ജീവിതത്തിൽ മികച്ച ഇടപാടുകളാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ, ഇടപാടുകൾ സൃഷ്ടിക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ ഉപഭോക്താവ് എല്ലാത്തരത്തിലും നിങ്ങളുമായി പ്രണയത്തിലാവുന്ന രീതിയിലായിരിക്കണം നിങ്ങൾ സ്ഥിതി ചെയ്യേണ്ടത്. ഇതൊരു തന്ത്രമൊന്നുമല്ല. അങ്ങനെയുള്ള ഇടപാട് ആവശ്യമെങ്കിൽ തീർച്ചയായും നടന്നിരിക്കും; നിങ്ങളിരുവർക്കും അതിന്റെ ആവശ്യമില്ലെങ്കിൽ, നടക്കുകയുമില്ല. വ്യവഹാരം രണ്ടുപേരുടെയും ക്ഷേമത്തിനായുള്ളതാണെങ്കിൽ, അത് രണ്ടു കൂട്ടർക്കും ആവശ്യമുള്ളതായിരിക്കണം. ലോകത്ത് ജീവിതമാരംഭിച്ചാൽ, ഇടപാടുകൾ ഉണ്ടായിക്കൊണ്ടേയിരിക്കും. ചിലത് വ്യക്തിപരമാണെങ്കിൽ മറ്റുള്ളവ വ്യത്യസ്തമായിരിക്കാം. അവയെല്ലാം നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുമുണ്ടാകും. നിങ്ങൾ ഒരു മിനിറ്റ് ടാക്സി ഡ്രൈവറോട് സംസാരിച്ചാലും നിങ്ങളുടെ ബോസിനോട് സംസാരിച്ചാലും നിങ്ങളുടെ ഉപഭോക്താവിനോടോ ഭർത്താവിനോടോ ഭാര്യയോടോ അതല്ല കുട്ടികളോടോ ആരോടായാലും , എല്ലാ സംസർഗങ്ങളും നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. പ്രശ്നമെന്തെന്നാൽ നിങ്ങൾ ഇതിലേതെങ്കിലും ഒന്നിനെ മറ്റെല്ലാത്തിനും മുകളിലായി കാണുന്നു. നിങ്ങൾ ഏതെങ്കിലുമൊന്നുമായി കൂടുതലും മറ്റുള്ളവയുമായി കുറച്ചും പങ്കാളിയാകുന്നു. പക്ഷെ അതങ്ങനെ പ്രവർത്തിക്കുകയില്ല. ഇവയെല്ലാം നിങ്ങളുടെ ഫലപ്രദമായ ജീവിതത്തിന് ആവശ്യമാണ്.
നിങ്ങൾ എന്തുകൊണ്ട് എല്ലാ സാഹചര്യവുമായും പ്രണയത്തിലാവുന്നില്ല? നിങ്ങൾ സാഹചര്യങ്ങളുമായി പ്രണയത്തിലാവുക, അങ്ങനെ പറ്റില്ലേ ? അങ്ങനെയായിരിക്കണം. അപ്പോൾ ജോലി അനായാസമാകും. പ്രണയബന്ധം എന്താണ്? ഉപാധികളില്ലാത്ത ഒരു ഇടപെടലാണ് അതെന്ന് മാത്രമല്ല ആവശ്യമായതെല്ലാം തന്നെ നിങ്ങൾ ചെയ്യാനും തയാറാകുന്നു. നിങ്ങൾക്ക് അത്രത്തോളം മുഴുകാനുള്ള കഴിവില്ലെങ്കിൽ, മറ്റേയാളിൽ നിന്ന് ഏറ്റവും മികച്ചത് ലഭ്യമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കും. അതായത് നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും മൂഢനായ വ്യക്തിയെ കണ്ടുമുട്ടണം. ബുദ്ധിമാന്മാർ ഒരിക്കലും നിങ്ങളുടെ മൂഢമായ ഇടപെടൽ അനുവദിക്കില്ല.
നിങ്ങളെക്കാൾ ബുദ്ധിമാനായ ഒരാളെ നിങ്ങൾ കണ്ടുമുട്ടിയാൽ ആ ഇടപാട് നിങ്ങളുടെ നേട്ടത്തിലേക്ക് വരാൻ സാദ്ധ്യതയൊന്നുമില്ല. പങ്കാളിത്തത്തിൽ നിന്ന് രണ്ടു പേർക്കും നേട്ടമുണ്ടാകുന്നതെങ്ങനെ എന്ന് ചിന്തിച്ച് പ്രവർത്തിക്കുകയും, അതിനായി പൂർണമായും സമർപ്പിക്കുകയും ചെയ്തു നോക്കിയാൽ, സാദ്ധ്യമാവുമ്പോഴെല്ലാം അത്തരത്തിലുള്ള പങ്കാളിത്തം ഫലം കാണും. ഇടപാടുകൾ, വിപണി സാഹചര്യം, സാമ്പത്തിക സാഹചര്യം, ലോകസാഹചര്യം, എന്നിങ്ങനെ പല നിബന്ധനകൾക്കും വിധേയമാണ് എന്നത് ശരിയാണ്, എങ്കിലും നിങ്ങൾ നിങ്ങളുടെ ആന്തരിക സ്വഭാവത്തെ സന്തോഷത്തോടെ, ശരിയായി നിലനിറുത്തി, നിങ്ങൾക്ക് കഴിയാവുന്നതിൽ മികച്ചത് ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ കഴിവിനനുസരിച്ച് സംഭവിക്കേണ്ടത് സംഭവിച്ചിരിക്കും. ചെയ്യാൻ കഴിയാത്തവ നിങ്ങളെത്ര തലപുകച്ചാലും സംഭവിക്കില്ല. എങ്കിലും കുഴപ്പമില്ല, എന്തും ചെയ്യാവുന്ന അമാനുഷികാനൊന്നും ആകേണ്ടതില്ല. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യാതിരിക്കുമ്പോഴാണ് കുഴപ്പം; അപ്പോളാണ് നിങ്ങൾ പരാജയപ്പെടുന്നത്. അതിനാൽ ഇടപാടുകൾ ഒഴിവാക്കുന്നതിനെക്കുറിച്ചോ പുതിയ ഇടപാടുകൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചോ വേവലാതിപ്പെടാതിരിക്കുക. സ്വയം സമർപ്പിക്കാൻ പഠിക്കുക; അതാണ് നിങ്ങൾക്ക് എല്ലാ സാഹചര്യങ്ങളോടും ചെയ്യാൻ പറ്റുന്ന ഏറ്റവും മികച്ച കാര്യം. അപ്പോൾ സ്വാഭാവികമായും ആളുകൾ അവർക്കാവശ്യമുള്ളത് സ്വീകരിച്ചോളും.