pepper-spray

പല രാജ്യങ്ങളിലും പെപ്പർ സ്‌പ്രേ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാൽ ഇന്ത്യയിൽ സ്വയം രക്ഷയ്ക്ക് വേണ്ടി ഇത് കൈയിൽ കരുതുന്നത് കുറ്റകരമല്ല. രാത്രി സ്ത്രീകൾക്ക് ഒറ്റയ്ക്ക് പുറത്ത് പോകേണ്ടി വരുന്ന സാഹചര്യത്തിലും മറ്റും അക്രമികളിൽ നിന്ന് രക്ഷനേടാൻ ഒരു പരിധിവരെ പെപ്പർ സ്‌പ്രേ സഹായിക്കും.

എന്നാൽ അക്രമിക്കാൻ വരുന്നവർ നമുക്ക് നേരെ പെപ്പർ സ്‌പ്രേ പ്രയോഗിച്ചാലോ?​ അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്നത്. പട്ടാപ്പകൽ കോട്ടയം നഗരമദ്ധ്യത്തിലെ കൊറിയർ സ്ഥാപനത്തിനുള്ളിൽ ജീവനക്കാർക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച രണ്ടംഗ അക്രമി സംഘം ഒരു ലക്ഷത്തോളം രൂപ കവർന്നു.

ഇത്തരത്തിൽ പെപ്പർ സ്‌പ്രേ മുഖത്ത് വീണാൽ പച്ചവെള്ളത്തിൽ മുഖം കഴുകുകയാണ് നമ്മൾ ആദ്യം ചെയ്യുക. എന്നാൽ ഇങ്ങനെ ചെയ്യരുതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്. സോപ്പ് ലായനിയിൽ 15 സെക്കന്റുകൾ മുഖം കഴുകി നല്ല തുണി ഉപയോഗിച്ച് മുഖം തുടയ്ക്കാനാണ് വിദഗ്ധർ പറയുന്നത്. എന്നിട്ടും പൊള്ളലുള്ളതായി തോന്നിയാൽ വീണ്ടും മുഖം കഴുകണം.

നമ്മൾ കരുതുന്നത് പോലെ പെപ്പർ സ്‌പ്രേയിലുള്ളത് കുരുമുളകല്ല. മുളക് ചെടികളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന 'കാപ്സൈസിൻ' എന്ന രാസപദാർത്ഥമാണ് ഇതിലുള്ള പ്രധാന ഘടകം. കുഴമ്പ് രൂപത്തിലാക്കിയ ഈ ദ്രാവകത്തിൽ വെള്ളം ചേർത്ത് ക്യാനുകളിലാക്കി മർദ്ദം ചെലുത്തിയാണ് പെപ്പർ സ്‌പ്രേ ഉണ്ടാക്കുന്നത്.