thief

മലപ്പുറം: മോഷണം നടത്തിയ ശേഷം കടയുടെ ഉടമയെ ഫോണിൽ വിളിച്ച് കടയടക്കാൻ നിർദ്ദേശിച്ച് കള്ളൻ. മോഷണം നടത്താൻ വേണ്ടി തുറന്ന കട പഴയത് പോലെ അടക്കാൻ സാധിക്കാതിരുന്നതിനാൽ കള്ളൻ ആശങ്കയിലായിലായിരുന്നു. തുടർന്നാണ് വഴിപോക്കനെന്ന എന്ന ഭാവേന കടയിൽ എഴുതി വച്ചിരുന്ന നമ്പറിൽ ഇയാൾ കടയുടമയെ ഫോണിൽ വിളിച്ചു. 'നിങ്ങളുടെ കട തുറന്നു കിടക്കുകയാണ്...അടച്ചേക്കണേ...' എന്നാണ് കള്ളൻ ഇയാളോട് പറഞ്ഞത്. ഇയാളുടെ ഫോൺ വിളിയെ തുടർന്ന് പരിഭ്രാന്തനായ കടയുടമ തന്റെ കടയിലേക്ക് ഇരച്ചെത്തി. പരിശോധന നടത്തിയപ്പോൾ 12,000 രൂപ വിലയുള്ള മൊബൈൽ ഫോൺ കടയിൽ നിന്നും മോഷണം പോയതായി കണ്ടെത്തി.

എന്നാൽ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് കടയുടമ ശരിക്കും ഞെട്ടിയത്. തന്നെ ഫോൺ ചെയ്ത ആൾ തന്നെയാണ് കടയിൽ മോഷണം നടത്തിയത് എന്ന് അപ്പോഴാണ് കടയുടമയ്ക്ക് മനസിലായത്. എന്നാൽ ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിലെ വൻ ട്വിസ്റ്റ് പുറത്തായി. കള്ളൻ തന്റെ ഒരു പരിചയക്കാരനോടൊപ്പമാണ് മോഷണം ആസൂത്രണം ചെയ്തത്. പിടിക്കപ്പെട്ടാൽ കുറ്റം ഏറ്റെടുക്കാൻ കള്ളൻ പരിചയക്കാരനോട് ആവശ്യപ്പെടുകയും അതിന് പാരിദോഷികമായി 2000 രൂപ നൽകാം എന്ന് പറയുകയും ചെയ്തിരുന്നു. ഇങ്ങനെ തനിക്ക് രക്ഷപ്പെടാം എന്നാണ് കള്ളൻ കരുതിയിരുന്നത്.

താൻ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും അതിനു വേണ്ടിയാണ് മോഷണം നടത്തുന്നതെന്നും പണത്തിന് ആവശ്യം വരുമ്പോൾ ഒരു മൊബൈൽ ഫോൺ മാത്രം മോഷ്ടിക്കുന്നതാണ് തന്റെ രീതിയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇതേ കടയിൽ തന്നെ മുൻപ് രണ്ടുതവണ താൻ മോഷണം നടത്തിയിരുന്നെന്നും മോഷണം നടത്തിയ ശേഷം വാതിൽ പൂട്ടി പോരുകയാണ് ചെയ്തിരുന്നതെന്നും കള്ളൻ കുറ്റസമ്മതം നടത്തി. ഏതായാലും മോഷ്ടിച്ച മൊബൈൽ ഫോണുകളുടെ പണം കള്ളൻ തിരികെ നൽകണം എന്ന ധാരണയിൽ തന്റെ പരാതി പിൻവലിച്ചിരിക്കുകയാണ് കടയുടമ.