ജയ്പൂർ: ബി.എസ്.പി അദ്ധ്യക്ഷ മായാവതിക്ക് കനത്ത തിരിച്ചടി നൽകി, രാജസ്ഥാനിൽ പാർട്ടിക്ക് ആകെയുള്ള ആറ് എം.എൽ.എമാരും കോൺഗ്രസിൽ ചേർന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എം.എൽ.എമാർ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച രാത്രിനി യമസഭ സ്പീക്കർ സി പി ജോഷിയെ കണ്ട് കോൺഗ്രസിലേയ്ക്ക് മാറുന്നതായി അറിയിക്കുന്ന കത്ത് നൽകി. ഇതോടെ 200 അംഗ സഭയിൽ കോൺഗ്രസിന് 118 (12 സ്വതന്ത്രർ ഉൾപ്പെടെ) അംഗങ്ങളായി. ബി.ജെ.പിക്കെതായ പോരാട്ടത്തിന് ഇത് ശക്തിപകരുമെന്നാണ് വിലയിരുത്തൽ.
രാജേന്ദ്ര ഗുഡ്ഡ (ഉദയ്പൂർവതി), ജോഗേന്ദ്ര സിംഗ് അവാന (നഡ്ബായി), ലഖൻ സിംഗ് മീണാ (കരൗലി), സന്ദീപ് യാദവ് (തിജാരാ), വജീബ് അലി (നഗർ), ദീപ്ചന്ദ് ഖേരിയ (കിഷൻഗർഹ്ബാസ്) എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. വർഗീയ ശക്തികൾക്കെതിരെ പോരാടാനും സംസ്ഥാനത്തിന്റെ വികസനത്തിനും വേണ്ടിയാണിതെന്ന് രാജേന്ദ്ര ഗുഡ്ഡ പറഞ്ഞു. കോൺഗ്രസ് സർക്കാരിന് പുറമെ നിന്ന് പിന്തുണ നൽകി വരികയായിരുന്നു ബി.എസ്.പി.
അതേസമയം എം.എൽ.എമാർ കോൺഗ്രസിലേയ്ക്ക് പോയതിന്റെ രോഷം മായാവതി ട്വിറ്ററിൽ പ്രകടിപ്പിച്ചു. കോൺഗ്രസ് പാർട്ടി ചെയ്തത് കടുത്ത വഞ്ചനയാണെന്നും ബി.എസ്.പി. എം.എൽ.എമാർക്കിടയിൽ വിള്ളലുണ്ടാക്കി അവരെ റാഞ്ചിയെടുത്തതോടെ വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് കോൺഗ്രസ് ഒരിക്കൽക്കൂടി തെളിയിച്ചെന്നും മായാവതി പറഞ്ഞു.
'എതിരാളികൾക്കെതിരെ ശക്തമായി പോരാടുന്നതിന് പകരം പിന്തുണയ്ക്കുന്ന പാർട്ടികളെ ദ്രോഹിക്കുന്നതാണ് കോൺഗ്രസിന്റെ നടപടി. എല്ലായ്‌പ്പോഴും ബി.ആർ. അംബേദ്കറിനെതിരെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരെയും നിലകൊണ്ട പാർട്ടിയാണ് കോൺഗ്രസ്. അതുകൊണ്ടാണ് അംബേദ്കർ നിയമമന്ത്രിസ്ഥാനം രാജിവെച്ചത്. കോൺഗ്രസ് ഒരിക്കലും ഭാരതരത്ന നൽകി അദ്ദേഹത്തെ ആദരിച്ചിട്ടില്ലെന്നത് ദു:ഖകരവും അപമാനകരവുമാണ്' മായാവതി പറഞ്ഞു.
ഭൂരിപക്ഷം നേടി കോൺഗ്രസ്
കേവലഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവാണ് നേരത്തെ കോൺഗ്രസിനുണ്ടായിരുന്നത്. ഇപ്പോൾ ഒറ്റയ്ക്ക് ഭൂരിപക്ഷമായി. ബി.എസ്.പി പാർലമെന്ററി പാർട്ടി ഒന്നാകെ കോൺഗ്രസിൽ ലയിക്കാൻ തീരുമാനിച്ചതോടെ കൂറുമാറ്റത്തിന്റെ പ്രശ്നമില്ല. നവംബറിൽ സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.എസ്.പി എം.എൽ.എമാരുടെ കോൺഗ്രസിലേയ്ക്കുള്ള പോക്ക്.
കഴിഞ്ഞ രാജസ്ഥാൻ നിയമസഭാ തിരഞ്ഞടുപ്പിൽ കോൺഗ്രസ് 100 സീറ്റുകളിൽ വിജയിച്ചിരുന്നു. ബി.എസ്.പിയുടെ 6 എം.എൽ.എമാരുടെയും ആകെയുള്ള 13 സ്വതന്ത്ര എം.എൽ.എമാരിൽ 12 പേരുടെ പിന്തുണയും കോൺഗ്രസിന് ലഭിച്ചിരുന്നു. ഈ 12 സ്വതന്ത്ര എം.എൽഎമാർ ഇക്കഴിഞ്ഞ മാർച്ചിൽ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതോടെ കോൺസിൻ്‌റെ അംഗസംഖ്യ 118 ആയി.