മലയാള ചലച്ചിത്ര ഗാനരചയിതാവും കവിയുമായ ബിച്ചു തിരുമലയ്ക്ക് ഗാനശാഖയിലെത്തിയ ശേഷം ഗായകരിൽ ഏറ്റവും അടുത്ത ബന്ധം യേശുദാസുമായായിരുന്നു. തരംഗിണി പുറത്തിറക്കിയ കാസെറ്റുകൾക്ക് വേണ്ടിയുള്ള ഗാനരചനയും അതിനൊരു കാരണമായെന്നും അദ്ദേഹം പറയുന്നു. സംഗീതസംവിധായകൻ രവീന്ദ്രനൊപ്പം പ്രവർത്തിച്ച, തരംഗിണിയുടെ രണ്ടാമത്തെ കസെറ്റിലാണ്, ഏറെ ആസ്വദിക്കപ്പെട്ട മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ.. എന്ന ലളിതഗാനം ഉൾപ്പെട്ടത്. കുട്ടിക്കാലത്ത് തിരുമല കുശക്കോട് മഹാദേവ ക്ഷേത്രത്തിൽ അച്ഛനൊപ്പം പോകുന്ന പതിവുണ്ടായിരുന്നു.
അന്ന് ക്ഷേത്രപ്രദക്ഷിണം നടത്തി പ്രാർത്ഥിച്ചതിന്റെ ഓർമ്മകളിലേക്കുള്ള പിൻ നടത്തമായിരുന്നു ശങ്കരധ്യാനപ്രകാരം ജപിച്ചു ഞാൻ അമ്പലം ചുറ്റുന്ന നേരം എന്ന ലളിതഗാനം. കണ്ണൂർ രാജനാണ് അതിസുന്ദരമായി ആ ഗാനത്തിന് ഈണമിട്ടത്. ബാബുരാജ് മുതൽ ഇങ്ങോട്ടുള്ള ഒട്ടുമിക്ക സംഗീതസംവിധായകർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ടെങ്കിലും തന്റെ ഏറ്റവും കൂടുതൽ പാട്ടുകൾക്ക് ഈണം നൽകിയത് ശ്യാമായിരുന്നു.
അസാധാരണ പ്രതിഭയായിരുന്നു അദ്ദേഹം. തുടക്കകാലത്തെ മറ്റൊരു പ്രധാന കൂട്ടുകെട്ട് എ.ടി.ഉമ്മറും. സംഗീതവിസ്മയമായ എ.ആർ.റഹ്മാൻ മലയാളത്തിൽ സംഗീതസംവിധാനം നിർവഹിച്ച ഒരേയൊരു ചിത്രം ' യോദ്ധാ"ആണ്. അതിൽ ബിച്ചു രചിച്ച 'പടകാളി ചണ്ടി ചങ്കരിപോർക്കലി മാർഗിനി "എന്ന പ്രസിദ്ധമായ പാട്ടുമത്സരഗാനം ഇപ്പോഴും ആസ്വാദകർക്കും പ്രിയപ്പെട്ടതാണ്. ഒരു യാത്രയ്ക്കിടെ തമിഴ്നാട്ടിലെ പഴഞ്ചിറ എന്ന സ്ഥലത്തുവച്ച് ബസ് ബ്രേക്ക് ഡൗണായി.
കിട്ടിയ ഇടവേളയിൽ ആ സ്ഥലത്തുകൂടി അൽപം നടന്നപ്പോൾ ഭക്ഷണത്തിനായി ഒരു ഹോട്ടലിൽ കയറി-ഹോട്ടലിന്റെ പേര് 'പഴംതമിഴ് ". കൗതുകമുള്ളതിനാൽ ആ പേർ അപ്പോഴേ മനസിൽ കോറിയിട്ടു. വർഷങ്ങൾക്ക് ശേഷം ഫാസിലിന്റെ 'മണിച്ചിത്രത്താഴി" ന് വേണ്ടി എഴുതാനിരിക്കുമ്പോൾ പഴയ ആ സ്ഥലവും ഹോട്ടലും മനസിൽ തെളിഞ്ഞു. അങ്ങനെ ഹോട്ടലിന്റെ പേരെടുത്ത് പാട്ടിൽ പ്രയോഗിച്ചു-പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തമ്പുരു...എന്ന പാട്ടു പിറന്നു.