തുടക്കം പയറ് ചെടികളിൽ
പയറുചെടികളിലാണ് മെൻഡൽ തന്റെ പരീക്ഷണങ്ങൾ നടത്തിയത്. 1856 നും 1863നും ഇടയ്ക്ക് 29,000 ത്തോളം പയറുചെടികളിൽ മെൻഡൽ തന്റെ പരീക്ഷണങ്ങൾ നടത്തി 'പൈസം സറ്റൈവം" എന്ന പയറുചെടികളിലാണ് പരീക്ഷണം നടത്തിയത്. വേർപിരിയൽ നിയമം, സ്വതന്ത്ര തരംതിരിവ് നിയമം എന്നീ ആശയങ്ങൾ അദ്ദേഹത്തിന്റെ പരീക്ഷണങ്ങളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്.
തുടർന്ന് നടത്തിയ ഗവേഷണങ്ങളും മെൻഡലിന്റെ കണ്ടുപിടിത്തങ്ങൾ ശരിവയ്ക്കുന്നതായിരുന്നു. ജീവികളുടെ ഇനമനുസരിച്ച് ഡി.എൻ. എയ്ക്കും വ്യത്യസ്ത ഘടനയായിരിക്കുമെന്ന് കണ്ടെത്തിയത് നിർവിൻ ഷാർഗഫ് ആണ്.
ജീൻ തെറാപ്പി
രോഗങ്ങൾ വന്നാൽ നമുക്ക് മരുന്ന് കഴിക്കേണ്ടത് ആവശ്യമാണെന്ന് അറിയാമല്ലോ. എന്നാൽ രോഗം വരുത്തുന്ന ജീൻ ഏതെന്ന് തിരിച്ചറിഞ്ഞാൽ അതിനെ മുറിച്ചുമാറ്റാം എന്നതാണ് ജീൻ തെറാപ്പി. അത് മാത്രവുമല്ല ഈ ജീൻ മറ്റ് തലമുറകളിലേക്ക് പകരാതെയിരിക്കും. പാരമ്പര്യ രോഗങ്ങളെ ചെറുത്ത് നിൽക്കാൻ ജീൻ തെറാപ്പിയിലൂടെ കഴിയും.
സിക്കിൾസെൽ അനിമീയ, പാർക്കിൻസൺസ് എന്നീ മാരകമായ രോഗങ്ങൾ അടുത്ത തലമുറയിലേക്ക് പകരുന്നത് തടയാനാവും എന്നത് ഇതിന്റെ വലിയ നേട്ടമാണ്.രൂപമാറ്റം വരുത്തിയ ജീനുകളെ ശരീരത്തിലെ കോശത്തിനകത്തേക്ക് കടത്തിവിടും. ചിലയിനം വൈറസുകളെ വാഹകരായി ഉപയോഗിച്ചാണ് ഇത് സാദ്ധ്യമാകുന്നത്. 1990-ൽ അമേരിക്കയിലാണ് ആദ്യമായി ജീൻ തെറാപ്പി പരീക്ഷിച്ചത്. അത് വിജയകരമായി.
ഡി.എൻ.എയുടെ ഘടന
പാരമ്പര്യ ഘടകങ്ങൾ ഉള്ളതായി മെൻഡൽ കണ്ടെത്തിയല്ലോ. എന്നാലത് ഡി.എൻ.എ ആണെന്ന് മനസിലായിരുന്നില്ല.
പാരമ്പര്യ ഘടകങ്ങൾക്ക് ജീൻ എന്ന പേരിട്ടത് വിൽഹെം ജൊഹാൻസൻ (1909) എന്ന ശാസ്ത്രജ്ഞനാണ്. 1869ലാണ് ആദ്യമായി ഡി.എൻ.എയെ വേർതിരിച്ചെടുത്തത്.
ജീനുകൾ ക്രോമസോമുകൾക്കിടയിലാണ് സ്ഥിതിചെയ്യുന്നത് എന്ന് തോമസ് ഹണ്ട് മോർഗനാണ് കണ്ടെത്തിയത്.
