ഇസ്ലാമബാദ്: തുടർന്ന് പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കൗമാരപ്രായത്തിലുള്ള തന്റെ ഭാര്യയെ കൊലപ്പെടുത്തി പാകിസ്ഥാനി ഭർത്താവ്. 20 വയസുള്ള അനീഷ് ഖാനാണ് തന്റെ ഭാര്യ സന ഗുളിനെ ആദ്യം മരുന്നുകൾ നൽകി മയക്കിയ ശേഷം വെടിവച്ച് കൊന്നത്. ഫ്രഞ്ച് പൗരനായ അനീഷ് ഫ്രാൻസിലേക്ക് മടങ്ങിപോകാനായ സമയത്താണ് ഭാര്യയുടെ വിദ്യാഭ്യാസത്തിന്റെ കാര്യവുമായി ബന്ധപ്പെട്ട് അവളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുന്നത്. തർക്കം മൂർച്ഛിച്ചപ്പോഴാണ് ഇയാൾ ഭാര്യയുടെ ജീവനെടുക്കുന്നത്.
വിവാഹത്തിന് മുൻപ് തന്നെ ഇക്കാര്യത്തെ ചൊല്ലി ഇവർ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. ഭാര്യയെ പഠിക്കാൻ വിടാൻ താത്പര്യമില്ലാതിരുന്ന അനീഷിനെ തുടക്കത്തിൽ ഇരുവരുടെയും ബന്ധുക്കൾ ചേർന്നാണ് സമാധാനിപ്പിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ ശേഷം ഇരുവർക്കുമിടയിൽ ഇക്കാര്യത്തെ ചൊല്ലി വീണ്ടും പ്രശ്നങ്ങൾ ഉടലെടുക്കുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം പാകിസ്ഥാൻ വിടാനൊരുങ്ങിയ അനീഷിനെ തടയാൻ പൊലീസ് ശ്രമം നടത്തിയിരുന്നു. ഇക്കാര്യം സംബന്ധിച്ച് പാകിസ്ഥാനിലെ വിമാത്താവളങ്ങൾക്കും പൊലീസ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അറസ്റ്റിൽ നിന്നും രക്ഷപെട്ട് ഇയാൾ രാജ്യം വിട്ടുവെന്നാണ് സനയുടെ ബന്ധുക്കൾ പറയുന്നത്.
മകളുടെ തുടർന്ന് പഠിക്കുന്നതിൽ അവളുടെ ഭർത്താവിന് അതൃപ്തി ഉണ്ടായിരുന്നു എന്ന് അറിയാമായിരുന്നുവെങ്കിലും അത് ഇത്തരത്തിൽ കലാശിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് സനയുടെ അച്ഛൻ ഹസ്രത് ഹുസൈൻ വികാരാധീനനായി പ്രതികരിച്ചു. പഠിക്കുന്ന സമയത്ത് മികച്ച വിദ്യാർത്ഥി എന്ന പേരുകേട്ടയാളാണ് സന ഗുൾ. ഇതിന്റെ പേരിൽ നിരവധി അംഗീകാരങ്ങളും സനയെ തേടിയെത്തിയിരുന്നു. മകളുടെ ഉപരിപഠനത്തിനായി സുഹൃത്തിൽ നിന്നും ഒരു ലക്ഷം കടം വാങ്ങിയിരുന്ന സമയത്താണ് അതീവ നിർഭാഗ്യകരമായ ഈ സംഭവം ഉണ്ടാകുന്നത്.