വ്യോമാക്രമങ്ങളെ നേരിടാനുള്ള സാങ്കേതിക സഹായം സൗദി അറേബ്യയ്ക്ക് നൽകാനൊരുങ്ങി റഷ്യ. അമേരിക്കയ്ക്കുള്ള പരിഹാസം എന്നോണം സൗദിക്ക് അത്യാധുനിക വ്യോമപ്രതിരോധ സാങ്കേതിക വിദ്യ നൽകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനാണ് പ്രഖ്യാപനം നടത്തിയത്. അതിനിടെ അമേരിക്കയുടെ വ്യോമപ്രതിരോധ സംവിധാനത്തെ കണക്കിന് കളിയാക്കാനും റഷ്യൻ പ്രസിഡന്റ് മറന്നില്ല. ഹൂതികളുടെ ഡ്രോൺ ആക്രമണങ്ങളിൽ നിന്നും എണ്ണ പ്ലാന്റുകളെയും, നഗരങ്ങളെയും സംരക്ഷിക്കുന്നതിനായി റഷ്യൻ സൈനിക പ്രതിരോധ സംവിധാനങ്ങൾ സൗദി അറേബ്യ വാങ്ങേണ്ടതാണെന്നും പുടിൻ ചൂണ്ടിക്കാണിച്ചു.
തുർക്കിയും, ഇറാനും തങ്ങളിൽ നിന്നും വാങ്ങിയ എസ്-300, എസ്-400 എന്നീ എന്നീ പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് ഓർമപ്പെടുത്തിക്കൊണ്ടായിരുന്നു പുടിന്റെ ഈ നിർദ്ദേശം. റഷ്യയുടെ ഏറ്റവും നൂതനമായ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനം തുർക്കി വാങ്ങിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും ഈ ചുവട് പിടിച്ച് ശക്തമായ തീരുമാനം സൗദി അറേബ്യയും കൈക്കൊള്ളേണ്ടതാണെന്ന് റഷ്യൻ പ്രസിഡന്റ് ചൂണ്ടിക്കാണിച്ചു. ഇത്തരം സംവിധാനങ്ങൾ ഉണ്ടെങ്കിൽ ഏത് വ്യോമാക്രമണത്തെയും പ്രതിരോധിക്കാൻ സൗദി അറേബ്യയയ്ക്ക് സാധിക്കുമെന്നും പുടിൻചൂണ്ടിക്കാട്ടി.
മാദ്ധ്യമപ്രവർത്തകരോടാണ് പുടിൻ ഇക്കാര്യങ്ങൾ പറഞ്ഞത്. സൗദി എണ്ണ പ്ലാന്റുകൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമത്തോട് പ്രതികരിക്കുകയായിരുന്നു പുടിൻ. തുർക്കി പ്രസിഡന്റ് തയിപ്പ് എർദോഗൻ, ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി, പുടിൻ, എന്നിവർ തമ്മിൽ നടന്ന ത്രിരാഷ്ട്ര ചർച്ചയിൽ ഈ സംഭവത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഈ ചർച്ചയിൽ ഇറാൻ-യെമൻ സംഘർഷം കഴിയുന്നത്ര വേഗം അവസാനിപ്പിക്കണമെന്നാണ് മൂന്ന് നേതാക്കളും അഭിപ്രായപ്പെട്ടത്. യെമനുമായുള്ള സൗദിയുടെ സംഘർഷത്തെ സൂചിപ്പിക്കാൻ ഖുറാൻ സൂക്തങ്ങളെയാണ് പുടിൻ കൂട്ടുപിടിച്ചത്. ന്യായമായ ആക്രമണത്തിന്റെ ഏകരൂപം ആത്മരക്ഷയാണെന്നാണ് പുചിൻ പറഞ്ഞത്.