red-139

പ്രജീഷ് പുറത്തെ ഇരുളിൽ നിന്നു കാതോർത്തുകൊണ്ട് ചുറ്റും നോക്കി.

ശേഷം മുറ്റത്തിന്റെ കോണിൽ ഉണ്ടായിരുന്ന വേപ്പ് മരത്തിനു ചുവട്ടിലേക്കു നീങ്ങി നിന്നു.

ആരുടെയോ ചലനം തോന്നിയ ഭാഗത്തായിരുന്നു അയാളുടെ കണ്ണുകൾ....

ഇരുട്ടുമായി കണ്ണു പൊരുത്തപ്പെട്ടപ്പോൾ കണ്ടു, ഒരു നിഴൽ തങ്ങളുടെ വീടിനെ ലക്ഷ്യമാക്കി നീങ്ങുന്നുണ്ട്.

വീടിന്റെ പിന്നാമ്പുറത്തേക്ക്.

കരുതലോടെ അയാളും അവിടേക്കു നീങ്ങി.

വീടിനു പിന്നിലെ ജനാലയ്ക്കരുകിലേക്കാണ് ആ രൂപം ചെന്നത്. ജനാലച്ചില്ലിലൂടെ അകത്തേക്കു ശ്രദ്ധിക്കാനാണ് അയാളുടെ ലക്ഷ്യമെന്ന് പ്രജീഷിന് ഉറപ്പായി.

ആ രൂപം ജനാലയോടു ചേർന്നു.

അടുത്ത നിമിഷം...

''അയ്യോ..."

ഒരു നിലവിളി.

ആ രൂപം താൻ ഉണ്ടാക്കിയ കുഴിയിലേക്കു വീഴുന്നത് പ്രജീഷ് കണ്ടു.

ഒരു കുതിപ്പിന് അയാൾ കുഴിയുടെ വക്കിൽ എത്തി.

ശരീരത്ത് കാട്ടുമുള്ളു തറഞ്ഞിറങ്ങിയ അയാൾ കുഴിയിൽ നിന്ന് എഴുന്നേൽക്കുവാൻ പാടുപെടുകയായിരുന്നു.

പ്രജീഷ് കാൽവീശി ഒറ്റയടി. കുഴിയിൽ കിടന്നിരുന്നവന്റെ മുഖമടച്ച് പടക്കം പൊട്ടി.

''അയ്യോ.. കൊല്ലല്ലേ..."

അയാൾ വിലപിച്ചു.

പ്രജീഷ് ശബ്ദമുയർത്തി.

''കലേ... മെയിൻ സ്വിച്ച് ഓൺ ചെയ്യ്."

ചന്ദ്രകല അപ്രകാരം ചെയ്തു. എല്ലായിടത്തും വെളിച്ചം പരന്നു.

പ്രജീഷ് കണ്ടു....

വാരിക്കുഴിയിൽ വീണതുപോലെ കിടന്നു പുളയുന്ന ഒരാൾ..!

പ്രജീഷ് അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ചുയർത്തി.

ശരീരത്തിൽ തറഞ്ഞ മുള്ളുകളും അയാൾക്കൊപ്പം ഉയർന്നുവന്നു.

കവിളടക്കം ഒരടികൊടുത്ത് പ്രജീഷ് അയാളെ മണ്ണിലേക്കു തള്ളി.

പിന്നെ വാരിയെല്ലുകൾക്കിടയിൽ ആഞ്ഞു തൊഴിച്ചു.

''അമ്മേ...." അയാൾ വില്ലുപോലെ വളഞ്ഞു.

പ്രജീഷ് ആ മുഖം പിടിച്ച് വെളിച്ചത്തിലേക്കു തിരിച്ചു.

ഒരു ഞെട്ടൽ...!

പരുന്ത് റഷീദ്....!

''എടാ.... നീ?"

അയാളുടെ കടപ്പല്ല് ഞെരിഞ്ഞു.

പ്രജീഷ് പിസ്റ്റൾ പരുന്തിന്റെ നെറ്റിയിൽ കുത്തി. പരുന്തിന്റെ റിവോൾവർ കുഴിയിൽ കിടക്കുന്നതു കണ്ട് പ്രജീഷ് അതും എടുത്തു.

''ഈ കുഴിയിൽത്തന്നെ നിന്നെ കൊന്നു മൂടട്ടേടാ?"

അയാളുടെ ഗർജ്ജനം ഉള്ളിപ്പാടത്തെപ്പോലും വിറപ്പിച്ചു.

''അയ്യോ... വേണ്ട സാറേ..."

പരുന്ത് റഷീദ് കൈകൂപ്പി. അപ്പോൾ കൈകളിൽ തുളഞ്ഞിറങ്ങിയ മുൾച്ചെടി അയാളുടെ മുഖത്തും തറച്ചു.

