red-140

''അയ്യോ... വേണ്ട സാർ... കൊല്ലരുത്."

കഴുത്ത് മടങ്ങിയിരിക്കുന്നതിനാൽ പരുന്ത് റഷീദിന്റെ വായിൽ നിന്ന് ചാവുമൃഗത്തിന്റെ പോലെ ഒരു ശബ്ദമാണ് പുറത്തുവന്നത്.

''കൊല്ലാതിരിക്കുവാൻ തക്കതായ കാരണങ്ങളൊന്നും കാണുന്നില്ല പരുന്തേ... ഇന്നലെ നീ ഞങ്ങൾക്കു നേരെ നിറയൊഴിച്ചു. ഭാഗ്യം കൊണ്ടു മാത്രം ഞങ്ങൾ രക്ഷപ്പെട്ടു. പരാജയപ്പെട്ട ദൗത്യം പൂർത്തിയാക്കുവാൻ ഇന്ന് നീ വീണ്ടും വന്നു. അങ്ങനെയുള്ള നിന്നോട് ഞങ്ങൾ ദയ കാണിക്കുന്നതെന്തിനാ?"

ചോദിച്ചത് ചന്ദ്രകലയാണ്.

പ്രജീഷ് അയാളുടെ ശിരസ്സ് അല്പം കൂടി പിന്നിലേക്കു മടക്കി.

തന്റെ കുരവള്ളി വലിഞ്ഞു പൊട്ടുമെന്നു തോന്നി പരുന്തിന്.

''ഇന്നലെ വന്നത് ഞാനല്ല..." അയാൾ ഞരങ്ങി.

''പിന്നെ?" പ്രജീഷിന്റെ പുരികം ചുളിഞ്ഞു.

''അതെനിക്കറിയത്തില്ല. ഇന്നലത്തെ ദൗത്യം പരാജയപ്പെട്ടെന്നും ഇന്ന് ഞാൻ വരണമെന്നും വിളിച്ചുപറഞ്ഞു...."

''ആര്?"

ചന്ദ്രകലയ്ക്ക് ഉദ്വേഗമായി.

പരുന്ത് പക്ഷേ മറുപടി പറയാൻ മടിച്ചു.

''കലേ... " പ്രജീഷ്, ചന്ദ്രകലയെ നോക്കി. ''ഒരു കത്തിയിങ്ങെടുക്ക്. ഇവന്റെ വളഞ്ഞ കഴുത്തിൽ ഒന്ന് അമർത്തി വലിച്ചു കാണിക്കാം. പഴുത്ത മാങ്ങ പൂളുന്നതുപോലെ... കഴുത്ത് രണ്ടായി പിളർന്നു ചോര ചീറ്റും."

ചന്ദ്രകല തിരിഞ്ഞ് കത്തിയെടുക്കാൻ കിച്ചണിലേക്കു നടന്നു.

''കത്തി വേണ്ടാ.... ഞാൻ പറയാം. എനിക്കറിയാവുന്നതെല്ലാം.

പരുന്ത് അടിയറവായി.

''എങ്കിൽ പറ."

പ്രജീഷ് കാത് കൂർപ്പിച്ചു.

''ആദ്യം എന്നെയൊന്ന് വിട്. ഞാൻ ഓടിപ്പോകത്തില്ല... ഒന്നുമല്ലെങ്കിലും ആ നടിയുടെ കേസിൽ നിങ്ങടെ കൂടെ നിന്നതല്ലേ ഞാൻ?"

''അതിന്റെ പ്രതിഫലം കൃത്യമായി തരികയും ചെയ്തുഞങ്ങൾ. അതുകൊണ്ട് നീ അക്കാര്യം മൊഴിയണ്ടാ."

പറയുന്നതിനിടയിൽ പ്രജീഷ് പിടിവിട്ടു. പരുന്തിന്റെ നെറ്റി വില്ലുപോലെ തറയിൽ ചെന്നിടിച്ചു പൊങ്ങി.

''എന്നെയൊന്ന് എഴുന്നേൽപ്പിച്ചിരുത്തുമോ?"

''അത് നടക്കത്തില്ല. ഇനി നീ ഓടിപ്പോകാൻ ശ്രമിച്ചാലും ഞങ്ങള് വിടത്തുമില്ല. എന്നാലും ഇങ്ങനെ കെടന്നോണ്ട് പറയുന്നതാ കൂടുതൽ ശരി. അല്ലെങ്കിൽ ഇടയ്ക്ക് നിനക്ക് കള്ളങ്ങൾ തിരുകിക്കയറ്റാൻ തോന്നിയാലോ..."

അതോടെ പരുന്ത് റഷീദിന്റെ സകല ആശയും അറ്റു. അയാൾ ശ്വാസം വലിച്ചുവിട്ടു.

''എന്നാൽ വച്ചു താമസിപ്പിക്കണ്ടാ. പറഞ്ഞോ. ആരാ നിന്നെ ഇവിടേക്കയച്ചത്?"

''കിടാവ് സാറ്..."

പരുന്തിന്റെ ചുണ്ടനങ്ങി.

തൊട്ടു മുന്നിൽ ഒരു ബോംബു വീണതുപോലെ ചന്ദ്രകലയും പ്രജീഷും നടുങ്ങി.

''എം.എൽ.എ സാറേ?" ചന്ദ്രകലയ്ക്കു വിശ്വസിക്കുവാൻ കഴിയുന്നില്ല.

''അതെ."

