ഇസ്ലമാബാദ്: പാക് ക്രിക്കറ്റ് താരങ്ങളുടെ ആരോഗ്യപരിപാലനത്തിന് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി പുതിയ കോച്ചും ചീഫ് സിലക്ടറുമായ മിസ്ബാ ഉൾ ഹഖ്. ആദ്യ ഘട്ടത്തിൽ ആഭ്യന്തര ടൂർണമെന്റിന് ഇറങ്ങുന്ന താരങ്ങൾക്കും ദേശീയ ക്യാംപിലുള്ളവർക്കുമാണ് നിയന്ത്രണമേർപ്പെടുത്തുന്നത്. ഇവർക്കുള്ള ഭക്ഷണത്തിൽ മധുരവിഭവങ്ങളും ബിരിയാണിയും ഉൾപ്പെടുത്താൻ പാടില്ലെന്ന് കോച്ച് നിർദ്ദേശം നൽകി. ഇതുകൂടാതെ ആരോഗ്യ സംരക്ഷണത്തിനായുള്ള മറ്റ് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ മുൻ ക്യാപ്ടൻ കൂടിയായ കോച്ച് നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ട്.
എണ്ണയിൽ വറുത്ത മാംസവിഭവങ്ങൾ ഒഴിവാക്കണമെന്നാണ് പ്രധാനനിർദ്ദേശം. എന്നാൽ ബാർബിക്യൂ വിഭവങ്ങൾക്ക് ഒരു തരത്തിലുള്ള നിയന്ത്രണവുമില്ല. പഴവർഗങ്ങൾ കൂടുതലായി കഴിക്കണം. ദേശീയ ടീമിലേക്കെത്താൻ മികച്ച ശരീരക്ഷമത വേണമെന്നതിനാലാണ് ഇങ്ങനെയൊരു നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് മിസ്ബ പറഞ്ഞു. പൊതുവെ ജങ്ക് ഫുഡുകളോട് താൽപര്യമുള്ളവരാണ് പാകിസ്ഥാൻ താരങ്ങൾ. പുതിയ കോച്ചിന്റെ ഈ തീരുമാനം പുറത്തുവന്നതോടെ താരങ്ങളുടെ ഭക്ഷണക്രമങ്ങൾ ആകെ മാറ്റിമറിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
43ാം വയസ്സു വരെ രാജ്യാന്തര ക്രിക്കറ്റിൽ സജീവമായിരുന്ന മിസ്ബ, വിരമിക്കൽ പ്രഖ്യാപിച്ച് വെറും രണ്ടു വർഷങ്ങൾക്കുള്ളിലാണ് ദേശീയ ടീം പരിശീലകനായി നിയമിക്കപ്പെട്ടത്. ദേശീയ ടീമിലേക്കു താരങ്ങളെ തിരഞ്ഞെടുക്കുന്ന സിലക്ഷൻ കമ്മിറ്റി ചെയർമാൻ കൂടിയായതിനാൽ ഇരട്ടി കരുത്തോടെയാണ് താരത്തിന്റെ രണ്ടാം വരവ്.