മിലാൻ: ബ്രിട്ടീഷ് മാദ്ധ്യമ പ്രവർത്തകൻ പിയേഴ്സ് മോർഗനുമായിട്ടുള്ള അഭിമുഖത്തിനിടെ മരിച്ചുപോയ പിതാവ് ജോസ് ഡിനിസ് അവെയ്റോയുടെ വീഡിയോ ദൃശ്യം കാണിച്ചപ്പോൾ വികാരാധീനനായി വിങ്ങിപ്പൊട്ടി പോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസറ്റ്യാനൊ റൊണാൾഡോ. ജോസ് ഡിനിസ് അവെയ്റോ റൊണാൾഡോയുടെ മികവിനെ കുറിച്ച് പറയുന്ന വീഡിയോ ദൃശ്യം കാണിച്ചപ്പോഴാണ് താരം കരഞ്ഞത്. താൻ ഈ വീഡിയോ ഇതിനുമുമ്പ് കണ്ടിരുന്നില്ലെന്ന് പറഞ്ഞാണ് റൊണാൾഡോ വിങ്ങിപ്പൊട്ടിയത്. എന്താണിത്ര സങ്കടം തോന്നാൻ കാരണമെന്ന് മോർഗൻ ചോദിച്ചപ്പോൾ പിതാവിന് തന്റെ വളർച്ച കാണാൻ കഴിയാതെ പോയി എന്നായിരുന്നു മറുപടി.
എന്റെ അമ്മയും സഹോദരങ്ങളുമെല്ലാം ഞാൻ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാളറാവുന്നത് കണ്ടവരാണ്. എന്തിന് എന്റെ മൂത്തമകൻ പോലും. പക്ഷേ എന്റെ പിതാവിന് ഞാൻ ലോകത്തിലെ ഒന്നാം നമ്പർ ഫുട്ബാളറാവുന്നതോ പുരസ്കാരങ്ങൾ വാങ്ങുന്നതോ കാണാനുള്ള ഭാഗ്യമുണ്ടായില്ല-കണ്ണീരണിഞ്ഞ് റൊണാൾഡോ പറഞ്ഞു
2005ൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായിരുന്നപ്പോഴാണ് പിതാവ് മരിച്ചത്. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിയ്യാറയലിനെ നേരിടാനിറങ്ങും മുമ്പായിരുന്നു ജോസ് ഡിനിസ് അവെയ്റോയുടെ മരണം.