''എങ്കിൽ എഴുന്നേൽക്ക്."

വല്ല വിധേനയും പരുന്ത് എഴുന്നേറ്റു.

''ഇനി ആ മുള്ളുകൾ വലിച്ചു കളയ്..."

പരുന്ത് ഓടി രക്ഷപെടാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ടായിരുന്നു പ്രജീഷിന്റെ കൽപ്പന.

മാംസത്തിൽ നിന്ന് മുൾച്ചെടിയുടെ ഓരോ ഭാഗവും നീക്കം ചെയ്യുമ്പോൾ പരുന്ത് പതുക്കെ നിലവിളിച്ചുകൊണ്ടിരുന്നു.

മുള്ള് ഊരിപ്പോന്ന ഭാഗത്ത് ചോര പൊടിച്ച് അയാളുടെ വസ്ത്രങ്ങളിൽ ചുവന്ന പൊട്ടുകൾ രൂപം കൊണ്ടു തുടങ്ങി.

അവസാനം മുള്ളുകൾ മുഴുവൻ നീക്കം ചെയ്തപ്പോൾ പ്രജീഷ് പിസ്റ്റൾ അയാളുടെ പിൻകഴുത്തിൽ കുത്തി.

''ഇനി നടക്ക്."

അറവുമാടിനെ കണക്കെ പ്രജീഷ്, പരുന്തിനെ കെട്ടിടത്തിന്റെ മുൻഭാഗത്തേക്കു നടത്തി.

''കലേ... വാതിൽ തുറക്ക്."

ചന്ദ്രകല വാതിൽ തുറന്നു.

മുന്നിൽ ചോരപ്പൂക്കളിൽ നിൽക്കുന്ന പരുന്ത് റഷീദിനെ കണ്ട് അവൾ കണ്ണുചിമ്മി. വിശ്വസിക്കുവാൻ കഴിയാത്തതു പോലെ...

''കേറെടാ അങ്ങോട്ട്."

പ്രജീഷ് അയാളുടെ കഴുത്തിൽ കുത്തിപ്പിടിച്ച് മുറിക്കുള്ളിലേക്കു തള്ളി. ചന്ദ്രകല പിന്നോട്ടു മാറി.

പരുന്ത് മുറിക്കുള്ളിൽ കമിഴ്‌ന്നു വീണു.

പ്രജീഷ് അകത്തുകയറി. പുറം കാൽകൊണ്ടു തട്ടി വാതിലടച്ചു. പിറകോട്ടു കൈതിരിച്ച് ഓടാമ്പലിട്ടു.

പരുന്ത് തറയിൽ കൈകുത്തി എഴുന്നേൽക്കാൻ ഭാവിച്ചു.

''വേണ്ടാ."

പ്രജീഷ് ഒരു കസേര നീക്കി, കാലുകൾ അയാളുടെ ശരീരത്തിന് ഇരുവശത്തും വരത്തക്ക രീതിയിൽ ഇട്ടു. പിന്നെ പരുന്തിന്റെ പുറത്തിനിരുവശത്തേക്കും കാലുകൾ വിടർത്തി കസേരയിലിരുന്നു...

''എനിക്ക് .... എനിക്കിത്തിരി വെള്ളം തരുമോ?"

മുഖം മാത്രം മുകളിലേക്കുയർത്തി പരുന്ത്, ചന്ദ്രകലയെ നോക്കി.

''വേണ്ടാ." പ്രജീഷ് കാലുകൾ ഉയർത്തി അയാളുടെ പുറത്തു ചവുട്ടിപ്പിടിച്ചു.

വേദന കൊണ്ട് പരുന്ത് ഞരങ്ങി. മുള്ളുകൾ പലതും ഒടിഞ്ഞ് പച്ചമാംസത്തിൽ തുളഞ്ഞിരിക്കുകയാണെന്നു തോന്നി. കുത്തിപ്പറിക്കുന്ന ഒരുതരം അസഹ്യമായ നീറ്റൽ...

തന്റെ പിസ്റ്റളും, പരുന്തിന്റെ റിവോൾവറും പ്രജീഷ്, ചന്ദ്രകലയെ ഏൽപ്പിച്ചു.

ശേഷം പരുന്തിന്റെ മുടിയിൽ കുത്തിപ്പിടിച്ച് ശിരസ്സു പിന്നിലേക്കു മടക്കി.

''ഈ കഴുത്തങ്ങ് ഒടിക്കാൻ പോകുകയാണു ഞാൻ...."

പരുന്ത് മരണം മുന്നിൽ കണ്ടു.

(തുടരും)