നായകനായും വില്ലനായും മലയാള സിനിമയിൽ നാലുപതിറ്റാണ്ടുകാലം നിറഞ്ഞു നിന്ന നടൻ. എൺപതുകളിലെ ഹിറ്റ് ചിത്രങ്ങളിൽ തിളങ്ങി. മലയാളത്തിൽ മാത്രമല്ല തമിഴ്-തെലുങ്ക് ഭാഷകളിലും അഭിനയ മികവ് കാഴ്ചവച്ചു. ബെൻസ് വാസു, ഈ നാട്, ശരപഞ്ചരം, അവളുടെ രാവുകൾ,അനാവരണം, പറയാൻ ബാക്കിവച്ചത് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിലെത്തി. മലയാള സിനിമയിൽ നിന്ന് മാത്രമല്ല ജീവിതത്തിന്റെ തിരശീലയ്ക്കു പിന്നിൽപോയി മറഞ്ഞിരിക്കുകയാണ് സത്താർ എന്ന മഹാനടനിന്ന്.
വില്ലനായി വന്ന് പേരെടുത്ത് മലയാള സിനിമയിൽ നിന്ന് തന്നെ തന്റെ ജീവിത സഖിയെ കണ്ടെത്തിയ ആളും കൂടിയാണ് സത്താർ. സത്താറും ജയഭാരതിയും എന്ന് ചേർത്ത് പറയുന്ന പ്രേക്ഷകർ ഇപ്പോഴും മലയാളത്തിലുണ്ട്. വിവാഹമോചിതരായിട്ടും ആരെയും പഴിചാരാതെ അഭിമുഖങ്ങളിലെല്ലാം ജയഭാരതിയെപ്പറ്റി സത്താർ ബഹുമാനത്തോട് കൂടിയേ സംസാരിച്ചിട്ടുള്ളൂ. എന്നാൽ തന്റെ ജയഭാരതിയുമായുള്ള വിവാഹം തന്റെ ജീവിതത്തിൽ പ്രതികൂലമായി ബാധിച്ചെന്ന് സത്താർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം നായകനായി നിശ്ചയിച്ചിരുന്ന വേഷങ്ങളിൽ പോലും തന്നെ പലരും ഒഴിവാക്കിയെന്നും സത്താർ വ്യക്തമാക്കിയിരുന്നു.
സത്താറിന്റെ വാക്കുകൾ ഇങ്ങനെ, ജയഭാരതിയുമായുള്ള വിവാഹം തന്റെ ജീവിതത്തിൽ പ്രതികൂലമായി ബാധിച്ചുണ്ടെന്ന് തോന്നുന്നു. അക്കാര്യത്തിൽ പലതരം എതിർപ്പും നേരിട്ടുണ്ട്. നായകനായി അഭിനയിക്കാനിരുന്ന വേഷങ്ങളിൽ പോലും തന്നെ നീക്കം ചെയ്തു.