ranu-mandal-

റെയിൽവേ സ്​റ്റേഷനിൽ നിന്ന് റാണു മൊണ്ഡൽ ബോളിവുഡ് ഗായികയായി മാറിയത് വളരെ പെട്ടെന്നായിരുന്നു. റാണു മണ്ഡൽ റെയിൽവേസ്റ്റേഷനിലിരുന്ന് പാടിയ 'ഏക് പ്യാർ ക നഗ്മാ ഹേ'എന്ന ഗാനം വൈറലായതോടെയാണ് ലോകം ആ ശബ്ദം ശ്രദ്ധിച്ചത്. ഹിമേഷ് രെഷമിയയുടെ സംഗീതത്തിൽ ആലപിച്ച ഗാനം വൻഹിറ്റുമായി. ഇതിനിടെയാണ് നടൻ സൽമാൻ ഖാൻ റാണു മൊണ്ഡലിന് വീട് സമ്മാനിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെക്കുറിച്ച് ഇരുവരും ഒരഭിപ്രായവും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്കൊടുവിൽ അക്കാര്യത്തിൽ പ്രതികരണവുമായി റാണു തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

അമ്പത്തിയഞ്ചു ലക്ഷം രൂപയുടെ വീടും കാറും സൽമാൻ രാണുവിന് സമ്മാനിക്കുന്നു എന്നായിരുന്നു വാർത്ത. സൽമാൻ ഖാൻ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല. എന്നാൽ ആ വാർത്തയിൽ വാസ്തവമില്ലെന്നു വ്യക്തമാക്കുകയാണ് റാണു. വീട് സമ്മാനിക്കുകയായിരുന്നുവെങ്കിൽ അതിനെക്കുറിച്ച് സൽമാൻ തന്നെ പ്രഖ്യാപിച്ചേനെയെന്നാണ് രാണു പറയുന്നത്.

ഇതുവരെയും സൽമാൻ അതെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും കാര്യമില്ലാതെ ഇത്തരം അഭ്യൂഹങ്ങൾ നടത്തുന്നത് തെ​റ്റാണെന്നും രാണു പറഞ്ഞു. തന്നോടു നേരിട്ടോ മ​റ്റാരെങ്കിലും വഴിയുമോ വീട് നൽകുന്നതിനെക്കുറിച്ചു പറഞ്ഞിട്ടില്ല. ആരോടും തന്നെ സഹായിക്കണമെന്ന് ഇതുവരെ പറഞ്ഞില്ല, സൽമാൻ ഖാനോടും താൻ സഹായം അപേക്ഷിക്കില്ലെന്നും റാണു പറഞ്ഞു.

ആദ്യമൊക്കെ ഈ വാർത്ത കേട്ടപ്പോൾ സത്യമാണോ അല്ലയോ എന്ന സംശയമായിരുന്നു. എന്നാൽ വിഷയത്തിൽ സൽമാൻ തന്നെ നേരിട്ട് സംസാരിച്ചിരുന്നുവെങ്കിൽ വാർത്ത വിശ്വസിക്കുമായിരുന്നുവെന്നും റാണു വ്യക്തമാക്കി.