''എടാ കിടാവ് സാറിന്റെ പേരുപറഞ്ഞാൽ ഞങ്ങൾ വിട്ടയയ്ക്കും എന്നു കരുതി കള്ളം പറയരുത്."

ചന്ദ്രകലയുടെ മുന്നറിയിപ്പ്.

പരുന്തിന്റെ മുഖത്ത് പരാജിതന്റെ മങ്ങിയ ചിരിയുണ്ടായി.

''മരിക്കാൻ പോകുന്ന ഞാൻ കള്ളം പറയുന്നതെന്തിനാ സാറേ?"

പ്രജീഷ് തലയാട്ടി.

''എന്തിനാ കിടാവ് സാറ് ഞങ്ങളെ കൊല്ലുന്നത്?"

''അതൊക്കെ എന്നെപ്പോലെ ഉള്ളവരോട് പറയുമോ സാറേ... ഞങ്ങൾക്കു ക്വട്ടേഷൻ തരുന്നു.. ജോലി കഴിയുമ്പോ കാശ് വാങ്ങുന്നു. അതിനപ്പുറം ചോദ്യവും പറച്ചിലും ഒന്നും പാടില്ലെന്നാ."

പ്രജീഷ് അമർത്തി മൂളി.

''ഇന്നലെ ഞങ്ങളെ കൊല്ലാൻ വന്നവനെക്കുറിച്ച് നിനക്ക് യാതൊന്നും അറിയില്ലേ?"

''ഇല്ല സാർ... അയാൾ പക്ഷേ ഈ മായാറിലോ മസനഗുഡിയിലോ ഉള്ള ആളാണ്."

അടുത്ത ചോദ്യം ചന്ദ്രകലയുടെ വകയായിരുന്നു.

''ഞങ്ങൾ വടക്കേ കോവിലകം കിടാവ് സാറിന് വിൽക്കാൻ എഗ്രിമെന്റ് ആയത് നിനക്കറിയാമോ?"

''ഞാനങ്ങനെ കേട്ടു."

''അതിന് ഞങ്ങൾ പത്തുകോടി രൂപ അദ്ദേഹത്തിൽ നിന്ന് അഡ്വാൻസും വാങ്ങി. പക്ഷേ നാടുകാണി ചുരത്തിൽ വച്ച് പണം കൊള്ളയടിക്കപ്പെട്ടു. അതിന്റെ പിന്നലും കിടാവ് സാർ ആണോ?"

''അല്ലാതെ വരാൻ വഴിയില്ലല്ലോ..."

ചന്ദ്രകലയും പ്രജീഷും സ്തബ്ധരായി.

''ഞങ്ങളെ ഇവിടെവച്ചു കൊന്നാൽ അദ്ദേഹത്തിന് എന്താ പ്രയോജനം?"

പ്രജീഷിന്റെ തലച്ചോറിനു തീപിടിച്ചു.

''വ്യക്തമായി അറിയില്ല. എന്നാലും എന്റെ ചെറിയ ബുദ്ധികൊണ്ട് ചിന്തിക്കുമ്പോൾ..."

ഒരു നിമിഷം നിർത്തിയിട്ട് പരുന്ത് ബാക്കി പറഞ്ഞു:

''എഗ്രിമെന്റ് എഴുതിയ നിലയ്ക്ക്, പറഞ്ഞ സമയത്ത് നിങ്ങൾ രജിസ്ട്രാർ ഓഫീസിൽ ഹാജരാകാതിരുന്നാൽ സ്വത്തുക്കൾ കിടാവ് സാറിന് കൈവശം വയ്ക്കാവുന്നതേയുള്ളു. അദ്ദേഹം അവിടെ സമയത്തു ചെന്നതിന് തെളിവുണ്ടാക്കിയാൽ പോരേ:?"

ചന്ദ്രകലയ്ക്കും പ്രജീഷിനും കാര്യം മനസ്സിലായി.

വൻ ചതിയാണു നടന്നിരിക്കുന്നത്. വേണ്ടിവന്നാൽ കാറിൽ ബോംബുകൾ കണ്ടെത്തി എന്നു പറഞ്ഞ് അദ്ദേഹം തങ്ങളെ ഇരുമ്പഴിക്കുള്ളിൽ ആക്കിയെന്നുമിരിക്കും.

''നീ ഇക്കാര്യമൊക്കെ ഞങ്ങളോട് പറഞ്ഞെന്നറിഞ്ഞാൽ കിടാവ് സാറ് എങ്ങനെ പ്രതികരിക്കും എന്നറിയാമോ?"

''അറിയാം. എന്നെ കൊന്നുകളയും."

''എങ്കിൽ അങ്ങനെ സംഭവിക്കാതിരിക്കാനും നീ ഞങ്ങളെ അനുസരിക്കാനും വേണ്ടിയാ ഞാൻ എല്ലാം ഇതിൽ പകർത്തിയത്..."

ചന്ദ്രകല തന്റെ സെൽഫോൺ എടുത്തു കാട്ടി.

പരുന്ത് സ്തബ്ധനായി.

ചന്ദ്രകല ചിരിച്ചു:

''നീ ഞങ്ങളെ അനുസരിക്കാതിരുന്നാൽ ഈ വീഡിയോ ക്ളിപ്പിംഗ് നേരെ കിടാവ് സാറിന്റെ മൊബൈലിൽ എത്തും."

പരുന്തിനു വാക്കുകൾ നഷ്ടമായി.

(തുടരും)