ആർ.എൻ.എ
റൈബോ ന്യൂക്ളിക് ആസിഡ് എന്നാണ് ആർ.എൻ.എയുടെ മുഴുവൻ പേര്. ഡി.എൻ.എ നിർമ്മിക്കുന്ന മാംസ്യങ്ങളെ യഥാസ്ഥാനത്ത് എത്തിക്കുന്നതിൽ സഹായിക്കുന്നു. ഡി.എൻ.എയുടെ ഘടകങ്ങളാണ് ന്യൂക്ളിയെടൈസു
കൾ.
ഒരു ന്യൂക്ളിയോടൈഡിന് 3 ഭാഗങ്ങളുണ്ട്. ഷുഗർ, ഫോസ്ഫേറ്റ് ഗ്രൂപ്പ്, ബേസുകൾ എന്നിവയാണ് ആ മൂന്ന് ഘടകങ്ങൾ.
ക്ളോണിംഗ്
നമ്മൾ ഫോട്ടോസ്റ്റാറ്റ് എടുക്കാറില്ല. അത് തനിപ്പകർപ്പാണെന്ന് നമുക്കറിയാമല്ലോ. അതുതന്നെയാണ് ക്ളോണിംഗ് എന്ന സാങ്കേതിക വിദ്യയിലും സംഭവിക്കുന്നത്. ഒരു ജീവിയുടെ തനിപകർപ്പിനെയാണ് ക്ളോണിംഗിലൂടെ സൃഷ്ടിക്കുന്നത്. 1958 ലാണ് ആദ്യമായി വിജയകരമായി ഒരു തവളയെ ക്ളോൺ ചെയ്തത്. 1996 ൽ ഡോളി എന്ന ആടിനെ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇയാൻ വിൽമുട്ടാണ് സൃഷ്ടിച്ചത്. ഇതോടുകൂടിയാണ് ക്ളോണിംഗ് സംബന്ധമായ പരീക്ഷണങ്ങൾ ലോകശ്രദ്ധയാകർഷിച്ചതും അതിന് വേഗം കൂടിയതും.
റീസസ് കുരങ്ങ്, പന്നി, എരുമ, നായ, പൂച്ച, ഒട്ടകം എന്നിവയൊക്കെ ക്ളോണിംഗിലൂടെ സൃഷ്ടിച്ചെടുത്തു. ക്ളോണിംഗ് സാങ്കേതികവിദ്യ ചികിത്സാരംഗത്ത് ഉപയോഗപ്പെടും. മാരകമായ രോഗങ്ങൾ വരാൻ സാധ്യതയുള്ള കോശങ്ങളെ ക്ളോണിംഗിലൂടെ മാറ്റിവയ്ക്കാം. മരുന്നുപയോഗിക്കാതെ തന്നെ രോഗങ്ങളെ ഇതിലൂടെ മാറ്റാം.
ബേസുകൾ
ഡി.എൻ.എയിലും ആർ.എൻ.എയിലും ഒരു ബേസ് മാത്രമാണ് വ്യത്യാസം.
ഡി.എൻ.എ - അഡിനിൻ, ഗ്യാനിൻ, സൈറ്റോസിൻ, തൈമിൻ.
ആർ.എൻ.എ - അഡിനിൻ, ഗ്യാനിൻ, സൈറ്റോസിൻ, യുറാസിൽ.
ജീൻ എഡിറ്റിംഗ്
എഡിറ്റിംഗ് എന്ന് നാം കേട്ടിട്ടുണ്ട്. അത് ജീനുകളിൽ ചെയ്താൽ എങ്ങനെയിരിക്കും അതാണ് ജീൻ എഡിറ്റിംഗ്. ഇതുവഴി ജീനിന്റെ സ്വഭാവത്തിൽ വ്യത്യാസം വരുത്തുകയാണ് ചെയ്യുന്നത്. ഇതിന് പിറകിൽ നിരവധി സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുണ്ട്.
ഹ്യുമൻ ജീനോം പ്രോജക്ട്
1990ൽ അമേരിക്കൻ സർക്കാരിന്റെ സഹായത്തോടെ ആരംഭിച്ച ഗവേഷണ പദ്ധതി. മനുഷ്യന്റെ ജീനോം മുഴുവനായി വായിച്ചെടുക്കാനാണ് ഈ പദ്ധതി ലക്ഷ്യമിട്ടത്. മനുഷ്യന്റെ ജനിതക രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യ ഡയറക്ടർ ജയിംസ് വാട്സണായിരുന്നു. പിന്നീട് വാട്സൺ രാജിവയ്ക്കുകയും ഫ്രാൻസിസ് കോളിൻസ് ആ ചുമതല ഏറ്റെടുക്കുകയും ചെയ്തു.
ജീനോം മാപ്പിന്റെ ഏകദേശ രൂപരേഖ 2000ത്തിലാണ് പുറത്തുവിട്ടത്. 2003ൽ ഈ പദ്ധതി പൂർത്തിയായി. നമ്മുടെ 23 ജോടി ക്രോമസോമുകളിലായി 20,500 ജീനുകളുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. മനുഷ്യശരീരത്തിലെ 99.9 ശതമാനം ജീനുകളും ഒരുപോലെയാണെന്ന സത്യവും ഇതോടെ കണ്ടെത്തി.
അമേരിക്ക, ജപ്പാൻ, ബ്രിട്ടൻ, സ്പെയിൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലായി 32 പരീക്ഷണശാലകളിലായി 400 ശാസ്ത്രജ്ഞരാണ് ഈ പഠനത്തിൽ പങ്കെടുത്തത്.
ജനിതക എൻജിനിയറിംഗിന്റെ സാദ്ധ്യതകൾ കൃഷിയിൽ പുതിയ വിളകളുടെ മുന്നേറ്റം തന്നെയുണ്ടാക്കിയെങ്കിലും വിവാദങ്ങൾക്കും വലിയ തോതിൽ ഇടം നൽകി. വിളകളുടെ സ്വാഭാവിക ജനിതക വ്യവസ്ഥയിൽ മാറ്റം വരുത്തിയാണ് ജനിതക വിളകൾ " ഉത്പാദിപ്പിക്കുന്നത്. ഇവ ബ.ടി വിളകൾ എന്നാണറിയപ്പെടുന്നത്.
എന്താണ് ബി.ടി
ബാസില്ലസ് തുരിൻജിയെൻസിസ് എന്ന ബാക്ടീരിയയുടെ പേരാണ് ബി.ടി എന്ന ചുരുക്കപ്പേരിൽ അറിയ പ്പെടുന്നത്. 1907ലാണ് ഈ ബാക്ടീരിയയെ തിരിച്ചറിഞ്ഞത്. ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന പ്രോട്ടീന് കീടങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ഈ ബാക്ടീരിയയുടെ ജനിതക ഘടകങ്ങളെ മുറിച്ച് അവയെ വിളകളിൽ കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്. അതിനാൽ വിളകൾക്കും പ്രതിരോധശേഷി ലഭിക്കുന്നു.
ജനിതക മാറ്റം വരുത്തിയത് ആദ്യ പുകയില ചെടിയിലായിരുന്നു. 1980കളിൽ തുടങ്ങിയ ഈ പരീക്ഷണത്തിന് ശേഷം 96-ൽ ചോളം വികസിപ്പിച്ചെടുത്തു. ജനിതക മാറ്റം വരുത്തിയ ഇതിനുശേഷം കടുക്, വഴുതന, തക്കാളി, സോയാബീൻ എന്നിങ്ങനെ പല വിളകളും വികസിപ്പിച്ചെടുത്തു.
ഇന്ത്യയിൽ
2002ലാണ് ആദ്യമായി ബി.ടി. വിള ഇന്ത്യയിൽ കൃഷി ചെയ്തത്. പരുത്തിയാണ് ആദ്യമായി ഇവിടെ കൃഷി ചെയ്തത്.
ബി.ടി വിളകളുടെ പ്രത്യേകതകൾ
ബി.ടി വിളകൾ ഉപയോഗിച്ചാൽ നാം സാധാരണയായി ഉപയോഗിക്കുന്ന കീടനാശിനികളുടെ ആവശ്യമില്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകതയെങ്കിലും ബി.ടി വിളകൾ കൃഷി ചെയ്യുന്നത് മൂലം നാടൻ ഇനങ്ങളുമായി പരാഗണം നടത്തി ജനിതക കൈമാറ്റം നടക്കാൻ സാധ്യതയുണ്ട്. ഇതിനാൽ പ്രകൃതിയിലെ ജൈവ വൈവിധ്യം തകർക്കപ്പെടും എന്ന ആശങ്കയാണുള്ളത്.