marad-vs

കൊച്ചി : തീരദേശ സംരക്ഷണ നിയമം ലംഘിച്ച് കൊച്ചി മരടിൽ നിർമ്മിച്ച ഫ്ളാറ്റുകൾ പൊളിച്ചുമാറ്റണമെന്ന സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷൻ വി.എസ് അച്ചുതാനന്ദൻ. വിധി രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

ഫ്ലാറ്റ് നിർമ്മാതാക്കളെ കരിമ്പട്ടികയിൽപെടുത്തണമെന്നും അഴിമതിക്കും നിയമലംഘനത്തിനും കൂട്ടുനിൽക്കരുതെന്നും വി.എസ് ആവശ്യപ്പെട്ടു. വഴിവിട്ട് അനുമതി നൽകിയവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഫ്ളാറ്റുകളിൽ നഗരസഭാ അധികൃതർ ഇന്നലെ വീണ്ടും നോട്ടീസ് പതിച്ചു. പുനരധിവാസം ആവശ്യമുള്ളവർ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് അപേക്ഷ നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. അപേക്ഷ നൽകാത്തപക്ഷം പുനരധിവാസം ആവശ്യമില്ലെന്ന നിഗമനത്തിൽ ഫ്ളാറ്റ് പൊളിക്കലിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുമുണ്ട്.

അഞ്ച് ദിവസത്തിനുള്ളിൽ ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് സെപ്തംബർ 10ന് നൽകിയ നോട്ടീസിന്റെ കാലാവധി ഞായറാഴ്ച തീർന്നി​രുന്നു. മരട് ഫ്ളാറ്റ് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സംസ്ഥാനത്തെ 17 എം.പിമാർ കത്ത് അയച്ചിട്ടുണ്ട്. അതേസമയം മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ താൽപര്യമറിയിച്ച് 13 കമ്പനികൾ രംഗത്ത് വന്നിട്ടുണ്ട്. ഫ്ലാറ്റ് പൊളിക്കാൻ മുൻസിപ്പാലിറ്റി ഓൺലൈൻവഴി അപേക്ഷ ക്ഷണിച്ചിരുന്നു.