തിരുവനന്തപുരം: നിലാവിന്റെ സൗമ്യതയോടെ കാതുകളെ തഴുകിയെത്തിയ സച്ചിൻ വാര്യരുടെ ഓണപ്പാട്ടിലായിരുന്നു 'കൗമുദി ടി.വി ഓണം എക്സ്ട്രീമിന്റെ" തുടക്കം. ഓണത്തിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളിലേക്ക് പിൻനടത്തമായി വാര്യരുടെ പാട്ടുകൾ. തൊട്ടുപിന്നാലെ മൃദുല വാര്യരുടെ ഇമ്പമാർന്ന ശബ്ദത്തിലുള്ള ഗാനമെത്തി. സദസ് ആവേശത്തോടെ കരഘോഷം മുഴക്കിയപ്പോൾ വേദിയിലെ കലാപ്രതിഭകളും ഉഷാറായി.
പിന്നാലെയായിരുന്നു ജിംനാസ്റ്റിക് പ്രകടനത്തിലൂടെ ഗിന്നസ് ബുക്കിൽ സ്ഥാനം പിടിച്ച കോയമ്പത്തൂർ സ്വദേശിനി വൈഷ്ണവിയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം.
ഇത്രയുമായപ്പോഴേക്കും തലസ്ഥാനനഗരിയുടെ ഹൃദയമായ സെൻട്രൽ സ്റ്റേഡിയം ഇരമ്പി മറിയാൻ തുടങ്ങി. നാളിതുവരെ കണ്ടിട്ടില്ലാത്ത വൈവിദ്ധ്യമാർന്ന കലാ പ്രകടനങ്ങൾ ഒന്നൊന്നായി അരങ്ങിലേക്കെത്തിയതോടെ സർവവിഭവങ്ങളും വിളമ്പിയ ഒന്നാംതരം ഓണസദ്യയായി 'കൗമുദി ടി.വി ഓണം എക്സ്ട്രീം'. ഒരാഴ്ചയായി തലസ്ഥാനത്തെ വിവിധ വേദികളിലായി നടന്നു വന്ന സംസ്ഥാനസർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഔദ്യോഗിക സമാപനംകുറിച്ചാണ് കൗമുദി ടി.വി ഓണം എക്സ്ട്രീം തകർത്താടിയത്.
ഓണം ഘോഷയാത്രയുടെ മുക്കാൽ ഭാഗവും സ്റ്രാച്യു വഴി കടന്നു പോയതോടെ 'കൗമുദി" പരിപാടികൾക്ക് കേളികൊട്ടുയർന്നു. മൂടിക്കെട്ടിയ അന്തരീക്ഷം വകവയ്ക്കാതെ വൻ ജനാവലി കാലേകൂട്ടി സെൻട്രൽ സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങൾ സ്വന്തമാക്കിയിരുന്നു. മൂന്ന് മണിക്കൂർ നേരം അവിസ്മരണീയമാക്കും വിധമാണ് പരിപാടികൾ കോർത്തിണക്കിയത്.
മന്ത്രി ജി. സുധാകരൻ നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഹ്രസ്വമെങ്കിലും പ്രൗഢമായിരുന്നു മന്ത്രി ജി. സുധാകരന്റെ ഉദ്ഘാടന പ്രസംഗം. കേരളത്തിന്റെ മനഃസാക്ഷിയാണ് 'കേരളകൗമുദി"യെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യവും സ്വാതന്ത്ര്യവും സത്യസന്ധതയും കാത്തുസൂക്ഷിച്ച് ചരിത്രം സൃഷ്ടിച്ച പാരമ്പര്യമാണ് കേരളകൗമുദിക്കുള്ളത്. കള്ളവും പൊളിയുമില്ലാത്ത ഒരു കാലഘട്ടത്തിന്റെ മധുരസ്മരണയുമായെത്തുന്ന ഒാണനാളിൽ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ച കേരളകൗമുദിയെ അദ്ദേഹം അഭിനന്ദിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനും വി.എസ്. ശിവകുമാർ എം.എൽ.എയും നഗരപിതാവ് വി.കെ. പ്രശാന്തും ശാസ്തമംഗലം മോഹനും ഓണം എക്സ്ട്രീമിന്റെ ഭാഗമായി.
'ആട്ടം' മേളക്കാരാണ് സദസിനെ ആസ്വാദനത്തിന്റെ വേറിട്ട തലത്തിലെത്തിച്ചത്. ചെണ്ടമേളത്തിൽ അദ്ഭുതാവഹമായ വേഗവും ചിട്ടയും പ്രകടമാക്കിയ ആട്ടം ഗ്രൂപ്പിലെ കലാകാരന്മാർക്കൊപ്പം പ്രമുഖ മ്യൂസിക് ബാൻഡായ 'ചെമ്മീൻ' കൂടി ചേർന്നതോടെ സംഗതി കലക്കി. റിയാലിറ്റി ഷോകളിലെ സജീവ സാന്നിദ്ധ്യമായ ഗൗരി, തന്റെ ശബ്ദമാധുര്യവും ആലാപന മികവും കൊണ്ട് ആസ്വാദകരെ കൈയിലെടുത്തു.
കാണികൾ ആവേശത്തോടെ കാത്തിരുന്ന, കൗമുദി ടി.വിയുടെ ജനപ്രിയ പരിപാടിയായ 'സ്നേക്ക് മാസ്റ്ററി' ന്റെ അവതാരകൻ വാവ സുരേഷായിരുന്നു പരിപാടിയിലെ മറ്റൊരു ഹീറോ. നഗരപിതാവ് വി.കെ .പ്രശാന്തിനൊപ്പം വാവ സുരേഷിനും വേദിയിൽ ആദരം നൽകി. ഉച്ചയ്ക്ക് ശേഷം സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും സർക്കാർ അവധി നൽകിയതിനാൽ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഈ ഓണ സീസണിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് എത്തിയത്.
ന്യൂരാജസ്ഥാൻ മാർബിൾസായിരുന്നു ഓണം എക്സ്ട്രീമിന്റെ മുഖ്യ സ്പോൺസർ. കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂൾ, നിംസ് എന്നിവർ സഹ സ്പോൺസർമാരും.