central-government

ന്യൂഡൽഹി: എൻ.ജി.ഒകൾക്ക് വിദേശത്തുനിന്നും ധനസഹായം ലഭിക്കുന്നതിനായി ജീവനക്കാരും ഉദ്യോഗസ്ഥരും മതപരിവർത്തനത്തിന് വിചാരണ ചെയ്യപ്പെട്ടിട്ടില്ലെന്നും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും പ്രഖ്യാപിക്കണമെന്ന് കേന്ദ്രം. ഇക്കാര്യം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് 2011ലെ വിദേശ സംഭാവനാ നിയന്ത്രണ(റെഗുലേഷൻ) നിയമങ്ങളിൽ കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്തിയത്. പുതുക്കിയ ചട്ടങ്ങൾ പ്രകാരം വ്യക്തികൾ ഒരു ലക്ഷം രൂപ വരെയുള്ള പാരിതോഷികങ്ങൾ സർക്കാരിനെ അറിയിക്കേണ്ടതില്ല. മുൻപ് 25,000 രൂപ വരെ ലഭിക്കുന്ന പാരിതോഷികങ്ങൾ പ്രഖ്യാപിക്കണമായിരുന്നു.

മാത്രമല്ല മതംമാറ്റം നടത്തി എന്ന കുറ്റത്തിനോ സാമുദായിക സംഘർഷം സൃഷ്ടിച്ചതിനോ സന്നദ്ധസംഘടനയിലെ പ്രവർത്തകരും ജീവനക്കാരും വിചാരണയോ ശിക്ഷയോ നേരിട്ടവർ ആകാൻ പാടില്ല. മുൻപ് ഇത് പ്രഖ്യാപിക്കേണ്ടിയിരുന്നത് എൻ.ജി.ഒ ഡയറക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും മാത്രമായിരുന്നു. മാത്രമല്ല വിദേശ ഫണ്ടുകൾ തിരിച്ചുവിടുന്നതിലോ, രാജ്യദ്രോഹം, അക്രമാസക്തമായ മാർഗങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിലോ ഇവർ(എല്ലാ ജീവനക്കാരും) പങ്കെടുത്തിരിക്കാനും പാടില്ല. ഇക്കാര്യങ്ങളെല്ലാം കേന്ദ്ര സർക്കാരിനോട് പ്രഖ്യാപിക്കേണ്ടതാണ്.

എൻ.ജി.ഒ അംഗങ്ങൾ വിദേശ സന്ദർശനം നടത്തുന്നതിനിടെ ചികിത്സാസംബന്ധമായ എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാൽ വിദേശത്ത് നിന്നും ലഭിച്ച ആതിഥ്യത്തെക്കുറിച്ച് സർക്കാരിനെ ഒരു മാസത്തിനുള്ളിൽ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇതുകൂടാതെ വിദേശത്ത് നിന്നും എത്ര ഫണ്ട് ലഭിച്ചു, ഫണ്ടിന്റെ ഇന്ത്യൻ രൂപയിലെ മൂല്യം എത്ര, പണം എന്തിനായി ഉപയോഗിച്ചു എന്നീ കാര്യങ്ങളെല്ലാം കേന്ദ്ര സർക്കാരിനെ ഒരു മാസത്തിനുള്ളിൽ തന്നെ അറിയിക്കണം.

നേരത്തെ ഈ കാലയളവ് രണ്ട് മാസമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിനിടെ രാജ്യത്തെ എൻ.ജി.ഒകളുടെ പ്രവർത്തനം സംബന്ധിച്ച നിയമങ്ങൾ നരേന്ദ്ര മോദി സർക്കാർ കർശനമാക്കിയിരുന്നു. നിയമങ്ങൾ ലംഘിക്കുന്നുവെന്ന് കണ്ടെത്തി 18,000 എൻ.ജി.ഒകളിൽ നിന്നും സംഭാവന സ്വീകരിക്കാനുള്ള അനുമതിയും കേന്ദ്ര സർക്കാർ റദ്ധാക്കിയിരുന്നു.