പത്രത്തിന്റെ മാസ്റ്റ് ഹെഡ് മുതൽ പ്രിന്റർ ആൻഡ് പബ്ലിഷർ വരെ വായിക്കുക എന്നൊരു പ്രയോഗമുണ്ട്. പത്രം അരിച്ചുപെറുക്കി വായിക്കുക എന്നാണർത്ഥം. അങ്ങനെ പത്രം വായിച്ചിരുന്ന ഒരു സുവർണകാലം മലയാളികൾക്കുണ്ടായിരുന്നു. ഇന്നും മാസ്റ്റ്ഹെഡ് മുതൽ പ്രിന്റർവരെ വായിക്കാൻ കൊള്ളാവുന്ന പത്രമായി ശതാബ്ദി പിന്നിട്ട കേരളകൗമുദി നിലനിൽക്കുന്നു എന്നത് അഭിമാനകരമാണ്.
സമൃദ്ധമായ പത്രപ്രവർത്തന പാരമ്പര്യമാണ് കേരളത്തിനുള്ളത്. ദീപിക, മലയാള മനോരമ, കേരള കൗമുദി എന്നീ മൂന്നു പത്രങ്ങൾ ശതാബ്ദി പിന്നിട്ടു കഴിഞ്ഞു. മാതൃഭൂമി ശതാബ്ദിയോട് അടുക്കുന്നു. കെ.സി.മാമ്മൻ മാപ്പിള, കെ.എം. മാത്യു, കെ.പി. കേശവമേനോൻ, നിധീരിക്കൽ മാണിക്കത്തനാർ തുടങ്ങിയ അതിപ്രഗല്ഭരായ പത്രാധിപന്മാരെ കേരളം കണ്ടിട്ടുണ്ട്. എന്നാൽ, പത്രാധിപർ എന്നറിയപ്പെടുന്നത് കെ. സുകുമാരനാണ്. കെ.സുകുമാരൻ എന്ന നാമധേയം മൺമറഞ്ഞ് 38 വർഷത്തിനു ശേഷവും കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നില്ക്കുന്നു.
ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും ശരം തൊടുക്കുന്ന അർജുനനെപ്പോലെ എഴുത്തിൽ മാത്രമല്ല, പ്രസംഗത്തിലും ജ്വലിച്ചുനിന്ന പത്രാധിപരാണ് അദ്ദേഹം. മൂർച്ചയേറിയ മുഖപ്രസംഗങ്ങൾ, ലേഖനങ്ങൾ, വാർത്തകൾ തുടങ്ങിയവ കേരളകൗമുദിയുടെ എക്കാലത്തെയും പ്രത്യേകതയാണ്. അത് സി.വി കുഞ്ഞുരാമനിൽ നിന്നാരംഭിച്ച് പുത്രൻ കെ.സുകുമാരനിലൂടെ കേരളകൗമുദിയുടെ മഹത്തായ പാരമ്പര്യമായി മാറുകയായിരുന്നു. 'സമുദായം വക ഒരു പത്രം" എന്ന നിലയിലാണ് കൗമുദിയുടെ തുടക്കം. സമുദായ താത്പര്യം സംരക്ഷിക്കുന്നതിൽ അണുവിട വ്യതിചലിച്ചിട്ടുമില്ല. എന്നാൽ, കേരള കൗമുദിയെ ഒരു വർഗീയ ദിനപത്രമാക്കാതിരിക്കാൻ കെ.സുകുമാരൻ മുതൽ ഇപ്പോഴത്തെ ചീഫ് എഡിറ്റർ ദീപുരവി വരെയുള്ള എല്ലാ പത്രാധിപന്മാരും വളരെ ശ്രദ്ധിച്ചിട്ടുണ്ട്. സ്വന്തം സമുദായത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം അന്യസമുദായങ്ങളുടെ അവകാശങ്ങളും വികാരങ്ങളും കേരള കൗമുദി മാനിക്കുന്നു.
