salve

ന്യൂഡൽഹി: രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക തകർച്ചയ്‌ക്ക് കാരണം സുപ്രീംകോടതിയുടെ ചില വിധികളാണെന്നും 2012ൽ ടുജി സ്‌പെക്ട്രം കേസിലെ വിധിയാണ് സാമ്പത്തിക തകർച്ചയ്‌ക്ക് തുടക്കമിട്ടതെന്നും ഉന്നത അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായ ഹരീഷ് സാൽവെ ആരോപിച്ചു.

'ലീഫ്‌ലെറ്റ്' എന്ന നിയമ വെബ്‌സൈറ്റിന് വേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിംഗിന് നൽകിയ അഭിമുഖത്തിലാണ് സാൽവെയുടെ ആരോപണം.സ്പെക്‌ട്രം കേസിൽ പതിനൊന്ന് ടെലികോം കമ്പനികളുടെ അഭിഭാഷകനായിരുന്നു സാൽവെ.

നിയമപരമല്ലെന്ന് പറഞ്ഞ് ഒറ്റയടിക്ക് 122 സ്‌പെക്ട്രം ലൈസൻസുകളാണ് സുപ്രീംകോടതി റദ്ദാക്കിയത്. അതു രാജ്യത്തെ ടെലികോം വ്യവസായം തകർത്തു. സുപ്രീംകോടതിയെ ഇക്കാര്യത്തിൽ ഞാൻ വ്യക്തമായും കുറ്റപ്പെടുത്തുന്നു. ടു ജി ലൈസൻസുകൾ അനധികൃതമായി നേടിയവരുണ്ടാകാം. ലൈസൻസ് ഒന്നടങ്കം റദ്ദാക്കിയപ്പോൾ നിക്ഷേപം നടത്തിയ വിദേശികൾ ഉൾപ്പെടെയുള്ളവർക്കു നഷ്ടമുണ്ടായി. വിദേശികൾക്ക് നിക്ഷേപം നടത്താൻ ഇന്ത്യൻ പങ്കാളി വേണമെന്നത് ഇന്ത്യൻ നിയമമാണ്. ഇന്ത്യൻ പങ്കാളിക്ക് എങ്ങനെയാണ് ലൈസൻസ് കിട്ടിയതെന്നത് വിദേശനിക്ഷേപകർ അറിയണമെന്നില്ല. കോടിക്കണക്കിനു ഡോളറാണു വിദേശികൾ നിക്ഷേപിച്ചത്. പേനയെടുത്ത് സുപ്രീംകോടതി കടുംവെട്ട് വെട്ടിയപ്പോൾ അതെല്ലാം ഇല്ലാതായി. അന്നു തൊട്ടാണ് സമ്പദ് രംഗത്തിന്റെ തകർച്ച തുടങ്ങിയത്.

വാണിജ്യ മാനങ്ങളുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സുപ്രീംകോടതിക്ക് ഒട്ടും സ്ഥിരതയില്ല. ഇത് നിക്ഷേപകർക്കിടയിൽ ആശങ്കയുണ്ടാക്കി.

2014ആഗസ്റ്റിൽ കൽക്കരി ഖനി അഴിമതി കേസിൽ 1993 മുതൽ 2011 വരെയുള്ള 218 ഖനിലൈസൻസുകൾ അനധികൃതമാണെന്ന് സുപ്രീം കോടതി വിധിച്ചു. അക്കൊല്ലം സെപ്‌റ്റംബറിൽ നാലെണ്ണം ഒഴിച്ച് എല്ലാ ലൈസൻസുകളും കോടതി റദ്ദാക്കി. കൽക്കരി വ്യവസായത്തിലെ വിദേശ നിക്ഷേപം നഷ്ടപ്പെട്ടു. അതോടെ ഇൻഡോനേഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിയമങ്ങൾ ലളിതമാക്കി നിക്ഷേപകരെ അവിടേക്ക് ആകർഷിച്ചു. അവർ കൽക്കരിയുടെ വില കുറച്ചു. അതോടെ നമ്മൾ കൽക്കരി ഇറക്കുമതി ചെയ്യാൻ തുടങ്ങി.

ജോലിയില്ലാതെ ലക്ഷക്കണക്കിന് മനുഷ്യരാണ് രാജ്യത്തുള്ളത്. ഇന്ത്യയിലെ കൽക്കരി ഖനികൾ പലതും അടഞ്ഞു കിടക്കുകയാണ്. നമ്മൾ കൽക്കരി ഇറക്കുമതി ചെയ്യുന്നത് സമ്പദ് വ്യവസ്ഥയിൽ സമ്മർദ്ദമുണ്ടാക്കും. സുപ്രീംകോടതി വിധി കാരണം രാജ്യത്തിന്റെ ജി.ഡി.പി ഒരു ശതമാനത്തിലധികം കുറഞ്ഞു. ഗോവയിലെ ഇരുമ്പയിര് ഖനനത്തിനുള്ള അനുമതി സുപ്രീംകോടതി റദ്ദാക്കിയതും മണ്ടത്തരമാണ്. പ്രതിമാസം 1500 കോടിയോളം രൂപയാണു സംസ്ഥാനത്തിനു നഷ്ടപ്പെട്ടത്.

 നോട്ടുനിരോധനം മോശമല്ല

നോട്ട് നിരോധിച്ചത് തെറ്റായ കാര്യമല്ലെന്നും നടപ്പാക്കിയ രീതി പാളിപ്പോയെന്നും കുറഞ്ഞ കാലത്തേക്കെങ്കിലും സാമ്പത്തിക മേഖലയിൽ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നും സാൽവെ പറഞ്ഞു.