ കാര്യക്ഷമത പരിശോധിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. കൂടാതെ 30 കോടി രൂപയെന്ന ഭീമമായ തുക നഗരസഭയ്ക്ക് താങ്ങാനാകില്ലെന്നും സർക്കാരിനെ അറിയിക്കും.
അതിനിടെ നഗരസഭയുടെ ഒഴിപ്പിക്കൽ നോട്ടിസിനെതിരെ ഫ്ളാറ്റ് ഉടമകൾ ഹൈക്കോടതിയിൽ ഹർജി നൽകി. നോട്ടിസ് നിയമാനുസൃതമല്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി. ഒഴിഞ്ഞുപോകുന്നവരെ എവിടെ മാറ്റിപാർപ്പിക്കും എന്നതിൽ ആശയക്കുഴപ്പം തുടരുകയാണ്.