വ്യത്യസ്ത സമുദായങ്ങൾ സഹവർത്തിത്വത്തോടും സമഭാവനയോടും കൂടി കഴിയുന്ന നാടാണു കേരളം. വ്യത്യസ്ത ആദർശങ്ങളുള്ള നിരവധി രാഷ്ട്രീയകക്ഷികളുണ്ട്. ഇതിനിടയിലും കേരളത്തെയും മലയാളികളെയും ചേർത്തുനിറുത്തുന്ന പൊതുഘടകങ്ങളാണ് ജനാധിപത്യത്തിലും മതേതരത്വത്തിലും സാമൂഹ്യനീതിയിലുമുള്ള അചഞ്ചലമായ വിശ്വാസം. കേരള കൗമുദി എക്കാലവും മലയാളികളെ ചേർത്തു നിറുത്തിയിട്ടേയുള്ളു. അതിന് പോറലേല്പിച്ച് വളരാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. അത് പത്രാധിപരിൽ നിന്ന് ലഭിച്ച ഊർജവും പാരമ്പര്യവുമാണ്.
വിശ്വാസ്യതയാണ് ഒരു മാദ്ധ്യമത്തിന്റെ കരുത്ത്. നവയുഗ പത്രപ്രവർത്തകർ മറക്കുകയോ മറയ്ക്കുകയോ ചെയ്യുന്ന കാര്യം. വരികൾക്കിടയിലൂടെ വായിക്കേണ്ട ദുര്യോഗമൊന്നും മുമ്പില്ലായിരുന്നു. നേരേ വാ നേരേ പോ എന്നതു തന്നെയാണ് പത്രപ്രവർത്തനത്തിന്റെ ശരിയായ ദിശ. 100 വർഷം കഴിഞ്ഞിട്ടും ആളുകൾ ഒരു പത്രം വായിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം വിശ്വാസ്യത നിലനിറുത്താൻ ആ പത്രത്തിനു സാധിച്ചു എന്നതാണ്. കേരളകൗമുദിയിലെ വാർത്തകൾ സത്യസന്ധമായിരിക്കണമെന്ന് പത്രാധിപർക്ക് നിർബന്ധമുണ്ടായിരുന്നു. തലമുറകൾ അത് നിർബാധം തുടരുന്നു. അതുകൊണ്ടു തന്നെ വിശ്വാസ്യത പത്രത്തിന്റെ മുഖമുദ്രയായി മാറി.
കുളത്തൂർ പ്രസംഗം
കേരളം ഏറെ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോയ 1903-1981 കാലഘട്ടത്തിലാണ് കെ. സുകുമാരൻ ജീവിച്ചത്. എസ്.എൻ.ഡി.പി യോഗത്തിനും പത്രാധിപർക്കും ഒരേ വയസാണ്. കേരളത്തെ ഇളക്കിമറിച്ച പ്രസ്ഥാനങ്ങളായി ഇരുവരും. ശ്രീനാരായണ ഗുരുദേവനായിരുന്നു പത്രാധിപരുടെ കൺകണ്ട ദൈവം. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന ഗുരുവചനമാണ് അദ്ദേഹത്തെ നയിച്ചത്. കേരള കൗമുദിയിൽ പത്രാധിപർ ഓരോ ദിവസവും ആരംഭിച്ചത് 'ഗുരുസ്മരണയോടെ തൃപ്പാദങ്ങളിൽ" എന്ന് പേപ്പറിൽ എഴുതിക്കൊണ്ടാണ്. 1954ൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റായിരുന്ന അദ്ദേഹത്തിന്റെ കൈയിൽത്തന്നെയായിരുന്നു എസ്.എൻ.ഡി.പിയുടെ കടിഞ്ഞാൺ ദീർഘകാലം.
അവശവിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേരള കൗമുദി നടത്തുന്ന പോരാട്ടം പത്രാധിപരിൽ നിന്നു കിട്ടിയ പൈതൃകമാണ്. ഏറ്റവുമൊടുവിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെ.എ.എസ്)നിന്ന് സംവരണം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഗൂഢനീക്കം നടത്തിയപ്പോൾ മുൻനിരയിൽ നിന്നു പോരാടിയത് കേരളകൗമുദിയാണ്. പത്രാധിപരുടെ കുളത്തൂർ പ്രസംഗത്തിൽ നിന്നു ലഭിച്ച ഊർജം തന്നെയായിരിക്കണം കേരളകൗമുദിയെ ഇപ്പോഴും മുന്നോട്ടു നയിക്കുന്നത്.
