കൊച്ചി: മരടിലെ ഫ്ലാറ്റുകളുടെ നിർമാതാക്കൾ തങ്ങളെ ബോധപൂർവം കബളിപ്പിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തി ആൽഫാ വെഞ്ച്വേഴ്‌സ് ഫ്ലാറ്റ് ഉടമ. ആധാരം തയാറാക്കി പണമെല്ലാം അടച്ച ശേഷമാണ് ഫ്ലാറ്റുമായി ബന്ധപ്പെട്ട കേസിനെ കുറിച്ച് അറിഞ്ഞതെന്ന് ഫ്ലാറ്റ് ഉടമ ബാലചന്ദ്രൻ പറഞ്ഞു. ആൽഫാ വെഞ്ച്വേഴ്‌സ് അപ്പാർട്മെന്റിലെ മറ്റ് ഫ്ലാറ്റുടമകൾക്കും ഉടമസ്ഥാവകാശം തെളിയിക്കുന്ന പൊസഷൻ സർട്ടിഫിക്കറ്റ് ലഭിച്ചില്ലെന്നും ഒക്യുപെൻസി സർട്ടിഫിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ എന്നും ബാലചന്ദ്രൻ പറയുന്നു.
'ഞങ്ങൾ ഫ്ലാറ്റ് വാങ്ങിക്കാനായി എഗ്രിമെന്റ് എഴുതുന്നത് 2006ലാണ്. അത് കഴിഞ്ഞ് ഡോക്യൂമെന്റസ് എല്ലാം എക്സിക്യൂട്ട് ചെയ്തുകഴിഞ്ഞ് ആധാരമെല്ലാം രജിസ്റ്റർ ചെയ്തുകഴിഞ്ഞ് ഞങ്ങൾ ഫ്‌ളാറ്റിലേക്ക് മൂവ് ഇൻ ചെയുന്നത് 2012ലാണ്. അപ്പോൾ ഞങ്ങൾ മുനിസിപ്പാലിറ്റിയോട് ചോദിച്ചപ്പോൾ ഒക്യുപെൻസി സർട്ടിഫിക്കറ്റ് അവർ തന്നു. അതനുസരിച്ച് ബിൽഡറിന്റെ പേരിൽ നിന്നും ഡോക്യുമെന്റസ് ഞങ്ങളുടെ പേരിലേക്ക് മാറിക്കിട്ടി. പൊസഷൻ സർട്ടിഫിക്കറ്റ് എന്ന പേരിൽ ഒരു സർട്ടിഫിക്കറ്റ് ഉണ്ട്. ഈ സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായി ഞങ്ങൾ ചെന്നപ്പോഴാണ് ഒരു കേസുണ്ട്, അതുകൊണ്ട് സർട്ടിഫിക്കറ്റ് തരാൻ കഴിയില്ല എന്നവർ പറയുന്നത്.' തങ്ങൾ കബളിക്കപ്പെട്ടതിനെ കുറിച്ച് ബാലചന്ദ്രൻ പറയുന്നു.
അതേസമയം ഫ്ളാറ്റുകളിൽ നഗരസഭാ അധികൃതർ ഇന്നലെ വീണ്ടും നോട്ടീസ് പതിച്ചു. പുനരധിവാസം ആവശ്യമുള്ളവർ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് അപേക്ഷ നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. അപേക്ഷ നൽകാത്തപക്ഷം പുനരധിവാസം ആവശ്യമില്ലെന്ന നിഗമനത്തിൽ ഫ്ളാറ്റ് പൊളിക്കലിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പുമുണ്ട്. അഞ്ച് ദിവസത്തിനുള്ളിൽ ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ട് സെപ്തംബർ 10ന് നൽകിയ നോട്ടീസിന്റെ കാലാവധി ഞായറാഴ്ച തീർന്നിരുന്നു. മരട് ഫ്ളാറ്റ് വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സംസ്ഥാനത്തെ 17 എം.പിമാർ കത്ത് അയച്ചിട്ടുണ്ട്. അതേസമയം മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ താൽപര്യമറിയിച്ച് 13 കമ്പനികൾ രംഗത്ത് വന്നിട്ടുണ്ട്. ഫ്ലാറ്റ് പൊളിക്കാൻ മുൻസിപ്പാലിറ്റി ഓൺലൈൻവഴി അപേക്ഷ ക്ഷണിച്ചിരുന്നു.