ചെന്നൈ: ഏറ്റുമുട്ടൽ വിഗദ്ധനായ പൊലീസുകാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഏഴുപേരെ വിവാഹംകഴിക്കുകയും ആറോളം സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്ത നാൽപ്പത്തിരണ്ടുകാരനെ പൊലീസ് അറസ്റ്റുചെയ്തു. തിരിപ്പൂർ സ്വദേശി രാജേഷ് പൃഥി എന്നയാളാണ് പിടിയിലായത്. ഏഴാംക്ളാസാണ് ഇയാളുടെ വിദ്യാഭ്യാസയോഗ്യത. ടെലിമാർക്കറ്റിംഗ് കമ്പനിയുടെ മറവിലാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
സ്ഥാപനത്തിൽ ജോലിക്കെന്നുപറഞ്ഞാണ് ഇയാൾ യുവതികളെ ക്ഷണിക്കുന്നത്. വിശ്വാസംവരാനാണ് യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോ ഇയാൾ കാണിച്ചിരുന്നത്.താൻ ഏറ്റുമുട്ടൽ വിദഗ്ധനാണെന്നും രണ്ടുഗുണ്ടകളെ വെടിവച്ചുവീഴ്ത്തിയെന്നും വച്ചുകാച്ചും. ഏറ്റുമുട്ടലുകൾക്കുശേഷം ജോലി രാജിവച്ചാണ് സ്ഥാപനം തുടങ്ങിയതെന്നും രാജേഷ് പറയുന്നതോടെ ഒട്ടുമിക്കവരും വലയിൽ വീഴും.
പിന്നീട് വിവാഹം ചെയ്ത് ശാരീരികമായുംസാമ്പത്തികമായും ഉപയോഗിക്കുകയായിരുന്നു. സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന പതിനെട്ടുകാരിയുടെ ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് രാജേഷ് പിടിയിലായത്. ആറുപേരെ പീഡിപ്പിച്ചതിനും പണവും ആഭരണങ്ങളും തട്ടിയെടുത്തതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.