kerala-flood-2019

കൊച്ചി: ഈ വർഷം ആഗസ്റ്റിലുണ്ടായ പ്രളയത്തിലെ നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസർക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം കൊച്ചിയിലെത്തി. കേന്ദ്ര ആഭ്യന്തര മന്ത്റാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊച്ചിയിലെത്തിയത്. പ്രളയ ദുരിതാശ്വാസമായി 2100 കോടി രൂപയുടെ സഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് കേന്ദ്രസംഘത്തിന് സംസ്ഥാന സർക്കാർ നിവേദനം കൈമാറി.

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് സംസ്ഥാന ദുരിതാശ്വാസ കമ്മീഷണർ ഡോ:വി.വേണുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പ്രതിനിധി സംഘത്തിന് നിവേദനം നൽകിയത്. 2101.9 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി കേരളം സമർപ്പിച്ച നിവേദനത്തിൽ പറയുന്നു.

നാശനഷ്ടങ്ങൾ വിലയിരുത്താനായി ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകൾ സംഘം സന്ദർശിക്കും. നാളെ മലപ്പുറത്തേക്കാണ് ആദ്യം പോകുന്നത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിന് ശേഷം 20 ന് തിരുവന്തപുരത്ത് മുഖ്യമന്ത്റി പിണറായി വിജയനേയും റവന്യൂ മന്ത്റി ഇ ചന്ദ്രശേഖരനേയും സന്ദർശിച്ച് കേന്ദ്രസംഘം മടങ്ങും.