ലോകരാജ്യങ്ങൾ മുഴുവൻ അംഗീകരിക്കുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് ഓരോ ഭാരതീയനും അഭിമാനിക്കാം. ഇതു തന്നെയാണ് നരേന്ദ്രമോദിയോട് ഇന്ത്യൻ ജനതയ്ക്കുള്ള കടപ്പാട്. അതുകൊണ്ട് തന്നെയാണ് 69 ാം ജന്മദിനത്തിലേക്ക് കടക്കുന്ന നരേന്ദ്രമോദിയോട് ഇന്ത്യയിലെ സാധാരണ ജനത അനിതര സാധാരണമായ സ്നേഹവായ്പ് പ്രകടിപ്പിക്കുന്നത്. അദ്ദേഹം എന്നും താഴെക്കിടയിൽ നിൽക്കുന്നവരുടെ കൂടെയായിരുന്നു. അമേരിക്കൻ പ്രസിഡന്റിനോട് ഹൃദയംഗമായ സൗഹൃദം പ്രകടിപ്പിക്കുമ്പോഴും ഇന്ത്യയിലെ ഏറ്റവും സാധാരണക്കാരനായ കർഷകന്റെയും പാവപ്പെട്ട തൊഴിലാളിയുടെയും മനസറിയാനും മോദിക്ക് കഴിയുന്നു.
പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് മോദി കടന്നുവന്നത്. വായിൽ സ്വർണക്കരണ്ടിയുമായല്ല ജനിച്ചത്. വലിയ കുടുംബ പാരമ്പര്യം അദ്ദേഹത്തിന് അവകാശപ്പെടാനില്ലായിരുന്നു. അനുഭാവത്തെക്കാളേറെ എതിർപ്പുകളെ നേരിടേണ്ടി വന്ന ആളാണദ്ദേഹം. ഇത്രമാത്രം ശത്രുതാപരമായ പ്രചാരണത്തിനിരയായ മറ്രൊരു നേതാവുണ്ടോ എന്നത് സംശയമാണ്. എന്നാൽ എല്ലാ എതിർപ്പുകളെയും മറികടക്കാൻ അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന് കഴിഞ്ഞു.
അഞ്ചുവർഷത്തെ ഭരണത്തിന് ശേഷം വീണ്ടും അധികാരത്തിലെത്തുന്ന ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രിയാണ് അദ്ദേഹം. കോൺഗ്രസ് 55 വർഷമാണ് രാജ്യം ഭരിച്ചത്. അവർക്ക് ഇരുസഭകളിലും കേവല ഭൂരിപക്ഷമുണ്ടായിരുന്നു. എന്നാൽ കോൺഗ്രസ് രാജ്യത്തിന് നൽകിയ സംഭാവനകളെക്കാൾ കൂടുതൽ ചെയ്യാൻ കേവലം അഞ്ചുവർഷം കൊണ്ട് നരേന്ദ്രമോദിക്ക് കഴിഞ്ഞു. വാജ്പേയി നിരവധി നല്ല കാര്യങ്ങൾ ചെയ്തിരുന്നു. എന്നാൽ രാജ്യസഭയിൽ ഭൂരിപക്ഷ മില്ലാത്തതുകൊണ്ട് പലതും ചെയ്യാൻ കഴിഞ്ഞില്ല. മോദിയാകട്ടെ വിപ്ലവകരവും പ്രഥമ ദൃഷ്ട്യാ അസാദ്ധ്യവുമായ ഒട്ടേറെ കാര്യങ്ങൾ ജനങ്ങൾക്കും നാടിനുമായി ചെയ്തു. അതുകൊണ്ട് തന്നെയാണ് ആദ്യത്തെക്കാൾ കൂടുതൽ സീറ്റുകൾ നൽകി ജനം അദ്ദേഹത്തിന്റെ പാർട്ടിയെ വീണ്ടും അധികാരത്തിലേറ്രിയത്.
