bsp

ജയ്പൂർ: രാജസ്ഥാനിൽ മായവതിക്ക് വൻതിരിച്ചടി. നിയമസഭയിലുണ്ടായിരുന്ന മുഴുവൻ ബി.എസ്.പി അംഗങ്ങളും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ബി.എസ്.പിക്ക് ആറ് എം.എൽ.എമാരാണ് ഉണ്ടായിരുന്നത്. ഇവർ കോൺഗ്രസിലേക്ക് ചേക്കേറിയതോടെ ബി.എസ്.പിക്ക് വൻ തിരിച്ചടിയാണ് രാജസ്ഥാനിൽ നിന്ന് ലഭിച്ചിരിക്കുന്നത്. രാജേന്ദ്ര ഗുഡ്ഡ, ജോഗേന്ദ്ര സിംഗ് അവാന, ലഖൻ സിംഗ് മീണാ, സന്ദീപ് യാദവ്, വജീബ് അലി, ദീപ്ചന്ദ് ഖേരിയ എന്നിവരാണ് തിങ്കളാഴ്ച രാത്രി കോൺഗ്രസിൽ ചേർന്നത്.

ഇവർ കോൺഗ്രസിൽ ചേരുന്നതിന് മുമ്പ് നിയമസഭ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്കിടെ കോൺഗ്രസിൽ ചേരാനുള്ള താൽപര്യം അറിയിച്ചുകൊണ്ടുള്ള കത്ത് സമർപ്പിക്കുകയും ചെയ്തു. വർഗീയ ശക്തികൾക്കെതിരെ പോരാടാനും സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടിയുമാണ് ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് രാജേന്ദ്ര ഗുഡ്ഡ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജസ്ഥാന് ലഭിച്ച ഏറ്റവും മികച്ച മുഖ്യമന്ത്രിയാണെന്ന് അശോക് ഗെഹ്‌ലോത്തെന്നും സംസ്ഥാനത്തിന് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും ഗുഡ്ഡ കൂട്ടിച്ചേർത്തു.

രാജസ്ഥാൻ നിയമസഭയിൽ കോൺഗ്രസ് 100 സീറ്റുകളിൽ വിജയിച്ചിരുന്നു. ബി.എസ്.പിയുടെ ആറ് എം.എൽ എമാരുടെയും ആകെയുള്ള 13 സ്വതന്ത്ര എം.എൽ.എമാരിൽ 12 പേരുടെ പിന്തുണയും കോൺഗ്രസിന് ലഭിച്ചിരുന്നു. ഈ പന്ത്രണ്ടുപേർ ഇക്കഴിഞ്ഞ മാർച്ചിൽ കോൺഗ്രസിൽ ചേരുകയും ചെയ്തിരുന്നു.