തിരുവനന്തപുരം : മരടിലെ ഫ്ളാറ്റുകൾ പൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ സർക്കാർ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും. വിഷയം ചർച്ച ചെയ്യാൻ ചേർന്ന സർവകക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഫ്ലാറ്റിനെ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ സുപ്രീംകോടതിയെ ബോദ്ധ്യപ്പെടുത്താൻ എന്തെല്ലാം നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.
ചെയ്യാത്ത തെറ്റിനാണ് സർക്കാർ പ്രതിയാക്കപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു.
മുഖ്യമന്ത്റിയുടെ നേതൃത്വത്തിൽ ഡൽഹിയിലേക്ക് സർവകക്ഷി സംഘത്തെ അയച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം മരടിലെ ഫ്ളാറ്റ് ഉടമകളെ പുനരധിവസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഫ്ളാറ്റ് നിർമ്മാതാക്കളാണ് നിയമലംഘനം നടത്തിയത്. അവരെക്കൊണ്ട് തന്നെ പുനരധിവാസത്തിനുള്ള നടപടി എടുപ്പിക്കണമെന്നും കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.
ഫ്ളാറ്റ് നിർമ്മാതാക്കൾ, ഇതിന് അനുമതി നൽകിയ ഉദ്യോഗസ്ഥർ ഇവർക്കെതിരെയെല്ലാം നടപടി സ്വീകരിക്കണമെന്ന് ആർ.എസ്.പി ആവശ്യപ്പെട്ടു. ഫ്ളാറ്റ് നിർമ്മാതാക്കളിൽ നിന്നും നഷ്ടം ഈടാക്കണം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഇത്തരത്തിലുള്ള നിയമലംഘനം പരിഹരിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളരുതെന്നും ആർ.എസ്.പി അഭിപ്രായപ്പെട്ടു.
ഫ്ളാറ്റ് പൊളിക്കാൻ കോടതി അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിലാണ് യോഗം വിളിച്ചത്. പ്രതിപക്ഷ നേതാവുമായി കൂടിയാലോചിക്കാതെ യോഗത്തിെന്റ ദിവസവും സമയവും തീരുമാനിച്ചത് വിവാദമായിരുന്നു