ഒരു രാഷ്ട്രം നൂറ്രാണ്ടുകളിലൂടെ രൂപപ്പെട്ടതാണ്. അതിന് നൂറുകണക്കിന് വർഷങ്ങളുടെ ചരിത്രം പറയാനുണ്ട്. അഞ്ചുവർഷം ഒരു രാജ്യചരിത്രത്തിൽ വളരെ ചെറിയ കാലാവധിയാണ്. എന്നാൽ ഈ കാലയളവിനുള്ളിൽ രാജ്യത്തിന്റെ യാത്രയുടെ ഗതിമാറ്റുന്ന നടപടികളാണ് അദ്ദേഹം കൈക്കൊണ്ടത്. കാശ്മീരിന്റെ പ്രത്യേകാവകാശം എടുത്തു കളഞ്ഞതു തന്നെ വലിയ കാര്യമാണ്. സ്വതന്ത്ര്യത്തിന് ശേഷം 41,000 പേരാണ് ഭീകരവാദത്താൽ കാശ്മീരിൽ മരിച്ചു വീണത്. ഭരണഘടനയിലെ 370, 35(എ ) വകുപ്പുകൾ നമ്മുടെ നാടിന്റെ അഖണ്ഡതയ്ക്ക് വിഘാതമാണെന്ന് പലർക്കും അറിയാവുന്നതായിരുന്നു. എന്നാൽ പൂച്ചയ്ക്കാര് മണികെട്ടും എന്നതായിരുന്നു പ്രശ്നം. ആ ദൗത്യമാണ് പ്രധാനമന്ത്രി ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ അനുകൂലികൾക്ക് പോലും ഇത്ര എളുപ്പത്തിൽ മോദിക്ക് ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നില്ല.
തന്റെ ആദ്യത്തെ അഞ്ച് വർഷക്കാലത്തും നിരവധി ജനോപകാരപ്രദമായ പദ്ധതികളാണ് അദ്ദേഹം നടപ്പിലാക്കിയത്. കള്ളപ്പണം നിയന്ത്രിക്കാനും സമ്പദ് വ്യവസ്ഥയെ ശരിയായ ദിശയിലേക്ക് കൊണ്ടുവരാനും നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കി. അങ്ങേയറ്രം നിശ്ചയദാർഢ്യവും ജനങ്ങൾക്ക് വിശ്വാസവുമുള്ള ഒരു നേതൃത്വത്തിനേ നോട്ടുനിരോധനം പോലുള്ള നടപടികൾ നടപ്പിലാക്കാൻ കഴിയുകയുള്ളൂ. രാജ്യത്തിനകത്ത് സമാന്തര സമ്പദ് വ്യവസ്ഥയായി മാറിയ കള്ളപ്പണക്കാർക്ക് കിട്ടിയ ഏറ്രവും വലിയ അടിയായിരുന്നു അത്. ഇതുപോലെ തന്നെയാണ് രാജ്യത്തെ ഒരു ഏകീകൃത നികുതി സമ്പ്രദായത്തിലേക്ക് കൊണ്ടുവരുന്ന ജി.എസ്. ടി നടപ്പിലാക്കിയതും. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് മുസ്ളിം സ്ത്രീകളോട് അങ്ങേയറ്രത്തെ അനീതി കാണിക്കുന്ന മുത്തലാക്ക് നിരോധിച്ചതും ക്രിമിനൽ കുറ്രമാക്കിയതും. അത് ഒരു ചെറിയ കാര്യമല്ല.
