ജിദ്ദ: സൗദി അരാംകോ ആക്രമണത്തിന് ഉപയോഗിച്ചത് ഇറാൻ നിർമിത ആയുധങ്ങളാണെന്ന് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. അന്വേഷണം പരോഗമിക്കുകയാണ്. ആയുധങ്ങൾ ഇറാൻ നിർമിതമാണ്. അത് എവിടെനിന്നാണ് ഉപയോഗിച്ചത് എന്നതിനെക്കുറിച്ച് അറിയണം. അന്വേഷണം പൂർത്തിയായാൽ പൊതു സമക്ഷം അറിയിക്കുമെന്നും സഖ്യസേന വക്താവ് പറഞ്ഞു.
ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് സൗദി സഖ്യസേന വക്താവിന്റ പ്രതികരണം. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നും യു.എസ് സൈന്യം തിരിച്ചടിക്ക് തയ്യാറാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. ഈ വിഷയത്തിൽ സൗദി അറേബ്യയുടെ നിലപാടറിയാൻ കാത്തിരിക്കയാണെന്നും ട്രംപ് പറഞ്ഞു.
യമനിലെ ഹൂതികൾ അവകാശവാദമുന്നയിച്ചിരുന്നെങ്കിലും ഇത്ര വലിയ ആക്രമണത്തിന് അവർക്ക് സാധിക്കില്ലെന്ന വിലയിരുത്തലാണ് സൗദിക്കുമുള്ളത്. ആക്രമണത്തിെന്റ പ്രഭവകേന്ദ്രം ഇറാക്കോ, ഇറാനോ ആണെന്നാണ് വാർത്തകൾ. ഇറാഖ് ഇത് നിഷേധിച്ചിട്ടുണ്ട്. അതിനിടെ തിങ്കളാഴ്ച സൗദി ഊർജമന്ത്റി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ അബ്‌ഖൈകിലെ അരാംകോ സംസ്‌കരണ ശാല സന്ദർശിച്ചു. അരാംകോ ചെയർമാൻ യാസർ അൽ റുമയ്യാനുമായി ചർച്ച നടത്തി.