സംസ്ഥാനത്തെ ആദ്യത്തെ ഇ.എം.എസ് മന്ത്രിസഭ പിന്നാക്ക, മുസ്ലിം ന്യൂനപക്ഷ, അവശക്രൈസ്തവ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ, ഉദ്യോഗ സംവരണം ഏർപ്പെടുത്തുന്നതിനെതിരെ നിലപാടെടുത്തപ്പോൾ പത്രാധിപർ നടത്തിയ ഉജ്ജ്വലമായ പോരാട്ടം കേരളചരിത്രത്തിൽ തങ്കലിപികളിൽ ചേർത്തിരിക്കുന്ന ഏടാണ്. സാമ്പത്തിക സംവരണം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത് ഇ.എം.എസ് ആയിരുന്നു. മുഖ്യമന്ത്രി അദ്ധ്യക്ഷനായി മുന്നാക്കക്കാർ മാത്രം ഉൾപ്പെടുന്ന ഏഴംഗ ഭരണപരിഷ്കാര കമ്മിറ്റി, മുന്തിയ സർക്കാർ ഉദ്യോഗങ്ങളിൽ സാമുദായിക സംവരണം പാടില്ലെന്നു ശുപാർശ ചെയ്തിരുന്നു. സംവരണം ഏർപ്പെടുത്തിയാൽ ജനങ്ങളിൽ ജാതിചിന്ത ഉണരുമെന്നും ഭരണത്തിന്റെ കാര്യക്ഷമത തകരുമെന്നുമൊക്കെയാണ് സമിതി അന്ന് ചൂണ്ടിക്കാട്ടിയത്.
1958ൽ ഗുരുദേവ സമാധി ദിനത്തിൽ കുളത്തൂർ ശ്രീനാരായണ വായനശാലയിൽ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട് വേദിയിലിരിക്കെ കെ.സുകുമാരൻ ഇതിനു നൽകിയ മറുപടിയാണ് കുളത്തൂർ പ്രസംഗം എന്ന പേരിൽ ചരിത്രത്തിൽ ഇടംപിടിച്ചത്. കമ്മിറ്റിയിലെ അംഗങ്ങളുടെ പേരെടുത്തു പറഞ്ഞ്, ഇങ്ങനെയൊരു റിപ്പോർട്ടിന്റെ അടിയിൽ ആദ്യത്തെ ഒപ്പിട്ടത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ നയിക്കുന്ന നമ്പൂതിരിപ്പാടാണെന്നു തനിക്ക് വിശ്വസിക്കാനാവില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക സംവരണമെന്ന ആപ്പിന്റെ ഉഗ്രമായ അറ്റം ശ്രീനാരായണ ശിഷ്യന്മാരുടെ അണ്ണാക്കിൽ അതിസമർത്ഥമായി അടിച്ചു കയറ്റിയിരിക്കുന്നു എന്ന് പത്രാധിപർ മുഖ്യമന്ത്രിയെ നോക്കി ഗർജിച്ചു. പ്രസംഗം മുഴുവൻ അക്ഷോഭ്യനായി കേട്ടിരുന്ന മുഖ്യമന്ത്രി യാതൊന്നും പ്രതികരിക്കാതെ സ്ഥലംവിട്ടു. പിന്നീട് ഈ റിപ്പോർട്ട് സർക്കാർ തള്ളി. സാമ്പത്തിക സംവരണവാദം ഉയർത്തി ഇ.എം.എസ് പിന്നീട് രംഗത്തു വന്നപ്പോഴൊക്കെ 'കെ. സുകുമാരന്റെ പ്രസിദ്ധമായ കുളത്തൂർ പ്രസംഗം" എന്ന് നിന്ദാസൂചകമായി പരാമർശിച്ച് ആത്മസംതൃപ്തി അടഞ്ഞിട്ടുണ്ട്.
