തിരുവനന്തപുരം: ഏഴ് നാൾ അനന്തപുരിക്ക് ഉത്സവഛായ പകർന്ന സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് കൊടിയിറങ്ങിയപ്പോൾ തലസ്ഥാനനഗരം കണ്ടത് അതിജീവനത്തിന്റെയും ഒത്തൊരുമയുടെയും മറ്റൊരു കാഴ്ചയായിരുന്നു. ഇന്നലെ വൈകിട്ട് തുടങ്ങിയ ചാറ്റൽമഴയെ വകവയ്ക്കാതെ അതിജീവനത്തിന്റെ മറ്റൊരു ഓണക്കാലത്തിന് പരിസമാപ്തി കുറിക്കാൻ ജനങ്ങൾ നഗരത്തിലേക്ക് ഒഴുകിയെത്തി.
ഗ്രാമങ്ങളിൽ നിന്നു സമാപന ഘോഷയാത്ര കാണാൻ യുവാക്കളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ നഗരത്തിലെത്തിയപ്പോൾ ഘോഷയാത്ര കടന്നുപോയ വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെയുള്ള ഭാഗം ജനസാഗരമായി. ഘോഷയാത്ര 5നാണ് ആരംഭിച്ചതെങ്കിലും ഉച്ചയ്ക്ക് 2.30ഓടെ തന്നെ കവടിയാർ മുതലുള്ള റോഡിനിരുവശവും ജനങ്ങൾ തടിച്ചുകൂടിയിരുന്നു. പ്രളയത്തെ തുടർന്ന് കഴിഞ്ഞവർഷം ഓണാഘോഷം റദ്ദാക്കേണ്ടി വന്നതിന്റെ ക്ഷീണം പരിഹരിക്കുന്ന തരത്തിലായിരുന്നു ഘോഷയാത്രയിലെ ജനപങ്കാളിത്തം. കേന്ദ്ര - സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, സഹകരണ മേഖലയിലെ സ്ഥാപനങ്ങൾ തുടങ്ങിയവർ ചേർന്നൊരുക്കിയ 80ഓളം നിശ്ചലദൃശ്യങ്ങൾ അണിചേർന്ന ഘോഷയാത്രയിൽ കേരളത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന വൈവിദ്ധ്യമാർന്ന കലാരൂപങ്ങളും അണിനിരന്നു.
പൂരക്കളി, വേലകളി, കേരളനടനം, മോഹനിയാട്ടം, അലാമികളി, ഒപ്പന, മാർഗംകളി, പൊയ്ക്കാൽ മയൂരനൃത്തം, മയിലാട്ടം, ഗരുഡൻപറവ, അർജുന നൃത്തം, ആഫ്രിക്കൻ നൃത്തം, പരിചമുട്ട് കളി തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. രാജസ്ഥാനിൽ നിന്നുള്ള പരമ്പരാഗത ചക്രിനൃത്തം, മണിപ്പൂരിൽ നിന്നുള്ള ലായിഹരൗബ, പഞ്ചാബിന്റെ ബംഗ്റ നൃത്തം, മഴദേവതയെ സ്തുതിച്ചുകൊണ്ടുള്ള തമിഴ് നൃത്തമായ കരഗം, കർണാടകയിലെ ഡോൽ കുനിത നൃത്തം, മദ്ധ്യപ്രദേശിലെ ബദായ്, ജമ്മു കാശ്മീരിലെ റൗഫ് നൃത്തം, ഗുജറാത്തിലെ റത്വ നൃത്തം, തെലങ്കാനയുടെ ലംബാഡി, ആന്ധ്രപ്രദേശിന്റെ തപ്പാട്ട് ഗുലു നൃത്തം എന്നിവ കാണികൾക്ക് പുത്തൻ അനുഭവമായി. റോളർ സ്കേറ്റിംഗ്, അശ്വാരൂഢ സേന, കേരളീയ വേഷമണിഞ്ഞ സ്ത്രീകൾ, വേലകളി, പുലികളി, പുലിച്ചെണ്ട, രാജാറാണി കുതിര, ചവിട്ടുനാടകം, പരിചമുട്ടുകളി എന്നിവ പിന്നാലെയെത്തി.
ചെണ്ടമേളം, മയൂരനൃത്തം, പരുന്താട്ടം, പൂക്കാവടി, ചിണ്ടക്കാവടി, വള്ളുവനാടൻ കലാരൂപമായ പൂതൻതിറ, ശിങ്കാരിമേളം, പഞ്ചാരിമേളം, നെയ്യാണ്ടിമേളം, തകിൽ, നാഗസ്വരം, മദ്ദളം, ഉടുക്ക്, കുമ്മാച്ചിക്കൊട്ട്, പഞ്ചവാദ്യം, കൊമ്പ്, കുഴൽ എന്നിങ്ങനെ കലാരൂപങ്ങൾ ഒന്നൊന്നായി എത്തിയതോടെ നിരത്ത് നിറച്ചാർത്തണിഞ്ഞു. പരമ്പരാഗത കലാകാരന്മാർ കൊമ്പും തായമ്പകയും കൊണ്ട് ഘോഷയാത്രയ്ക്ക് താളം പകർന്നു. വിവിധ സേനാ വിഭാഗങ്ങളുടെ ബാൻഡും ഘോഷയാത്രയെ വർണാഭമാക്കി. ഐ.എസ്.ആർ.ഒ, ബിവറേജസ് കോർപറേഷൻ, ഫയർഫോഴ്സ് എന്നീ ഫ്ളോട്ടുകൾ ജനങ്ങളുടെ കൈയടി നേടി. പവലിയനിൽ നിന്നാരംഭിച്ച ഘോഷയാത്ര ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ലാഗ് ഓഫ് ചെയ്തു. വാദ്യോപകരണമായ 'കൊമ്പ് ' മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യകലാകാരന് കൈമാറിയതോടെയാണ് സാംസ്കാരിക ഘോഷയാത്രയ്ക്ക് തുടക്കമായത്.