അനുമോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബംഗാളി ചിത്രം ഒഭിമാനി ജോൽ പൂർത്തിയായി. ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ ജോഷ് ജോഷി ജോസഫ് ഒരുക്കുന്ന ചിത്രത്തിൽ വിവാഹം കഴിഞ്ഞ് കൊൽക്കത്തയിൽ എത്തുന്ന മലയാളി പെൺകുട്ടിയുടെ വേഷമാണ് അനുമോൾ അവതരിപ്പിക്കുന്നത്. അനുമോളുടെ ആദ്യ ബംഗാളി ചിത്രമാണ്. ശക്തമായ വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത്.താരനിരയിലെ ഏക മലയാളി സാന്നിദ്ധ്യം കൂടിയാണ് അനുമോൾ.
അനു അഭിനയിച്ച വലിയ ചിറകുള്ള പക്ഷികൾ കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.ഈ സിനിമയിലെ പ്രകടനം കണ്ട് സംവിധായകൻ ജോഷ് ജോഷി ജോസഫ് വിളിക്കുകയായിരുന്നു. കൊച്ചി-കൊൽക്കത്ത കോക് ടെയിലിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനേഷ് മാധവൻ നിർവഹിക്കുന്നു.വിവിധ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചശേഷം ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.