ഭീകര പ്രവർത്തനത്തെ തടയാനും ഭീകരവാദവിരുദ്ധ നിയമത്തിലെ പഴുതുകളടയ്ക്കാനും യു.എ.പി.എ നിയമം ഭേദഗതി ചെയ്തതും ഒ.ബി.സി കമ്മിഷനു ഭരണഘടനാ പദവി നൽകിയതും സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ ചോർന്നു പോകാതെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിച്ചതും കോടിക്കണക്കിന് പേർക്ക് ആശ്വാസമായി. ജനധൻ യോജന, ചെറുകിട വ്യാപാരികൾക്ക് പെൻഷൻ, കാർഷികോത്പന്നങ്ങൾക്ക് താങ്ങുവില ഉയർത്തൽ, കർഷകർക്ക് സഹായ ധനം, എല്ലാവർക്കും വീട്, വൈദ്യുതി, ഗ്യാസ് തുടങ്ങി നിരവധി പദ്ധതികളും മോദിയുടെ വകയായിരുന്നു. ഇതോടൊപ്പം അന്താരാഷ്ട്ര രംഗത്തും തലയെടുപ്പോടെ മോദി നിന്നു. വൻശക്തികളുൾപ്പെടെ നിരവധി രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിക്കുകയും സർജിക്കൽ സ്ട്രൈക്ക് പോലുള്ള നടപടികളിലൂടെ പാകിസ്ഥാന് കനത്ത മുന്നറിയിപ്പ് നൽകുകയും ചെയ്തത് മോദിയാണ്. രാജ്യത്തെ നയിക്കുന്നതോടൊപ്പം മറ്റുള്ളവർക്ക് പ്രേരണയും പ്രചോദനവും നൽകാൻ കഴിയുന്നു എന്നതാണ് മോദിജിയുടെ മറ്രൊരു പ്രത്യേകത. അതിർത്തിയിൽ പ്രതികൂല കാലാവസ്ഥയിൽ നാടിന് വേണ്ടി പോരാടുന്ന പട്ടാളക്കാരനും മണ്ണിൽ സ്വർണം വിളയിക്കുന്ന കർഷകനും സാധാരണക്കാരനായ സ്കൂൾ വിദ്യാർത്ഥിക്കും പ്രചോദനം നൽകാൻ മോദിക്ക് കഴിയുന്നു.
അടിമുടി ദേശീയ വാദിയാണ് നരേന്ദ്രമോദിജി. ഇന്ത്യയുടെ പാരമ്പര്യത്തിൽ നിന്നും പൈതൃകത്തിൽ നിന്നും പ്രചോദനം തേടുമ്പോഴും യാഥാസ്ഥിതികത്വം അദ്ദേഹത്തെ തൊട്ടുതീണ്ടുന്നില്ല. അടിമുടി ആധുനികനാണ് അദ്ദേഹം. ശാസ്ത്രീയ നേട്ടങ്ങളെയും സാങ്കേതിക വിദ്യയെയും നാടിന്റെയും സമൂഹത്തിന്റെയും നേട്ടത്തിനായി ഉപയോഗപ്പെടുത്താൻ അദ്ദേഹം യത്നിക്കുന്നു.
പുതിയ ലോകത്തിനായുള്ള അദ്ദേഹത്തിന്റെ ദീർഘദൃഷ്ടിയും ധിഷണയുമാണ് മോദിയുടെ മറ്രൊരു പ്രത്യേകത. ഇതോടൊപ്പം സാധാരണ പാർട്ടി പ്രവർത്തകരോട് ഹൃദയം തുറക്കാനും സ്നേഹം പങ്കുവയ്ക്കാനും അദ്ദേഹത്തിന് കഴിയുന്നു. കേരളത്തിലെ ബി.ജെ.പി പ്രവർത്തകരോടും ഇവിടത്തെ ജനതയോടും ഒരു പ്രത്യേക സ്നേഹം അദ്ദേഹം എന്നും വച്ചുപുലർത്തിയിട്ടുണ്ട്. ഞാൻ അഞ്ച് തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോൾ അവസാനത്തേതിന് ഒഴികെ ബാക്കി നാലിനും അദ്ദേഹം പ്രചാരണത്തിനെത്തിയിരുന്നു എന്നത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. 18 വർഷം മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുതൽ കേരളത്തിലുടനീളം അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാനും പ്രസംഗം വിവർത്തനം ചെയ്യാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് പിറന്നാളാശംസകൾ നേരുന്നു.
( ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ)