നിരവധി മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത നടൻ സത്താർ ഓർമയായി. മൂന്ന് മാസമായി കരൾ രോഗത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണമടയുന്നത്. മരിക്കുമ്പോൾ 67 വയസായിരുന്നു. എറണാകുളം കടുങ്ങല്ലൂരിൽ ഖാദർ പിള്ളയുടെയും ഫാത്തിമയുടെയും പത്ത് മക്കളിൽ ഒൻപതാമനായി ആയിരുന്നു സത്താറിന്റെ ജനനം. കടുങ്ങല്ലൂർ സ്‌കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സത്താർ ആലുവ യു.സി കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആളാണ്.
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകൻ വിൻസന്റ് മാസ്റ്റർ ഒരുക്കിയ 'അനാവരണം' എന്ന ചിത്രത്തിലൂടെയാണ് സത്താർ ആദ്യമായി നായക വേഷത്തിൽ എത്തുന്നത്. എന്നാൽ അഭിനയ രംഗത്ത് അദ്ദേഹം സജീവമാകുന്നത് 1975ൽ എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത 'ഭാര്യയെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയായിരുന്നു. നാൽപതോളം വർഷങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നൂറോളം വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. ഇതിൽ കൂടുതലും വില്ലൻ വേഷങ്ങളും നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളുമായിരുന്നു. 1975 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം സിനിമാരംഗത്ത് സജീവമായിരുന്നു.
അഭിനയ ജീവിതത്തിന്റെ അവസാന കാലങ്ങളിൽ 22 ഫീമെയിൽ കോട്ടയം, ഗോഡ് ഫോർ സെയിൽ, നെത്തോലി ഒരു ചെറിയ മീനല്ല, എന്നീ ചിത്രങ്ങളിലായിരുന്നു അദ്ദേഹം വേഷമിട്ടത്. 22 ഫീമെയിൽ കോട്ടയം, സത്യൻ അന്തിക്കാടിന്റെ ആദ്യ ചിത്രമായ കുറുക്കന്റെ കല്ല്യാണം, ലേലം എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങൾ. മലയാളത്തിലെ മുൻകാല നടി ജയഭാരതിയുടെ മുൻ ഭർത്താവ് കൂടിയാണ് സത്താർ. കൃഷ് സത്താർ മകനാണ്. സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് ആലുവ പടിഞ്ഞാറേ കടുങ്ങല്ലൂർ ജുമാ മസ്ജിദിൽ നടക്കും.