ഫ്രഞ്ച് വാഹനനിർമാതാക്കളായ റെനോയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് ക്വിഡിൻെറ ഇലക്ട്രിക് പതിപ്പ് പുറത്തിറങ്ങി. സിറ്റി കെ-ഇസെഡ് ഇ എന്ന പേരിൽ ചൈനയിലാണ് മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റ തവണ ചാർജ് ചെയ്‌താൽ 271 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്തായാലും 200 കിലോ മീറ്റർ വരെ ഒറ്റ ചാർജിൽ സഞ്ചരിക്കാൻ കെ-സെഡ് ഇയ്ക്കാകും.
26.8 കെ.ഡബ്ള്യു.എച്ച് ലിഥിയം അയോൺ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. 43.3 ബി.എച്ച്.പി കരുത്തിലാണ് പുതിയ ക്വിഡ് കുതിച്ചുപായുക. 125 എൻ.എം ആണ് ടോർക്ക്. ക്വിഡ് നിർമ്മിച്ച അതേ സി.എം.എ പ്ലാറ്റ് ഫോമിൽ തന്നെയാവും കെ-സെഡ് ഇയും നിർമിച്ചിരിക്കുന്നത്. എ.സി, ഡി.സി എന്നീ വൈദ്യുതി കണക്ഷനുകളിലെ അതിവേഗ ചാർജിങ് കാറിലെ ബാറ്ററിക്ക് സഹായകമാകും. 6.6 കെ.ഡബ്ള്യു.എച്ച് എ.സി ചാർജർ ഉപയോഗിച്ച് കാറിന്റെ ബാറ്ററി ചെയ്യാൻ നാല് മണിക്കൂർ വരെ എടുക്കും എന്നത് ഒരു ന്യൂനതയാണ്.
അതേസമയം ഡി.സി ചാർജറാണ് ഉപയോഗിക്കുന്നതെങ്കിൽ 30 ശതമാനത്തിൽ 60 ശതമാനത്തിലേക്ക് എത്താൻ വെറും അരണിക്കൂർ മതിയാകും. 4 ജി വൈ-ഫൈ കണക്ടിവിറ്റി, 8 ഇഞ്ചുള്ള ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓൺലൈൻ മ്യൂസിക് എന്നിവ ഈ കാറിൽ നിർമാതാക്കൾ ഘടിപ്പിച്ചിട്ടുണ്ട്. 61,800 യുവാനാണ് ഈ ക്വിഡിൻെറ ബേസ് വേരിയൻറിൻെറ ചൈനയിലെ വില. ഇന്ത്യയിൽ ഇത് ഏകദേശം 6.23 ലക്ഷം രൂപയോളം മാത്രമേ വരുന്നുള്ളൂ. 2022ൽ ക്വിഡ് സിറ്റി കെ-ഇസെഡ് ഇ ഇന്ത്യയിൽ എത്തുമെന്നാണ് വിവരം.