അഹമ്മദാബാദ്: 69 അടി നീളമുള്ള കൂറ്റൻ കേക്ക് മുറിച്ചും പ്രത്യേക പൂജകൾ നടത്തിയും സോഷ്യൽമീഡിയയിൽ ഹാഷ് ടാഗുകൾ സൃഷ്ടിച്ചുമൊക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69ാം ജന്മദിനം അണികളും ആരാധകരും രാജ്യമെങ്ങും ഉത്സവമാക്കിയപ്പോൾ മോദി പതിവ് തെറ്റിക്കാതെ ഗാന്ധിനഗറിലെ വീട്ടിൽ അമ്മ ഹീരാബെന്നിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി. 98 വയസായ അമ്മയ്ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം അമ്മയുടെ കാൽതൊട്ട് വണങ്ങി 501 രൂപ കൈനീട്ടവും വാങ്ങിയാണ് മോദി മടങ്ങിയത്. സർദാർ സരോവർ അണക്കെട്ടിൽ ഗുജറാത്ത് സർക്കാർ സംഘടിപ്പിച്ച 'നമാമി ദേവി നർമ്മദാ' മഹോത്സവത്തിൽ പങ്കെടുത്ത അദ്ദേഹം സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമയും സന്ദർശിച്ചു
കേവാദിയ ശലഭോദ്യാനം സന്ദർശിച്ച് മോദി ശലഭങ്ങളെ പറത്തിവിട്ടു. കെവാദിയയിലെ നിരവധി സ്ഥലങ്ങളും ഖൽവാനി എക്കോ ടൂറിസം സൈറ്റും കള്ളിച്ചെടി ഉദ്യാനവും സന്ദർശിച്ചു.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, രാഹുൽ ഗാന്ധി, മമതാബാനർജി തുടങ്ങി നിരവധി പ്രമുഖർ മോദിക്ക് പിറന്നാൾ ആശംസകൾ നേർന്നു.
ഭീമൻ കേക്കും സ്വർണ കിരീടവും
ന്യൂഡൽഹിയിൽ ഇന്ത്യാ ഗേറ്റിൽ ബി.ജെ.പി പ്രവർത്തകർ അർദ്ധരാത്രിയിൽ ആർട്ടികൾ 370, 35 എ എന്നിങ്ങനെ എഴുതിയ ഭീമൻ കേക്ക് മുറിച്ചാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിച്ചത്. ഭോപ്പാലിൽ പ്രവർത്തകർ 69 അടി നീളമുള്ള കേക്ക് മുറിച്ചു. വാരാണസിയിൽ നിന്ന് അരവിന്ദ് സിംഗ് 1.25 കിലോയുടെ സ്വർണകിരീടം മോദിയുടെ പേരിൽ സങ്കട് മോചൻ ക്ഷേത്രത്തിലെ ഹനുമാന് സമർപ്പിച്ചു. മോദിയുടെ ജൻമദിനം 'സേവാ സപ്താഹ്' എന്ന പേരിൽ സേവനവാരമായാണ് ബി.ജെ.പി ആഘോഷിക്കുന്നത്.
മോദിയുടെ ഭാര്യ യെശോദ ബെൻ പശ്ചിമ ബംഗാളിലെ കല്യാണേശ്വരി ക്ഷേത്രത്തിൽ അദ്ദേഹത്തിനായി പ്രത്യേക പ്രാർത്ഥനകൾ നടത്തി.