സംസ്ഥാനത്തെ പിന്നാക്ക, മുസ്ളിം ന്യൂനപക്ഷ, അവശ ക്രൈസ്തവ വിഭാഗങ്ങൾ ഇന്നും വിദ്യാഭ്യാസ, ഉദ്യോഗസംവരണം അനുഭവിക്കുന്നത് പത്രാധിപർ അന്ന് ഇ.എം.എസിനെ തീപാറുന്ന വാക്കുകളിലൂടെ കീഴടക്കിയതു കൊണ്ടാണ്. വലിയൊരു ജനവിഭാഗത്തെ മോചനത്തിലേക്കു നയിച്ചത് സംവരണമാണ്. കേരളം കൈവരിച്ച പുരോഗതിയുടെ ചാലകശക്തിയായി ഇതു മാറുകയും ചെയ്തു. കേരളത്തിലെ പിന്നാക്ക ജന വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന്റെ മാഗ്നകാർട്ടയായി കുളത്തൂർ പ്രസംഗം ചരിത്രത്തിൽ സ്ഥാനം നേടി. സംവരണത്തിനു ഭീഷണി ഉയർന്ന സന്ദർഭങ്ങളിലൊക്കെ കേരള കൗമുദി, കുളത്തൂർ പ്രസംഗം പുനഃ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗാന്ധിയനായ പത്രാധിപർ രാഷ്ട്രീയരംഗത്തും സാഹിത്യ, സാംസ്കാരിക, സാമുദായിക മണ്ഡലങ്ങളിലും കഴിവും പ്രാപ്തിയും സ്വഭാവശുദ്ധിയുമുള്ള ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ചിരുന്നു. മതമോ, രാഷ്ട്രീയമോ ഒന്നും പരിഗണിക്കാത്ത കലർപ്പില്ലാത്ത പരിഗണനയായിരുന്നു അത്. കേരളകൗമുദിയുടെ പ്രോത്സാഹനവും സ്നേഹവും എനിക്ക് എന്നും ലഭിച്ചിട്ടുണ്ട്. കെ. സുകുമാരൻ പ്രത്യക്ഷത്തിൽ ഒരു കോൺഗ്രസുകാരനായിരുന്നില്ല എന്നാണു ഞാൻ മനസിലാക്കിയിട്ടുള്ളത്. എന്നാൽ അദ്ദേഹം മരണം വരെ ഗാന്ധിത്തൊപ്പി അണിഞ്ഞിരുന്നു. ഗാന്ധിയനായ പത്രാധിപരായിരുന്നു അദ്ദേഹം. ഗാന്ധിജി അദ്ദേഹത്തിനു കെടാവിളാക്കായിരുന്നു. ഗാന്ധിത്തൊപ്പി ധരിച്ച മറ്റൊരു പത്രാധിപർ സ്വാതന്ത്ര്യസമരസേനാനിയും ഇസ്ലാമിക പണ്ഡിതനും സാമൂഹിക പരിഷ്കർത്താവും അൽ അമീൻ പത്രത്തിന്റെ മുഖ്യപത്രാധിപരുമായിരുന്ന ഇ.മൊയ്തു മൗലവിയാണ്.
മറ്റെല്ലാ മുഖ്യധാരാ പത്രങ്ങളിൽ നിന്നും വിഭിന്നമായി കേരള കൗമുദിയുടെ മാസ്റ്റ് ഹെഡിൽ 'ഫൗണ്ടർ എഡിറ്റർ കെ. സുകുമാരൻ ബി.എ" എന്ന് എഴുതിയിരിക്കുന്നതു കാണാം. സ്ഥാപക പത്രാധിപരെ ദിവസവും സ്മരിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്ന ഏക പത്രവും കേരളകൗമുദിയാണ്. പച്ചമലയാളത്തിൽ മാത്രം എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുള്ള കെ.സുകുമാരനെ ഫൗണ്ടർ എഡിറ്റർ എന്നതിനു പകരം 'സ്ഥാപക പത്രാധിപർ എന്നോ പത്രാധിപർ "എന്നോ മലയാളത്തിൽ തന്നെ വിശേഷിപ്പിക്കണം എന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു.
( ലേഖകൻ കെ.പി.സി.സി അദ്ധ്യക്ഷനാണ് )